ഗ്രീൻഫീൽഡ് ഹൈവേ: പദ്ധതി എപ്പോൾ നടക്കുമെന്ന് വ്യക്തമാക്കണമെന്ന് ആവശ്യം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
പുനലൂർ ∙ ഗ്രീൻഫീൽഡ് ഹൈവേ കടന്നുപോകുന്ന പ്രദേശത്തെ സംബന്ധിച്ച ആദ്യ വിജ്ഞാപനം റദ്ദു ചെയ്ത പശ്ചാത്തലത്തിൽ പദ്ധതി ഏതു കാലയളവിൽ നടക്കുമെന്ന് വ്യക്തമാക്കണമെന്നും ഈ ഭാഗത്തുള്ളവർക്കു വസ്തു വിൽക്കുന്നതിന് സാധിക്കുന്നില്ലെന്നും വീട് വയ്ക്കുന്നതിന് പഞ്ചായത്ത് പെർമിറ്റ് നൽകുന്നില്ലെന്നും ഈ പ്രശ്നം പരിഹരിക്കണമെന്നും താലൂക്ക് വികസന സമിതി യോഗത്തിൽ ആവശ്യം. തെന്മല ഡാമിന്റെ സംഭരണശേഷി കുറഞ്ഞിരിക്കുന്നതിനാൽ മണൽ നീക്കം ചെയ്തു തെക്കൻ ജില്ലകളിലെ നിർമാണ മേഖലയ്ക്കായി ഉപയോഗിക്കണമെന്നും ഒപ്പം എക്കലും ചെളിയും നീക്കംചെയ്യണമെന്നും ആവശ്യം ഉയർന്നു.
പലതവണ ഇതു സംബന്ധിച്ചു പഠനം നടത്തിയതിന്റെ റിപ്പോർട്ട് സർക്കാരിൽ സമർപ്പിച്ചിട്ടുണ്ടെന്നും ഇനി തീരുമാനമാണു വേണ്ടതെന്നും കെഐപി അധികൃതർ പറഞ്ഞു. താലൂക്ക് ആശുപത്രിയിൽ കൂടുതൽ ഡോക്ടർമാരെ നിയമിച്ച് അത്യാഹിത വിഭാഗത്തിന്റെയും ഒപി വിഭാഗത്തിന്റെയും പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കണെമന്നും ആവശ്യം ഉയർന്നു.ശ്രീരാമവർമപുരം മാർക്കറ്റിൽ നിന്ന് ഒഴിപ്പിക്കുന്ന വ്യാപാരികളുടെ പുനരധിവാസം ഉറപ്പാക്കണം എന്നും അംഗങ്ങൾ ആവശ്യപ്പെട്ടു.
തെന്മല പഞ്ചായത്തിലെ അണ്ടൂർപച്ച ഏലായിൽ വ്യാപകമായി കൃഷിനാശം ഉണ്ടാകുന്നതിനു കാരണം തോട് കരകവിഞ്ഞ് ഒഴുകുന്നതാണെന്നും അതിനാൽ തോടിനു സംരക്ഷണഭിത്തി നിർമിച്ച് ഇവിടം സംരക്ഷിക്കണമെന്നും ആവശ്യം ഉയർന്നു. കാർഷിക മേഖലയുമായി ബന്ധപ്പെട്ട ഒട്ടേറെ വിഷയങ്ങൾ ചർച്ച ചെയ്യേണ്ട സമിതിയിൽ കൃഷിവകുപ്പിന്റെ പ്രതിനിധികൾ എത്താത്തതിനെപ്പറ്റിയും ആരോപണം ഉയർന്നു. റെയിൽവേ പുറമ്പോക്കിൽ താമസിക്കുന്നവർക്കു പട്ടയം അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് റെയിൽവേ, വനം, റവന്യൂ വകുപ്പുകൾ സംയുക്തമായി നടത്തിയ സർവേയുടെ വിവരങ്ങൾ ലഭ്യമാക്കണമെന്നും ആവശ്യം ഉയർന്നു. എൻ.കെ.പ്രേമചന്ദ്രൻ എംപിയുടെ പ്രതിനിധി എം.നാസർ ഖാനാണ് ഈ ആവശ്യം ഉന്നയിച്ചത്.
താലൂക്ക്തല വകുപ്പു മേധാവികൾ തന്നെ സമിതിയിൽ പങ്കെടുക്കണമെന്ന് അംഗങ്ങൾ ആവശ്യപ്പെട്ടു.വന്യമൃഗ ശല്യം പരിഹരിക്കുന്നതിനായി 2 ദ്രുതകർമ സേന യൂണിറ്റുകളെ നിയോഗിച്ചതായി വനം വകുപ്പ് ഉദ്യോഗസ്ഥർ സമിതിയെ അറിയിച്ചു.ആര്യങ്കാവ് ശാസ്താ ക്ഷേത്രത്തിനു സമീപത്തുള്ള പൊലീസ് ഔട്ട്പോസ്റ്റിൽ കൂടുതൽ പൊലീസുകാരെ നിയമിച്ച് ദേശീയപാതയിലെ പരിശോധന കൂടുതൽ ശക്തമാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്ന് പി.എസ്.സുപാൽ എംഎൽഎയുടെ പ്രതിനിധി ബി.അജയൻ ആവശ്യപ്പെട്ടു.
പുനലൂർ കെഎസ്ആർടിസി ഡിപ്പോ, തൂക്കുപാലം ഭാഗങ്ങളിൽ വർധിച്ചുവരുന്ന സാമൂഹിക വിരുദ്ധ ശല്യം പരിശോധിക്കണമെന്നും ലഹരി വിരുദ്ധ സ്ക്വാഡുകളുടെ പ്രവർത്തനം കാര്യക്ഷമമാക്കുവാനും പൊലീസ്, എക്സൈസ് വകുപ്പുകൾ ജാഗ്രത പാലിക്കാനും സമിതി നിർദേശിച്ചു. യോഗത്തിൽ അഞ്ചൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.നൗഷാദ് അധ്യക്ഷനായി. സമിതിയിലെ മുതിർന്ന ജോബോയ് പെരേര, തഹസിൽദാർ അജിത്ത് ജോയി, രാഷ്ട്രീയകാര്യ സ്ഥിരം സമിതി അംഗങ്ങൾ, വിവിധ താലൂക്ക്തല ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.