നിസ്സാരമായ തർക്കങ്ങളും ചെറിയ പ്രകോപനങ്ങളും പോലും ചോരക്കളിയിൽ അവസാനിക്കുന്ന ഭീതിദമായ വാർത്തകളാണ് ചുറ്റും. കഴിഞ്ഞ ദിവസം മുഖത്തല കിഴവൂരിൽ ഉത്സവപ്പറമ്പിൽ ഫ്ലോട്ടിനു മുന്നിൽ നൃത്തം ചെയ്യുന്നതിനിടെ കാലിൽ ചവിട്ടിയതിനു യുവാവിനെ കുത്തിക്കൊന്ന ദാരുണമായ സംഭവം വിരൽചൂണ്ടുന്നത് നമ്മുടെ സാമൂഹിക വ്യവസ്ഥിതിയുടെ പരാജയത്തിലേക്കോ? എന്തുകൊണ്ടാണ് നമ്മുടെ കുട്ടികൾ ഇത്രയേറെ അക്രമാസക്തരാകുന്നത്? ഇത്തരം പ്രവണതകൾക്ക് തടയിടാൻ എങ്ങനെ സാധിക്കും? കാരണങ്ങളെക്കുറിച്ചും പരിഹാരങ്ങളെക്കുറിച്ചുമുള്ള വിദഗ്ധരുടെ പ്രതികരണങ്ങളിലേക്ക്…
സമൂഹത്തിൽ വർധിക്കുന്ന അക്രമവാസനയുടെയും ആത്മനിയന്ത്രണമില്ലായ്മയുടെയും പ്രതിഫലനമാണ് കെട്ടുകാഴ്ചയ്ക്കിടെ കഴിഞ്ഞ ദിവസമുണ്ടായ സംഭവം.
ഒറ്റയ്ക്ക് ചെയ്യാൻ മടിക്കുന്ന കാര്യങ്ങൾ ഒരുകൂട്ടം ആളുകൾക്കൊപ്പം ചേർന്നു ചെയ്യുമ്പോൾ ലഭിക്കുന്ന അപകടകരമായ ധൈര്യമാണ് ഇത്തരത്തിലുള്ള സംഘടിത ആക്രമണങ്ങൾക്ക് (ഗ്രൂപ്പ് അഗ്രഷൻ) പലപ്പോഴും കാരണമാകുന്നത്. ആൾക്കൂട്ടത്തിൽ ഒരാളാകുമ്പോൾ വ്യക്തിത്വ ബോധം നഷ്ടപ്പെടുകയും ഉത്തരവാദിത്തം പങ്കുവയ്ക്കപ്പെടുകയും ചെയ്യുന്നു.
അറിയാതെ ഒരാൾ കാലിൽ ചവിട്ടുന്നതു പോലും സ്വന്തം അസ്ഥിത്വത്തിന് ഏൽക്കുന്ന അപമാനമായിട്ടാണ് ഇത്തരക്കാർ കരുതുന്നത്. ഇത് വളരെ ഗൗരവമായി ചർച്ച ചെയ്യേണ്ടതുണ്ട്. അമിതമായ ദേഷ്യം, അക്രമവാസന എന്നിങ്ങനെ സ്വഭാവ വൈകല്യങ്ങൾ പ്രകടിപ്പിക്കുന്ന കുട്ടികളെ നേരത്തെ കണ്ടെത്താൻ കഴിയണം.
പ്രിയങ്ക പ്രതാപ്, ക്ലിനിക്കൽ സൈക്കോളജിസ്റ്റ്
ലഹരിമരുന്നുകളുടെ വർധിച്ചുവരുന്ന സ്വാധീനം യുവാക്കളുടെ യുക്തിചിന്തയെ നശിപ്പിക്കുകയും നടുറോഡിൽ കുത്തിക്കൊല്ലുന്നതു പോലെയുള്ള ക്രൂരമായ അക്രമങ്ങളിലേക്ക് നയിക്കുകയും ചെയ്യും.
ക്ഷമയില്ലായ്മയും ഡിജിറ്റൽ സ്വാധീനവുമെല്ലാം യുവാക്കളിൽ ‘വയലൻസ്’ വളർത്തുന്നതിന് കാരണമാകുന്നു. ആഗ്രഹിക്കുന്ന കാര്യങ്ങൾ ഉടൻ നടക്കണമെന്ന വാശി കുട്ടികളിൽ വർധിച്ചുവരുന്നു.
ഇതിന് തടസ്സം നിൽക്കുന്നവരോട് ദേഷ്യവും അക്രമസ്വഭാവവും പ്രകടിപ്പിക്കുന്നത് പതിവാകുന്നു. കുട്ടികൾക്ക് മാനസിക വിഷമങ്ങൾ തുറന്നു പറയാൻ കഴിയുന്ന സാഹചര്യം വീട്ടിലും സ്കൂളിലുമുണ്ടാകേണ്ടത് അത്യന്താപേക്ഷിതമാണ്. കുട്ടികളുടെ സ്വഭാവ രൂപീകരണത്തിൽ കുടുംബത്തിനുള്ളതു പോലെ അധ്യാപകർക്കും വലിയ പങ്കുണ്ട്.
നമ്മുടെ കുഞ്ഞുങ്ങളായിത്തന്നെ അവരെക്കണ്ട് അവരുടെ പ്രശ്നങ്ങൾ അറിയാൻ ശ്രമിക്കണം.
എസ്. സബീന, ജില്ലാ പ്രോഗ്രാം ഓഫിസർ, എസ്എസ്കെ
ആശയവിനിമയത്തിനുള്ള കഴിവ്, പ്രശ്നപരിഹാരശേഷി, വൈകാരിക നിയന്ത്രണം, സഹാനുഭൂതി എന്നീ പ്രായോഗിക ഗുണങ്ങളുള്ളവർ ഏതെങ്കിലും തരത്തിലുള്ള ആക്രമണങ്ങൾക്കു മുതിരുന്നതിനു മുൻപ് പലവട്ടം ചിന്തിക്കാറുണ്ട്.
പലപ്പോഴും അമിതമായ സ്ക്രീൻ ഉപയോഗവും വയലൻസ് അടങ്ങിയ സിനിമകളും വിഡിയോ ഗെയിമുകളും കുട്ടികളുടെ സ്വാഭാവികമായ സഹാനുഭൂതി കുറയ്ക്കാൻ കാരണമാകുന്നുണ്ട്. സമ്മർദമുണ്ടാകുമ്പോൾ വൈകാരികമായി പ്രതികരിക്കാതെ ചിന്തിച്ചു പ്രവർത്തിക്കാൻ കുട്ടികളെ പ്രാപ്തരാക്കുന്ന ഒന്നാണ് ജീവിത നൈപുണ്യ വിദ്യാഭ്യാസം.
എല്ലാ സ്കൂളുകളിലും ഇത് നടപ്പാക്കാൻ കഴിയണം. പാഠപുസ്തകത്തിനപ്പുറം സ്നേഹം, സഹാനുഭൂതി, വിട്ടുവീഴ്ചാമനോഭാവം എന്നിവ കുട്ടികളിൽ വളർത്തിയെടുക്കണം.
എൽ.
രഞ്ജിനി, ജില്ലാ ശിശു സംരക്ഷണ ഓഫിസർ
ഉത്സവപ്പറമ്പിൽ ആയുധം കയ്യിൽ കൊണ്ടു നടക്കുക എന്നത് വ്യക്തിത്വ വൈകല്യത്തിന്റെ ഭാഗമാണ്. ഇത്തരം വൈകല്യമുള്ളവരാണ് സംഘടിക്കുമ്പോൾ അക്രമാസക്തരാകുന്നത്.
ഫ്ലോട്ടുകൾക്കിടയിലെ ശബ്ദമുഖരിതമായ അന്തരീക്ഷം (സാധാരണയായി 80 മുതൽ 90 ഡെസിബെൽ വരെ) സ്വയം നിയന്ത്രണ ശേഷിയെ തകരാറിലാക്കുന്നതിനൊപ്പം അക്രമാസക്തമായ പെരുമാറ്റത്തിനുള്ള സാധ്യത വർധിപ്പിക്കുന്നതായും പഠനങ്ങൾ പറയുന്നു. ഡിജെ നടക്കുന്ന സ്ഥലങ്ങളിൽ നിയന്ത്രണം കൊണ്ടുവരുന്നതുൾപ്പെടെ ഇത്തരം അനിഷ്ടസംഭവങ്ങൾ കുറയ്ക്കാൻ സഹായകമാകും.
നിഷ സുമിത്രൻ, കൺസൽട്ടന്റ് സൈക്കോളജിസ്റ്റ്
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

