
കടൽക്കൊള്ളക്കാർ റാഞ്ചിയവർ എവിടെ? കുടുംബാംഗങ്ങൾ ആശങ്കയിൽ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കാസർകോട്∙ കാമറൂണിലെ ഡുവാല തുറമുഖത്തേക്കു പോകുന്നതിനിടെ കപ്പലിൽ നിന്നു കടൽക്കൊള്ളക്കാർ റാഞ്ചിയ കാസർകോട് സ്വദേശി ഉൾപ്പെടെയുള്ള 10 പേർ എവിടെയാണെന്നതിനെക്കുറിച്ച് 10 ദിവസം പിന്നിട്ടിട്ടും ഒരു വിവരമില്ലാത്തത് കുടുംബാംഗങ്ങളെയും നാട്ടുകാരെയും ആശങ്കയിലാഴ്ത്തുന്നു. അധികൃതർക്കു ഇവരെക്കുറിച്ച് ഒരു വിവരവും ലഭിച്ചില്ലെന്നാണു പറയുന്നത്. ഇതിനിടെ ഇതേ കപ്പലിൽ ഇപ്പോഴും ജോലിയിലുള്ള 6 ഇന്ത്യക്കാരെ ഗാബോണിലെ ഇന്ത്യൻ ഹൈക്കമ്മിഷണർ ലിബ്രെവില്ലെയും സംഘവും നേരിൽ കണ്ട് വിവരങ്ങൾ ശേഖരിച്ചതായി വിദേശകാര്യ മന്ത്രാലയം രാജ്മോഹൻ ഉണ്ണിത്താൻ എംപിക്കു നൽകിയ കത്തിൽ സൂചിപ്പിച്ചിട്ടുണ്ട്.
കാസർകോട് കോട്ടിക്കുളം ഗോപാൽ പേട്ട സ്വദേശിയും കോട്ടപ്പാറയിലെ രജീന്ദ്രൻ ഭാർഗവൻ (35) മറ്റൊരു മലയാളിയായ ആസിഫലി (മിനിക്കോയി) വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള 5 പേരടക്കം 7 ഇന്ത്യക്കാരെയും വിട്ടു അയയ്ക്കണമെന്നു ആവശ്യപ്പെട്ട് എംപി നടത്തിയ ഇടപെടലിന് മറുപടിയായിട്ടാണ് വിദേശകാര്യ മന്ത്രാലയം ഈ വിഷയത്തിൽ സ്വീകരിച്ച നടപടികൾ എംപിയെ അറിയിച്ചത്. കടൽക്കൊള്ളക്കാർ തട്ടിക്കൊണ്ടുപോയ 7 ഇന്ത്യക്കാരായ ജീവനക്കാരെക്കുറിച്ച് കപ്പലിലുള്ളവർക്കും ഒരു വിവരവുമില്ലെന്നാണ് കത്തിലുള്ളതെന്നും ഗിനിയ ഉൾക്കടലിൽ കടൽക്കൊള്ള പതിവായാതിനാൽ നൈജീരിയയിലെ ഹൈക്കമ്മിഷണറുമായും അവിടെത്തെ പ്രതിരോധ ഉപദേഷ്ടാവുമായും ബന്ധപ്പെട്ടിട്ടുണ്ടെന്നും കത്തിലുടെ അറിയിച്ചു.
ഗാബോൺ, കാമറൂൺ, നൈജീരിയ എന്നിവിടങ്ങളിലെ ഇന്ത്യൻ ഹൈക്കമ്മിഷണർമാരുമായും സാവോ ടോംആൻഡ് പ്രിൻസിപ്പെയിലെയും എംബസിയും ബന്ധപ്പെട്ട അധികാരികളുമായും ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം ഈ പ്രശ്നത്തിൽ ബന്ധപ്പെട്ടിട്ടുണ്ട്. സാവോ ടോം ആൻഡ് പ്രിൻസിപ്പെ തീരത്ത് നിന്നാണു തട്ടികൊണ്ടു പോയതെന്ന് ഗബോണിലെ ഇന്ത്യൻ എംബസി അറിയിച്ചിരുന്നുവെന്നും എംപിക്ക് നൽകിയ കത്തിലുണ്ട്.പടിഞ്ഞാറൻ ആഫ്രിക്കയിലെ ലോമേ തുറമുഖത്ത് നിന്നു കാമറൂണിലേക്ക് പോകുന്നതിനിടയിൽ കഴിഞ്ഞ 17 ന് രാത്രിയാണ് ബിറ്റുറിവർ എന്ന ചരക്ക് കപ്പലിലെ 10 ജീവനക്കാരെ കടൽകൊള്ളക്കാർ റാഞ്ചിയത്.
പാനമ റജിസ്ട്രേഷനുള്ള കപ്പൽ മുംബെയിലെ മാരിടെക് ടാങ്കർ മാനേജ്മെന്റാണ് ചരക്കുകടത്തിനു ഉപയോഗിക്കുന്നത്. ഈ കമ്പനിയുമായി രജീന്ദ്രൻ ഭാർഗവന്റെ വീട്ടുകാർ ബന്ധപ്പെടുന്നുവെങ്കിലും വ്യക്തമായ മറുപടി കിട്ടുന്നില്ല. ജീവനക്കാർ സുരക്ഷിതരാണെന്നാണു കമ്പനി അധികൃതർ വീട്ടുകാരെ കഴിഞ്ഞ അറിയിച്ചത്. എന്നാൽ തട്ടിക്കൊണ്ടു പോയി ദിവസങ്ങളായിട്ടും അവരെ ബന്ധപ്പെടാൻ പോലും സാധിക്കാത്തതിനാൽ ഏറെ പ്രയാസത്തിലായിരിക്കുകയാണെന്ന് കുടുംബവും നാട്ടുകാരും.