
പത്തനാപുരം മിനി സിവിൽ സ്റ്റേഷൻ രൂപകൽപന: ആദ്യ യോഗം ചേർന്നു
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
പത്തനാപുരം ∙ പുതുതായി നിർമിക്കുന്ന മിനി സിവിൽ സ്റ്റേഷന്റെ രൂപകൽപന തയാറാക്കുന്നതിനുള്ള പ്രാഥമിക യോഗം നടത്തി. പഞ്ചായത്ത് കമ്യൂണിറ്റി ഹാൾ പൊളിച്ചുനീക്കി ആണു 4 കോടി രൂപ ചെലവിൽ സിവിൽ സ്റ്റേഷൻ നിർമിക്കുക. പ്രാഥമികമായി പഞ്ചായത്ത് ഓഫിസ് മാറ്റി സ്ഥാപിക്കുകയെന്ന ലക്ഷ്യത്തോടെയാണു സിവിൽ സ്റ്റേഷൻ നിർമാണം. മന്ത്രി കെ.ബി.ഗണേഷ്കുമാറിന്റെ അധ്യക്ഷതയിൽ പഞ്ചായത്ത് ഓഫിസിൽ നടന്ന യോഗത്തിൽ പഞ്ചായത്ത് പ്രസിഡന്റ് എസ്.തുളസി, വൈസ് പ്രസിഡന്റ് നസീമ ഷാജഹാൻ, സ്ഥിരം സമിതി അധ്യക്ഷൻ എ.ബി.അൻസാർ, പഞ്ചായത്തംഗങ്ങൾ, സെക്രട്ടറി, കൺസൽറ്റൻസി ഡപ്യൂട്ടി ചീഫ് ആർക്കിടെക്ട് ഗിരീഷ്, ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.
2 മാസത്തിനുള്ളിൽ നിർമാണം തുടങ്ങുന്ന രീതിയിൽ നടപടി സ്വീകരിക്കും.കോൺഫറൻസ് ഹാൾ, ലൈബ്രറി, സ്ഥിരം സമിതി അധ്യക്ഷർക്കും പഞ്ചായത്ത് അംഗങ്ങൾക്കും പ്രത്യേകം മുറി, ഓരോ വിഭാഗം പ്രവർത്തിക്കുന്നതിനും പ്രത്യേകം സെക്ഷനുകൾ, ആവശ്യങ്ങളുമായി എത്തുന്നവർക്കു വിശ്രമ മുറി, പാർക്കിങ് സൗകര്യം എന്നിവ അടങ്ങിയതാണു പുതിയ സിവിൽ സ്റ്റേഷൻ. പഞ്ചായത്ത് അനുബന്ധ എല്ലാ ഓഫിസുകളും സ്ഥാപിക്കുന്ന തരത്തിലാകും നിർമാണമെന്നു മന്ത്രി കെ.ബി.ഗണേഷ്കുമാർ പറഞ്ഞു.
അറിയിച്ചില്ല; പ്രതിഷേധം
സിവിൽ സ്റ്റേഷൻ നിർമാണത്തിനായി ചേർന്ന യോഗത്തിൽ പ്രതിപക്ഷ അംഗങ്ങളെ ക്ഷണിച്ചില്ല എന്നാരോപിച്ച് യുഡിഎഫ് അംഗങ്ങളുടെ പ്രതിഷേധം. യോഗം തീർന്ന ഉടൻ പഞ്ചായത്ത് ഓഫിസിനു മുന്നിലെത്തിയ അംഗങ്ങൾ മുദ്രാവാക്യം വിളിച്ചു പ്രതിഷേധിക്കുകയായിരുന്നു. എം.സാജൂഖാൻ, ഫാറൂഖ് മുഹമ്മദ്, എം.എസ്.നിവാസ് എന്നിവരുടെ നേതൃത്വത്തിലാണു പ്രതിഷേധിച്ചത്. പഞ്ചായത്തിലെ ക്രമക്കേടുകൾ മറച്ചുവയ്ക്കുന്നതിന് ആണു പ്രതിപക്ഷത്തെ അവഗണിക്കുന്നത് എന്ന് ഇവർ പറഞ്ഞു.