
റെയിൽപാതയ്ക്കരികിലെ വിദ്യാലയങ്ങളുടെ പരിസരത്ത് നടപ്പാലം വേണമെന്ന ആവശ്യം പരിഗണിക്കാതെ റെയിൽവേ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
തൃക്കരിപ്പൂർ ∙ അപായ സാധ്യത കണക്കിലെടുത്ത് റെയിൽപാതക്കരികിലെ വിദ്യാലയങ്ങളുടെ പരിസരത്ത് പാളം കടക്കാൻ നടപ്പാലം വേണമെന്ന നിരന്തര ആവശ്യത്തോട് റെയിൽവേ അധികൃതർ മുഖം തിരിക്കുന്നു. പാളം കടന്ന് വിദ്യാലയങ്ങളിൽ കുട്ടികൾ എത്തുന്നത് കടുത്ത ആശങ്ക ഉയർത്തുന്ന സാഹചര്യത്തിൽ നടന്നു കയറാനുള്ള മേൽപാലം ആവശ്യം പതിറ്റാണ്ടുകളായി ഉയരുന്നുണ്ട്. പക്ഷേ, അധികൃതർ കണ്ടഭാവം കാട്ടുന്നില്ല.ജില്ലയിൽ തൃക്കരിപ്പൂർ പഞ്ചായത്തിൽ മാത്രം ഇത്തരത്തിൽ 2 വിദ്യാലയങ്ങളുണ്ട്. ശതാബ്ദി ആഘോഷത്തിലേക്കെത്തുന്ന ഒളവറ സങ്കേത ജിയുപി സ്കൂളും തൃക്കരിപ്പൂർ സെന്റ്പോൾസ് എയുപി സ്കൂളും. രണ്ടായിരത്തിൽപരം കുട്ടികൾ പഠിക്കുന്ന വിദ്യാലയമാണ് സെന്റ്പോൾസ് സ്കൂൾ. റെയിൽവേ സ്റ്റേഷനു തൊട്ടുരുമ്മി റെയിൽപാതയോടു ചേർന്നു സ്ഥിതി ചെയ്യുന്ന വിദ്യാലയം.
നല്ലൊരു ഭാഗം കുട്ടികളും റെയിൽപാത കടന്നു വരേണ്ടവരാണ്.കുട്ടികളെ പാളം കടത്തി വിടുന്നതിൽ സ്കൂൾ അധികൃതരും രക്ഷിതാക്കളും സൂക്ഷ്മത കാട്ടുന്നുണ്ട്.നൂറിൽപ്പരം കുട്ടികൾ പഠിക്കുന്ന വിദ്യാലയമാണ് ഒളവറ സങ്കേത സ്കൂൾ. പാളം കടന്നു വരേണ്ട കുട്ടികളുണ്ട്. പാത വളഞ്ഞു കിടക്കുന്ന ഭാഗമാണ് വിദ്യാലയ പരിസരം. തെക്ക് ഭാഗത്തു നിന്നു മംഗളൂരു ദിശയിലേക്ക് ട്രെയിൻ കടന്നു പോകുന്നത് പാതയുടെ വളവ് കാരണം അടുത്തെത്തിയാൽ മാത്രമേ കാണൂ. മഴക്കാലത്ത് അപായ സാധ്യത കൂടുതലാണ്. ട്രെയിനുകൾ നീട്ടിയ ചൂളംവിളി മുഴക്കിയാൽ മാത്രമേ മഴയിൽ ട്രെയിനുകൾ കടന്നു വരുന്നത് അറിയാൻ കഴിയൂ. ഈ മേഖലയിൽ അതീവ സൂക്ഷ്തയോടെ മാത്രമേ പാളം കടക്കാൻ കഴിയൂ.റെയിൽവേയിൽ വിവിധങ്ങളായ നവീകരണവും നിർമാണവും നടന്നു വരുന്ന ഇന്നത്തെ സാഹചര്യത്തിൽ പതിറ്റാണ്ടുകളായി നാട്ടുകാരും സ്കൂൾ അധികൃതരും നാട്ടുകാരും ഉന്നയിച്ചു വരുന്ന നടപ്പാലം ആവശ്യം പരിഗണിക്കുന്നതിനു അധികൃതർ തയാറാകണമെന്ന ആവശ്യം ശക്തിപ്പെട്ടു.