
മംഗൽപാടി താലൂക്ക് ആശുപത്രി: ഡോക്ടർമാരെ ആവശ്യമുണ്ട് !
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ഉപ്പള∙മംഗൽപാടിയിലെ താലൂക്ക് ആശുപത്രിയിൽ ആവശ്യത്തിന് ഡോക്ടർമാരില്ലാത്തതിനാൽ രാത്രികാല ചികിത്സ നിർത്താൻ നീക്കം. നിലവിൽ സൂപ്രണ്ട് ഉൾപ്പെടെ 9 ഡോക്ടർമാർ വേണ്ടിടത്ത് 3 പേർ മാത്രമാണുള്ളത്. ജോലി ചെയ്യുന്നവർക്ക് അവധിപോലും കിട്ടാത്ത സ്ഥിതിയാണിപ്പോൾ. സൂപ്രണ്ട് തസ്തികയിൽ ആളില്ല. 4 കാഷ്വൽ മെഡിക്കൽ ഓഫിസർമാരിൽ രണ്ടു പേർ മാത്രമാണുള്ളത്. 3 അസിസ്റ്റന്റ് സർജന്മാരിൽ ഒരാൾ മാത്രമാണുള്ളത്. ജൂനിയർ കൺസൽറ്റന്റ് തസ്തികയിൽ ആരുമില്ല. സൂപ്രണ്ടിന്റെ ചുമതല നിലവിലുള്ള 3 ഡോക്ടർമാരിൽ സീനിയർ അസിസ്റ്റന്റ് സർജനാണ് വഹിക്കുന്നത്. ദിവസത്തിൽ 750ൽ അധികം രോഗികൾ ഒപിയിൽ എത്തുന്നുണ്ട്. ഡയാലിസിസ് സെന്റർ പ്രവർത്തിക്കുന്നതിനാൽ ദിവസവും അറുപതോളം രോഗികളെത്തുന്നുണ്ട്. ഇവരെ പരിശോധിക്കാൻ ഫിസിഷ്യന്റെ സേവനവും ആവശ്യമാണ്.
കൂടുതൽ രോഗികളെത്തുമ്പോൾ ആവശ്യത്തിന് ചികിത്സ നടത്താൻ കഴിയാതെ ഡോക്ടർമാരും വിഷമത്തിലാണ്. ഒരു മാസത്തോളമായി 3 ഡോക്ടർമാർ അവധി പോലുമെടുക്കാൻ കഴിയാതെ 24 മണിക്കൂർ ജോലി ചെയ്യുകയാണെന്ന് ആശുപത്രി അധികൃതർ പറയുന്നു. താലൂക്ക് ആശുപത്രി ആയതിനാൽ മഞ്ചേശ്വരം താലൂക്കിലെ 7 പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിൽനിന്ന് രോഗികളെത്തുന്നു. ഡോക്ടർമാരുടെ കുറവ് കാരണം പോസ്റ്റ്മോർട്ടത്തിനും തടസ്സമുണ്ടാകുന്നു. പോസ്റ്റ്മോർട്ടത്തിനായെത്തുന്നവരെ കാസർകോട് ജനറൽ ആശുപത്രിയിലേക്ക് അയക്കുകയാണ്. ഇപ്പോൾ രാത്രികാല സേവനവും നിർത്താനാണ് ആലോചിക്കുന്നത്. ആവശ്യത്തിന് ഡോക്ടർമാരെ നിയമിച്ച് 24 മണിക്കൂറും സേവനം ലഭിക്കാനുള്ള സംവിധാനം ഒരുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.