
നീലേശ്വരത്ത് മനോരമയുടെ പുതിയ ന്യൂസ് ബ്യൂറോ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
നീലേശ്വരം∙ ഉത്തരമലബാറിനെ അലങ്കരിക്കുന്ന ഇന്ദ്രനീലക്കല്ലാണ് നീലേശ്വരം. ചന്ദ്രഗിരി– ഒളവറപ്പുഴകൾക്ക് നടുവിൽ പ്രൗഢിയോടെ നിലകൊണ്ട അള്ളട സ്വരൂപത്തിന്റെ ഭരണസിരാകേന്ദ്രം. ഉപ്പുതൊട്ട് കർപ്പൂരം വരെ ലഭിക്കുന്ന ആഴ്ച ചന്തയിലേക്ക് വില്ലുവണ്ടിയിലും മറ്റും കിഴക്കു നിന്നുപോലും കർഷകർ എത്തിയിരുന്ന മലബാറിലെ സുപ്രധാന വാണിജ്യ കേന്ദ്രം. ചരിത്രവും കലയും മണ്ണും മനുഷ്യനും ഒന്നിച്ചുചേർന്ന് രൂപപ്പെടുത്തിയ വടക്കേ മലബാറിന്റെ സാംസ്കാരിക തലസ്ഥാനം. സവിശേഷതകൾ ഏറെയുണ്ടെങ്കിലും സമീപദേശങ്ങളുമായി നോക്കുമ്പോൾ വികസനം തീണ്ടാപ്പാടകലെയാണിവിടെ. പലവാതിലുകൾ മുട്ടിയിട്ടും ഇതുവരെയും ലക്ഷ്യം കാണാത്ത നീലേശ്വരത്തുകാരുടെ സ്വപ്നങ്ങളിലേക്ക്..
താലൂക്കിനായി കാത്തിരിപ്പ്
‘എന്നു വരും നീലേശ്വരം താലൂക്ക്?’ – എന്നത് പതിറ്റാണ്ടുകളായുള്ള ഈ നാടിന്റെ ചോദ്യമാണ്. താലൂക്കിനും വില്ലേജിനും ഇടയിൽ നിലനിന്നിരുന്ന അധികാര കേന്ദ്രങ്ങളായിരുന്നു ‘ഫർക്കകൾ’. പണ്ടത്തെ ഹൊസ്ദുർഗ് താലൂക്കിലെ ഫർക്കകളായിരുന്നു നീലേശ്വരവും ഹൊസ്ദുർഗും. ബ്രിട്ടിഷുകാർ പോയ ശേഷം അന്നത്തെ ഫർക്കകൾ താലൂക്കുകളായി മാറി. എന്നാൽ നീലേശ്വരം മാത്രം താലൂക്കായില്ല. ചരിത്രത്തോട് ഒട്ടും നീതി പുലർത്താത്ത പ്രവൃത്തിയാണിതെന്ന് നീലേശ്വരംകാർ പറയുന്നു. താലൂക്ക് എന്ന ആവശ്യവുമായി ഇവർ മുട്ടാത്ത വാതിലുകളില്ല. ‘ഇപ്പൊ ശരിയാകും’ എന്ന് കരുതി കാത്തിരിക്കാൻ തുടങ്ങിയിട്ട് വർഷങ്ങളായി.
നീലേശ്വരം താലൂക്ക് ആസ്ഥാനമായാൽ സമീപ പഞ്ചായത്തുകളിലെ ജനങ്ങൾക്ക് നീലേശ്വരത്തേക്ക് എത്തിച്ചേരാൻ വളരെ എളുപ്പമാണ്. നിലവിൽ റവന്യു സംബന്ധമായ പല ആവശ്യങ്ങൾക്കും ജനങ്ങൾക്ക് കാഞ്ഞങ്ങാടേക്ക് വണ്ടി കയറേണ്ട സ്ഥിതിയാണ്. മുൻപ് പുതിയ താലൂക്കുകൾ പ്രഖ്യാപിച്ചപ്പോൾ നീലേശ്വരത്തെ കയ്യൊഴിഞ്ഞ് അത് മഞ്ചേശ്വരത്തേക്കും വെള്ളരിക്കുണ്ടിലേക്കും പോയി. ജനുവരിയിലെ സർവകക്ഷി യോഗത്തിനു ശേഷം അനുകൂല റിപ്പോർട്ടാണ് സർക്കാരിന് ലഭിച്ചത്. എന്നിട്ടും താലൂക്കെന്ന സ്വപ്നത്തിലേക്ക് നീലേശ്വരം കാത്തിരിപ്പ് തുടരുന്നു.
വൈകുന്ന മിനി സിവിൽ സ്റ്റേഷൻ
ദേവസ്വം, ഭക്ഷ്യ സുരക്ഷ തുടങ്ങി പല സർക്കാർ വകുപ്പുകളും പ്രവർത്തിക്കുന്നത് വാടകക്കെട്ടിടങ്ങളിലാണ്. സർക്കാർ ഓഫിസുകളെ ഒരു കുടക്കീഴിൽ കൊണ്ടുവരാനായി വില്ലേജ് ഓഫിസ് സ്ഥിതി ചെയ്യുന്ന സ്ഥലത്താണ് മിനി സിവിൽ സ്റ്റേഷൻ ഉദ്ദേശിച്ചത്. എന്നാൽ പ്ലാനിൽ മാറ്റം വരുത്താനുണ്ടെന്ന സാങ്കേതികത്വം കാരണം പ്രാഥമിക നടപടികൾ പോലും ഇതുവരെ നടന്നിട്ടില്ല. നിർമാണം തുടങ്ങാത്തതിൽ ഉദ്യോഗസ്ഥരും ദുരിതത്തിലാണ്. ജനകീയ പ്രതിഷേധവും ശക്തമാണ്.
പൈതൃക മ്യൂസിയം
പഴയ രാജവംശത്തിന്റെ പ്രതാപം പേറുന്ന ഒട്ടേറെ പുരാതന കെട്ടിടങ്ങളും കുളങ്ങളുമൊക്കെയുള്ള നീലേശ്വരത്ത് പൈതൃക മ്യൂസിയവും ഹെറിറ്റേജ് സ്ക്വയറും കൊണ്ടുവരാനായി പല തവണ ശ്രമങ്ങൾ ഉണ്ടായിരുന്നു. അന്നത്തെ കലക്ടർ റിപ്പോർട്ട് നൽകിയതിന്റെ അടിസ്ഥാനത്തിൽ പുരാവസ്തു വകുപ്പ് ഡയറക്ടർ രണ്ടു തവണ നീലേശ്വരത്തെത്തിയിരുന്നു. പിന്നീട് പല കാരണങ്ങൾ കൊണ്ടും തുടർനടപടികൾ ഉണ്ടായില്ല. നീലേശ്വരത്തിന്റെ സാംസ്കാരിക പൈതൃകം വരും തലമുറയ്ക്ക് പ്രാപ്യമാവുന്ന രീതിയിൽ അടയാളപ്പെടുത്താൻ പൈതൃക മ്യൂസിയവും ഹെറിറ്റേജ് സ്ക്വയറും സ്ഥാപിക്കാനുള്ള ഇടപെടലുകൾ ത്വരിതപ്പെടുത്തണം.
മനോരമ നീലേശ്വരം ബ്യൂറോ ഉദ്ഘാടനം ഇന്ന്
നീലേശ്വരം∙ മലയാള മനോരമയുടെ പുതിയ നീലേശ്വരം ന്യൂസ് ബ്യൂറോ ഉദ്ഘാടനം ഇന്ന്. ബസ് സ്റ്റാൻഡിനു മുൻപിലെ താര കോംപ്ലക്സിന്റെ രണ്ടാം നിലയിലാണ് പുതിയ ഓഫിസ്. രാവിലെ 9.30ന് രാജ്മോഹൻ ഉണ്ണിത്താൻ എംപിയും എം.രാജഗോപാലൻ എംഎൽഎയും ചേർന്ന് ഉദ്ഘാടനം
നിർവഹിക്കും.