
പാചക വാതക വാൻ മറിഞ്ഞ് ഡീസൽ ചോർന്നു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
പുനലൂർ ∙ ജനവാസ മേഖലയിൽ അങ്കണവാടിക്ക് സമീപം പാചക വാതക സിലിണ്ടറുകൾ കയറ്റിയ പിക്അപ് വാൻ മറിഞ്ഞ് ഡീസൽ ടാങ്ക് പൊട്ടി റോഡിലൂടെ ഒഴുകിയ സംഭവത്തിൽ വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്. ഫയർഫോഴ്സിന്റെയും നാട്ടുകാരുടെയും സമയോചിതമായ ഇടപെടലിനെ തുടർന്നാണ് ദുരന്തത്തിന് തടയിട്ടത്. പുനലൂർ കുതിരച്ചിറ ഗാന്ധി നഗറിന് സമീപമായിരുന്നു അപകടം. നെല്ലിപ്പള്ളിയിലുള്ള ഇൻഡേൻ ഗ്യാസ് ഏജൻസിയുടെ വാഹനമാണ് നിയന്ത്രണം വിട്ട് അപകടത്തിലായത്. ഒരു വീട്ടിൽ സിലിണ്ടർ ഇറക്കാനായി നിർത്തിയ വാഹനം നിയന്ത്രണം വിട്ട് പിന്നിലേക്ക് ഉരുണ്ടിറങ്ങി വീടിന്റെ മതിലിനോട് ചേർന്ന് മറിയുകയായിരുന്നു. ഈ സമയം ഡ്രൈവർ വാഹനത്തിൽ കയറി വാഹനം നിർത്താൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു.
വാഹനത്തിലുണ്ടായിരുന്ന മുപ്പതോളം നിറ സിലിണ്ടറുകളടക്കം തെറിച്ചു വീണു. വാഹനത്തിന്റെ ടാങ്ക് പൊട്ടി ഡീസലും റോഡിൽ പരന്നൊഴുകിയത് ഭീതി പരത്തി. തെറിച്ചുവീണ സിലിണ്ടറുകളിൽ നിന്നും ഗ്യാസ് ചോരാതിരുന്നത് ഭാഗ്യമായി. ഇതിനടുത്തുള്ള അങ്കണവാടിയിൽ കുട്ടികളും രക്ഷിതാക്കളും എത്തിക്കൊണ്ടിരിക്കുന്ന സമയത്തായിരുന്നു അപകടം. സംഭവം അറിഞ്ഞയുടൻ പുനലൂർ പൊലീസും ഫയർഫോഴ്സും സ്ഥലത്തെത്തി രക്ഷാപ്രവർത്തനങ്ങൾ സ്വീകരിച്ചു. സിലിണ്ടറുകൾ സുരക്ഷിതമാണെന്ന് ഉറപ്പാക്കി മറ്റൊരു വാഹനത്തിൽ കൊണ്ടുപോയി.