
പന്തലിച്ച് അക്കേഷ്യ; നടപടിയില്ലാതെ മരാമത്ത് വകുപ്പ്
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ചെർക്കള ∙ സർക്കാർ ഭൂമിയിലെ അക്കേഷ്യ മരങ്ങൾ മുറിച്ചുനീക്കാനുള്ള തീരുമാനത്തോടു മുഖംതിരിച്ചു മരാമത്ത് വകുപ്പ്. ജില്ലയിൽ മരാമത്ത് വകുപ്പിന്റെ പ്രധാന റോഡരികുകളിൽ വൻതോതിൽ അക്കേഷ്യ മരങ്ങളുണ്ട്. ചെർക്കള–ജാൽസൂർ, ചെർക്കള–കല്ലടുക്ക റോഡുകളാണ് ഇതിൽ പ്രധാനം. 1990–92 വർഷങ്ങളിൽ സാമൂഹിക വനവൽക്കരണ വിഭാഗം നട്ടുപിടിപ്പിച്ച മരങ്ങളാണു വളർന്നു പന്തലിച്ചു നിൽക്കുന്നത്. ഇതിന്റെ വിത്തു മുളച്ചു വളർന്ന മരങ്ങൾ വേറെയുമുണ്ട്.
ഇവ മുറിച്ചു നീക്കിയാൽ സർക്കാരിനു വരുമാനം ലഭിക്കുന്നതിനൊപ്പം റോഡിലേക്കു മരങ്ങൾ വീണുള്ള അപകടങ്ങളും ഒഴിവാക്കാം. മഴക്കാലത്തു വൈദ്യുതലൈനിലേക്കു മരം വീഴുന്നതു പതിവാണ്. എന്നാൽ ഇവ മുറിക്കാൻ മരാമത്ത് വകുപ്പ് നടപടിയെടുക്കുന്നില്ല. 2022ൽ സംസ്ഥാന സർക്കാർ അംഗീകരിച്ച നയരേഖയിൽ, സർക്കാർ ഭൂമിയിലെ അക്കേഷ്യ, മാഞ്ചിയം തുടങ്ങിയ മരങ്ങൾ മുറിക്കുമെന്നു പ്രഖ്യാപിച്ചിരുന്നു. ഇതനുസരിച്ച് ജില്ലയിലെ വനംവകുപ്പിന്റെ ഭൂമിയിൽനിന്ന് 100 ഹെക്ടറിലേറെ മരങ്ങൾ മുറിച്ചിരുന്നു.
വിദ്യാഭ്യാസ വകുപ്പ് ഉൾപ്പെടെ മറ്റു പല വകുപ്പുകളുടെയും സ്ഥലങ്ങളിൽനിന്ന് അക്കേഷ്യ മുറിച്ചിരുന്നു. സമൂഹിക വനവൽക്കരണ വിഭാഗത്തിനാണു മരം മുറിക്കാൻ അപേക്ഷ നൽകേണ്ടത്. വില നിർണയിച്ചാൽ മരാമത്ത് വകുപ്പിനു ലേലം ചെയ്തു വിൽക്കാനാകും. ചില സ്ഥലങ്ങളിൽ മരങ്ങൾ കടത്തിക്കൊണ്ടുപോകുന്നുമുണ്ട്. കെകെ പുറം, പെരിയടുക്ക എന്നിവിടങ്ങളിൽനിന്നു ലക്ഷക്കണക്കിനു രൂപയുടെ മരങ്ങളാണു കഴിഞ്ഞ 2 മാസത്തിനിടെ നഷ്ടപ്പെട്ടത്.