
കുണ്ടറ ∙ മ്യാൻമറിലെ ചൈനീസ് മനുഷ്യക്കടത്തു സംഘത്തിന്റെ പിടിയിൽനിന്നു രക്ഷപ്പെട്ട കുണ്ടറ സ്വദേശി വിഷ്ണു നാട്ടിൽ തിരിച്ചെത്തി.
കഴിഞ്ഞ ദിവസം രാത്രി 11നാണു വീട്ടിൽ എത്തിയത്. തായ്ലൻഡ് പൊലീസ് ചെന്നൈ വിമാനത്തിൽ കയറ്റി വിടുകയായിരുന്നു.3 മാസത്തിലധികം നീണ്ട
കൊടിയ പീഡനങ്ങളാണു വിഷ്ണുവിന് ഏൽക്കേണ്ടി വന്നത്. കുണ്ടറ 10-ാം വാർഡ് കല്ലുവിള പുത്തൻവീട്ടിൽ ശ്രീനാരായണന്റെയും പരേതയായ പ്രീതയുടെയും മകൻ പി.എസ്.വിഷ്ണു കഴിഞ്ഞ ഏപ്രിലിലാണു മ്യാൻമറിലെ മനുഷ്യക്കടത്ത് സംഘത്തിന്റെ പിടിയിലായത്.
സാമൂഹിക മാധ്യമം വഴി പരിചയപ്പെട്ട കരുനാഗപ്പള്ളിയിലെ ഏജന്റ് വഴിയാണു വിദേശത്തു ജോലിക്കായി പോയത്.
തായ്ലൻഡിൽ എത്തിച്ച ശേഷം വിഷ്ണുവിനെ തട്ടിപ്പുസംഘത്തിനു വിൽക്കുകയായിരുന്നു.
ജോലി തുടങ്ങിയപ്പോഴാണു ടെലി കോളിങ് വഴി ആൾക്കാരെ കബളിപ്പിച്ചു പണം തട്ടുന്ന സംഘമാണെന്നു മനസ്സിലായത്. ഇന്ത്യക്കാരെ മാത്രം ലക്ഷ്യം വച്ചു പ്രവർത്തിക്കുന്ന ചൈനീസ് സംഘമായിരുന്നു ഇത്.
ജോലി ചെയ്യാൻ വിസമ്മതിച്ചതോടെ ഒരു വർഷത്തേക്കു കരാർ ഒപ്പ് ഇട്ടതിനാൽ പണം നൽകിയാൽ മോചിപ്പിക്കാം എന്നു സംഘം അറിയിച്ചു. തുടർന്നാണു പീഡനം ആരംഭിച്ചത്.
അരയ്ക്കൊപ്പം മാത്രം ഉയരമുള്ള ജയിൽ മുറിയിൽ ദിവസങ്ങളോളം പൂട്ടിയിട്ടു. വൈദ്യുതിപ്രഹരം ഏൽപ്പിച്ചും മൗസ് കേബിൾ കൊണ്ട് അടിച്ചും പട്ടിണിക്ക് ഇട്ടും അവർ വിഷ്ണുവിനെ വരുതിയിലാക്കാൻ ശ്രമിച്ചു.
എന്നിട്ടും ജോലിക്കു തയാറാകാത്തതിനെത്തുടർന്നു മോചനദ്രവ്യമായി 5 ലക്ഷം രൂപ വാങ്ങി ജൂലൈ 8നു തട്ടിപ്പുസംഘം വിഷ്ണുവിനെ അതിർത്തി കടത്തി വിടുകയായിരുന്നു.
കയ്യിലുണ്ടായിരുന്ന പണവും ഇവർ തട്ടിയെടുത്തുവെന്നു വിഷ്ണു പറഞ്ഞു. വീസ പുതുക്കുന്നതിനും പണം വാങ്ങിയെങ്കിലും പുതുക്കിയില്ല.
ജൂലൈ 9നു രാവിലെ ബാങ്കോക്കിലേക്ക് ബസിൽ യാത്ര ആരംഭിച്ച വിഷ്ണുവിനെ അതിർത്തി പൊലീസ് പിടികൂടി ഡിറ്റൻഷൻ സെന്ററിലാക്കി.തട്ടിപ്പു സംഘങ്ങളുടെ ചതിയിൽപ്പെട്ട ഇന്ത്യക്കാരടക്കം ഒട്ടേറെ പേർ ബാങ്കോക്കിലെ വിവിധ ജയിലുകളിലുണ്ട് എന്നും വിഷ്ണു പറയുന്നു.
പാക്കിസ്ഥാൻ പൗരന്മാരെ പോലും ആഴ്ചയിൽ രണ്ടും മൂന്നും തവണ അതത് എംബസി അധികൃതരെത്തി മോചിപ്പിക്കുന്നതു കണ്ടു. എന്നാൽ, ഒരു മാസത്തോളം ജയിലിൽ കിടന്നിട്ടും ഇന്ത്യൻ എംബസിയിൽ നിന്ന് ആരും എത്തിയില്ല.
പൊലീസ് ആവശ്യപ്പെട്ട പണവും വീട്ടിൽ നിന്ന് അയച്ചു നൽകിയാണു നാട്ടിലെത്തിയത്.
കരുനാഗപ്പള്ളി പൊലീസിൽ ഏജന്റിനെതിരെ പരാതി നൽകിയിട്ടും സ്വീകരിക്കാൻ തയാറായില്ല.
എസ്പി ഓഫിസിൽ പരാതിയുമായി ചെന്ന ശേഷമാണ് കരുനാഗപ്പള്ളി സിഐ പരാതി സ്വീകരിച്ചതെന്നു ബന്ധുക്കളും ആരോപിച്ചു.വിഷ്ണുവിനെ പി.സി.വിഷ്ണുനാഥ് എംഎൽഎ സന്ദർശിച്ചു. തട്ടിപ്പുസംഘാംഗമായ ഏജന്റിനെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് എംഎൽഎ സർക്കാരിനോട് ആവശ്യപ്പെട്ടു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]