പുത്തൂർ ∙ കുളക്കട പഞ്ചായത്തിലെ ആറ്റുവാശേരി കിഴക്ക് വാർഡിലെ 58–ാം നമ്പർ അങ്കണവാടിയുടെ സ്മാർട്ട് കെട്ടിടത്തിന്റെ പേരിനെച്ചൊല്ലിയുള്ള വിവാദത്തെ തുടർന്ന് ഉദ്ഘാടനച്ചടങ്ങ് ബഹിഷ്കരിച്ച് പഞ്ചായത്ത് ഭരണനേതൃത്വവും എൽഡിഎഫും.
എന്നാൽ മുൻകൂട്ടി തീരുമാനിച്ചതു പോലെ ഉദ്ഘാടനം ആഘോഷമാക്കി വാർഡംഗത്തിന്റെ നേതൃത്വത്തിലുള്ള സംഘാടക സമിതി. ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റും എൽഡിഎഫിന്റെ ബ്ലോക്ക്, പഞ്ചായത്ത് അംഗങ്ങളും പങ്കെടുത്തില്ല.
ബിജെപി അംഗങ്ങളും വിട്ടുനിന്നു. ബന്ധപ്പെട്ട
ഉദ്യോഗസ്ഥരും എത്തിയില്ല.
കൊടിക്കുന്നിൽ സുരേഷ് എംപിയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്ന് 16 ലക്ഷം രൂപ ഉപയോഗിച്ചു നിർമിച്ച അങ്കണവാടി കെട്ടിടത്തിനു ‘പ്രിയദർശിനി സ്മാർട്ട് അങ്കണവാടി’ എന്നു പേരിട്ടതാണു പ്രശ്നം. ഉദ്ഘാടനത്തിന്റെ നോട്ടിസ് അടിച്ചു പ്രചരിപ്പിച്ചപ്പോഴൊന്നും പ്രശ്നമുണ്ടായിരുന്നില്ലെന്നു പറയുന്നു. 29ന് പഞ്ചായത്ത് കമ്മിറ്റിയിൽ നോട്ടിസ് നൽകുകയും പ്രസിഡന്റ് തന്നെ എല്ലാ അംഗങ്ങളോടും പങ്കെടുക്കണം എന്നു പറയുകയും ചെയ്തിരുന്നതായി വാർഡംഗം പ്രസാദ് യോഹന്നാൻ പറഞ്ഞു.
എന്നാൽ ഉദ്ഘാടന ദിവസമായ ഇന്നലെ രാവിലെ പഞ്ചായത്ത് സെക്രട്ടറി വിളിച്ച് പ്രിയദർശിനി എന്ന പേരു മാറ്റണം എന്നും അല്ലെങ്കിൽ ഉദ്ഘാടനം മാറ്റിവയ്ക്കണം എന്നും പറയുകയായിരുന്നു.
പരിപാടിയിൽ പങ്കെടുക്കരുതെന്നു പ്രസിഡന്റ് മറ്റ് പഞ്ചായത്തംഗങ്ങളെ അറിയിക്കുകയും ഉദ്ഘാടനം മാറ്റിവച്ചതായി പ്രസിഡന്റ് തന്നെ സമൂഹ മാധ്യമ ഗ്രൂപ്പുകളിലൂടെ അറിയിക്കുകയും ചെയ്തു. തൊട്ടടുത്ത വാർഡിൽ എകെജി സ്മാരക അങ്കണവാടി നിലവിലുണ്ട്.
അതേസമയം പഞ്ചായത്ത് കമ്മിറ്റിയിൽ മുൻകൂട്ടി ചർച്ച ചെയ്യാതെയാണു കെട്ടിടത്തിനു പേരിട്ടതെന്നും അങ്കണവാടികൾ പഞ്ചായത്തിന്റെ അധീനതയിലുള്ള സ്ഥാപനങ്ങളായതിനാൽ ഈ പ്രവണത അനുവദിക്കില്ലെന്നും പ്രസിഡന്റ് സജി കടൂക്കാല പറഞ്ഞു. ഇന്ന് പഞ്ചായത്ത് കമ്മിറ്റി വിളിച്ചു ചേർത്തു പേരു നീക്കം ചെയ്യുന്നതുൾപ്പെടെയുള്ള കാര്യങ്ങൾ ചർച്ച ചെയ്തു തീരുമാനിക്കും എന്നും പ്രസിഡന്റ് വ്യക്തമാക്കി. അതേസമയം ഉദ്ഘാടനച്ചടങ്ങ് ബഹിഷ്കരിച്ച പഞ്ചായത്ത് ഭരണനേതൃത്വവും എൽഡിഎഫും കുട്ടികളോടും രക്ഷിതാക്കളോടും കാട്ടിയത് ക്രൂരതയെന്നു കൊടിക്കുന്നിൽ സുരേഷ് എംപി ആരോപിച്ചു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

