
ചാത്തന്നൂരിലെ കടകളിൽ ‘വെള്ളപ്പൊക്കം’; നടപടി ഇല്ലെങ്കിൽ സമരമെന്ന് വ്യാപാരികൾ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ചാത്തന്നൂർ ∙ കഴിഞ്ഞ ദിവസം പെയ്ത മഴയിൽ കടകളിൽ വെള്ളം കയറി നാശം ഉണ്ടായിട്ടും തിരിഞ്ഞു നോക്കാതെ അധികൃതർ. വെള്ളപ്പൊക്കം ഒഴിവാക്കാൻ നടപടി ഇല്ലെങ്കിൽ വ്യാപാര സ്ഥാപനങ്ങൾ പൂട്ടി സമരം ആരംഭിക്കുമെന്നു വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് ഭാരവാഹികൾ അറിയിച്ചു.ഹൈസ്കൂൾ ജംക്ഷൻ, അർബൻ ബാങ്കിനു കിഴക്കു വശത്തെ നിരവധി വ്യാപാര സ്ഥാപനങ്ങളിൽ വെള്ളം കയറി. മൂന്ന് ആഴ്ചയ്ക്കിടെ രണ്ടാം തവണയാണ് വെള്ളപ്പൊക്കക്കെടുതി ഉണ്ടാകുന്നത്.വെള്ളി രാത്രി പെയ്ത കനത്ത മഴയിൽ കടകളിൽ ചെളി നിറഞ്ഞ വെള്ളം ഇരച്ചു കയറിയത് വ്യാപാരികളെ വലച്ചു. കടകളിലെ ഒട്ടേറെ സാധനങ്ങൾ നശിച്ചു. ഫ്രിജ്, ഫോട്ടോസ്റ്റാറ്റ് മെഷീൻ തുടങ്ങിയവയ്ക്ക് കേടുപാടുകളുണ്ടായി . ഇന്നലെ രാവിലെ വളരെ ബുദ്ധിമുട്ടിയാണ് കടകൾ ശുചീകരിച്ചത്.ദേശീയപാത നിർമാണത്തെ തുടർന്ന് അടിക്കടി വെള്ളപ്പൊക്ക കെടുതി ഉണ്ടായിട്ടും ജനപ്രതിനിധികൾ, എൻഎച്ച്, പൊതുമരാമത്ത്, പഞ്ചായത്ത് അധികൃതർ തിരിഞ്ഞു നോക്കിയല്ലെന്നും വ്യാപാരികൾ പറയുന്നു.
എൻഎച്ച് നിർമാണത്തെ തുടർന്നുള്ള കെടുതികളിൽ വ്യാപാരികളും പാതയുടെ സമീപത്തെ വീട്ടുകാരും വലയുകയാണ്. പോസ്റ്റ് ഓഫിസിനു സമീപം കടകളിലും വീടുകളിലും കയറാനും ഇറങ്ങാനും കഴിയാത്ത അവസ്ഥയാണ്.ഒട്ടേറെ കടകൾ അടച്ചുപൂട്ടി. ചാത്തന്നൂരിൽ ഒരു വർഷം മുൻപ് ആരംഭിച്ച മേൽപാത നിർമാണം അനന്തമായി നീളുകയാണ്. ഇടറോഡുകളിലൂടെ വലിയ തോതിൽ ഒഴുകി വരുന്ന മഴ വെള്ളം ഓടയിലേക്കു ഇറങ്ങുന്നതിനു മാർഗം ഇല്ലാത്ത അവസ്ഥയാണ്. മഴ പെയ്താൽ എൻഎച്ച് ഉൾപ്പെടെ മുങ്ങി ഗതാഗതം തടസ്സപ്പെടുകയാണ്.ദേശീയപാതയിൽ മുക്കട അടിപ്പാതയിലും വെള്ളക്കെട്ട്. സർവീസ് റോഡിനെക്കാൾ താഴ്ന്നു കിടക്കുന്നതിനാൽ മഴ പെയ്താൽ അടിപ്പാത ദിവസങ്ങളോളം വെള്ളത്തിലാകും. ഇരുചക്ര വാഹനങ്ങൾക്കും, കാൽനടയാത്രക്കാർക്കും സഞ്ചരിക്കാൻ ബുദ്ധിമുട്ടാണ്.അടിപ്പാത കോൺക്രീറ്റ് ചെയ്തു സർവീസ് റോഡുമായുള്ള നിരപ്പ് വ്യത്യാസം ഒഴിവാക്കിയാൽ വെള്ളക്കെട്ടിനു പരിഹാരം ഉണ്ടാകും. എന്നാൽ അധികൃതർ മൗനത്തിലാണ്.