
ഗൂഗിൾ മാപ്പ് നോക്കി എത്തി; നിർമാണം പൂർത്തിയാകാത്ത റോഡിൽ കുടുങ്ങി ലോറി, പുറത്തെത്തിച്ചത് ക്രെയിൻ ഉപയോഗിച്ച്
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
അഡൂർ ∙ മലയോര ഹൈവേയിലൂടെ ഗൂഗിൾ മാപ്പ് നോക്കി ഓടിച്ച ടാങ്കർ ലോറി, വനത്തിനുള്ളിൽ ഹൈവേ നിർമാണം തടസ്സപ്പെട്ടു കിടക്കുന്ന ഇടുങ്ങിയ റോഡിൽ കുടുങ്ങി. പാണ്ടി പള്ളത്തുപാറ വളവിലാണ് എറണാകുളത്തേക്ക് പോവുകയായിരുന്ന ലോറി കുടുങ്ങിയത്. ഇന്നലെ രാവിലെ പത്തരയോടെയാണ് സംഭവം. വനംവകുപ്പിന്റെ അനുമതി ലഭിക്കാത്തതുമൂലം ഈ ഭാഗത്ത് മലയോര ഹൈവേയുടെ പണി തുടങ്ങിയിട്ടില്ല. ഇവിടെ പഞ്ചായത്ത് റോഡിന്റെ 3 മീറ്റർ വീതി മാത്രമേ റോഡിനുള്ളൂ. ഈ വിവരം ഗൂഗിൾ മാപ്പിൽ കാണിക്കാത്തതുകൊണ്ട് നല്ല റോഡാണെന്ന് കരുതി ഡ്രൈവർ ഈ വഴി തിരഞ്ഞെടുത്തതാണ് വിനയായത്. 2 മണിക്കൂർ കഴിഞ്ഞ് ക്രെയിൻ എത്തിച്ചാണ് ലോറി മുകളിലേക്ക് വലിച്ചു കയറ്റിയത്.
കർണാടക സുള്ള്യയിൽനിന്ന് എറണാകുളത്തേക്ക് ലോഡ് എടുക്കാൻ പോവുകയായിരുന്നു ലോറി. ദേശീയപാതയിലൂടെ പോകേണ്ട ലോറി, എളുപ്പ വഴിയാണെന്ന് കരുതിയാണ് മലയോര ഹൈവേയിലൂടെ ഓടിച്ചത്. മലയോര ഹൈവേയുടെ പണി ഭൂരിഭാഗവും പൂർത്തിയായെങ്കിലും ഈ ഭാഗത്ത് വനത്തിലൂടെയുള്ള 3.95 കിലോമീറ്റർ ഭാഗത്തെ നിർമാണം ഇതുവരെ തുടങ്ങിയിട്ടില്ല. വനത്തിലൂടെ പോകുന്ന ഭാഗം നവീകരിക്കാൻ വനംവകുപ്പിന്റെ അനുമതി കിട്ടാത്തതാണ് കാരണം. ഇവിടെ പഴയ പഞ്ചായത്ത് റോഡ് തന്നെയാണുള്ളത്. 3 മീറ്റർ വീതിയുള്ള റോഡ് മലയോര ഹൈവേ ആകുമ്പോൾ 9 മീറ്റർ വീതിയാകും. ഈ ഏറ്റെടുക്കുന്ന സ്ഥലത്തിനു പകരം 4.33 ഹെക്ടർ റവന്യു സ്ഥലം വനംവകുപ്പിന് നൽകാൻ തീരുമാനിച്ചിട്ടുണ്ടെങ്കിലും നടപടികൾ പൂർത്തിയായിട്ടില്ല.
ഗൂഗിൾ മാപ്പ് നോക്കി വരും; വളവിൽ കുടുങ്ങും
ഗൂഗിൾ മാപ്പ് നോക്കി വരുന്ന വലിയ വാഹനങ്ങൾ ഈ വളവിൽ കുടുങ്ങിയ സംഭവങ്ങൾ മുൻപും ഉണ്ടായിട്ടുണ്ട്. 2 മാസം മുൻപ് ബെംഗളൂരുവിൽനിന്ന് കാഞ്ഞങ്ങാട്ടേക്ക് സിമെന്റുമായി പോവുകയായിരുന്ന ലോറിയാണ് പള്ളത്തുപാറ വളവിൽ കുടുങ്ങിയത്. കുറെ നേരമെടുത്താണ് ലോറി വലിച്ചു കയറ്റിയത്. ഒരു പകൽ മുഴുവൻ റോഡിൽ ഗതാഗതം തടസ്സപ്പെട്ടു. അതിന് ഒരു മാസം മുൻപും സമാനസംഭവം ഉണ്ടായതായി നാട്ടുകാർ പറയുന്നു. മലയോര ഹൈവേ അവസാനിച്ച് വനപാത തുടങ്ങുന്ന ഭാഗത്ത് തന്നെയാണ് ഈ വളവുള്ളത്. മുന്നറിയിപ്പ് ബോർഡുകൾ ഇവിടെ ഇല്ലാത്തതും ഇത്തരം സംഭവങ്ങൾ ആവർത്തിക്കാൻ കാരണമാകുന്നു.ഈ വളവ് കഴിഞ്ഞ് മുന്നോട്ട് പോയാൽ ഇതിനേക്കാളും ഇടുങ്ങിയ വളവുകളും കുത്തനെയുള്ള ഇറക്കങ്ങളുമുണ്ട്. അവിടെയും വാഹനങ്ങൾ കുടുങ്ങാൻ സാധ്യതയേറെയാണ്.