
ഇൻസ്റ്റഗ്രാമിൽ പരിചയപ്പെട്ട സുഹൃത്തിനെക്കാണാൻ 150 രൂപയുമായി വീടുവിട്ടിറങ്ങി 13 വയസ്സുകാരി; രക്ഷിച്ച് പൊലീസ്
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കാസർകോട് ∙ ഇൻസ്റ്റഗ്രാമിൽ പരിചയപ്പെട്ട സുഹൃത്തിനെക്കാണാൻ 150 രൂപയുമായി പത്തനംതിട്ടയിൽ നിന്നെത്തിയ 13 വയസ്സുകാരിയെ രക്ഷിച്ച് കാസർകോട് റെയിൽവേ പൊലീസ്. കാസർകോട് പൊയ്നാച്ചി സ്വദേശിയായ സുഹൃത്തിനെത്തേടി ഇന്നലെ രാവിലെ മലബാർ എക്സ്പ്രസിലാണ് പെൺകുട്ടി എത്തിയത്. സ്റ്റേഷനു പുറത്തേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ പൊലീസ് കുട്ടിയെ കണ്ടെത്തി. കൊണ്ടുപോകാൻ എത്തിയ ‘സുഹൃത്തിനെ’ കസ്റ്റഡിയിലെടുത്തെങ്കിലും പിന്നീട് താക്കീത് നൽകി വിട്ടയച്ചു. 8 ാം ക്ലാസ് വിദ്യാർഥിനിയായ പെൺകുട്ടിയെ അമിതമായ മൊബൈൽ ഫോൺ ഉപയോഗത്തെത്തുടർന്നു വീട്ടുകാർ ശാസിച്ചിരുന്നു.
അതിനു പിന്നാലെയാണ് വെള്ളിയാഴ്ച വൈകിട്ട് വീടുവിട്ടത്. ബന്ധുക്കൾ അടൂർ പൊലീസിൽ പരാതി നൽകി. മൊബൈൽ ഫോൺ ലൊക്കേഷൻ പരിശോധിച്ചപ്പോൾ മലബാർ എക്സ്പ്രസ് ട്രെയിനിൽ സഞ്ചരിക്കുന്നതായി കണ്ടെത്തി. സിമന്റ് പ്ലാസ്റ്ററിങ് തൊഴിലാളിയായ 23 വയസ്സുകാരനാണ് സുഹൃത്ത്. ഇരുവരും ഒന്നര വർഷം മുൻപാണ് സൗഹൃദത്തിലായത്. പെൺകുട്ടിയുടെ മൊഴിയിൽ ഇയാളുടെ ഭാഗത്ത് നിന്ന് മോശം പെരുമാറ്റങ്ങളൊന്നും ഉണ്ടായതായി പരാമർശങ്ങളില്ല. ഇതോടെ യുവാവിനെ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കി തിരിച്ചയച്ചു.
പെൺകുട്ടിയെ ശിശുക്ഷേമ സമിതിക്ക് കീഴിൽ അണങ്കൂറിലുള്ള വൺ സ്റ്റോപ് സഖി സെന്ററിൽ പ്രവേശിപ്പിച്ചു. കൂട്ടിക്കൊണ്ടുപോകാൻ ബന്ധുക്കളും പത്തനംതിട്ട പൊലീസും കാസർകോട്ടേക്ക് പുറപ്പെട്ടു. ഗ്രേഡ് എസ്ഐ എം.വി.പ്രകാശൻ, എഎസ്ഐ സി.കെ.മഹേഷ്, എസ്സിപിഒ ടി.കെ.വിജിത്ത്, സിപിഒമാരായ സി.ആർ.വിനോദ്, സുശാന്ത് എന്നിവരാണ് റെയിൽവേ പൊലീസ് സംഘത്തിലുണ്ടായിരുന്നത്.