
‘ഞങ്ങളുടെ ബസ് ഡ്രൈവർക്ക് ആക്രമണത്തെക്കുറിച്ചുള്ള വിവരം ലഭിച്ചിരുന്നില്ലെങ്കിൽ ഒരു പക്ഷെ…’
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കുറ്റിക്കോൽ ∙ മിനിറ്റുകളുടെ വ്യത്യാസത്തിലാണ് ഭീകരാക്രമണത്തിൽ നിന്നും ഞങ്ങൾ രക്ഷപ്പെട്ടത്. ഞങ്ങളുടെ ബസ് ഡ്രൈവർക്ക് ആക്രമണത്തെ കുറിച്ചുള്ള വിവരം ലഭിച്ചിരുന്നില്ലെങ്കിൽ ഒരു പക്ഷെ…. കശ്മീരിലെ പഹൽഗാമിൽ ബൈസരൺ താഴ്വരയിൽ വിനോദ സഞ്ചാരികൾക്ക് നേരെയുണ്ടായ ഭീകരാക്രമണത്തിൽ നിന്നു രക്ഷപ്പെട്ട സംഭവം വിവരിക്കുമ്പോൾ കുറ്റിക്കോലിലെ ടൂർ ഓപ്പറേറ്റർ അജീഷ് ബാലന്റെ വാക്കുകളിൽ ഭീതിയുടെ മുഴക്കം നിലച്ചിരുന്നില്ല.
19നാണ് ഞാനും ചുള്ളിക്കര, മാലക്കല്ല്, കള്ളാർ എന്നിവിടങ്ങളിലെ 24 പേരും കണ്ണൂർ വിമാനത്താവളത്തിൽ നിന്നും കശ്മീരിലേക്ക് യാത്ര പുറപ്പെട്ടത്. ഡൽഹിയിൽ എത്തി കാലാവസ്ഥ അനുകൂലമല്ലാത്തതിനാൽ 20ന് ശ്രീനഗറിലേക്ക് പുറപ്പെട്ടു. ഗുൽമാർഗ്, തുലിപ്പ് ഗാർഡൻ, ദാൽ തടാകം എന്നിവ സന്ദർശിച്ച ശേഷമാണ് പഹൽഗാമിൽ എത്തിയത്. പഹൽഗാമിലെ 4 താഴ്വരകളിൽ രണ്ടെണ്ണം സന്ദർശിച്ച ശേഷം ബൈസരണിൽ എത്താനായിരുന്നു പ്ലാൻ. യാത്രാ മധ്യേ സംഘാംഗങ്ങൾ ഗ്രൂപ്പ് ഫോട്ടോ എടുക്കുന്നതിനിടെ ഡ്രൈവർ വാഹനത്തിൽ കയറാൻ തിരക്കുകൂട്ടുകയായിരുന്നു.
പഹൽഗാം സ്വദേശിയായ അദ്ദേഹത്തിന് വിവരം പെട്ടെന്നു ലഭിച്ചിരിക്കണം. ഉടൻതന്നെ ഞങ്ങൾ ബസിൽ കയറുകയും അദ്ദേഹം പെട്ടെന്ന് ഞങ്ങളെ റൂമിലേക്ക് എത്തിക്കുകയും ചെയ്തു. സംഭവിച്ചത് എന്തെന്ന് ഞങ്ങൾ അറിഞ്ഞിരുന്നില്ല. അതുകൊണ്ടുതന്നെ എല്ലാവരും സന്തോഷത്തോടെയാണ് റൂമിലേക്ക് പോയത്.ബൈസരൺ താഴ്വരയുടെ 2 കിലോമീറ്റർ മാത്രം അകലെയായിരുന്നു ഞങ്ങളുടെ വാഹനം ഉണ്ടായിരുന്നത്. റൂമിൽ എത്തി വാർത്ത കണ്ടപ്പോഴാണ് ഭീകരത മനസ്സിലായത്. 2011 മുതൽ കശ്മീരിലേക്ക് സഞ്ചാരികളുമായി യാത്ര ചെയ്യുന്നുണ്ട്. മഴയും ഹിമപാതവും മൂലം യാത്ര മാറ്റിവച്ചിട്ടുണ്ടെങ്കിലും വിനോദ സഞ്ചാരികൾക്ക് നേരെയുള്ള ഭീകരാക്രമണം ആദ്യ സംഭവമാണന്ന് അജീഷ് ബാലൻ പറയുന്നു.റോഡിലൂടെ മിന്നൽവേഗത്തിൽ കുതിച്ചു പായുന്ന സൈനിക വാഹനങ്ങൾ, സുരക്ഷിത സ്ഥാനത്തേക്ക് തങ്ങളെ എത്തിക്കാൻ ശ്രമിക്കുന്ന ഡ്രൈവർ, ടിവിയിൽ ഭീകരാക്രമണ വാർത്ത. മൊബൈൽ നെറ്റ്വർക്ക് ലഭിക്കാതായതോടെ ആശങ്കയിലായത് കശ്മീരിൽ യാത്ര പോയവർ മാത്രമല്ല. മലയോരം മുഴുവനുമാണ്. ചുള്ളിക്കര, കള്ളാർ, മാലക്കല്ല് സ്വദേശികളായ 24 പേരാണ് കശ്മീരിലേക്ക് വിനോദയാത്ര പോയത്. ഇന്നലെ ഉച്ചയ്ക്ക് 2ന് ശ്രീനഗർ എയർപോർട്ടിൽ എത്തിയ ഇവർ ഡൽഹിയിലേക്കും ഇന്ന് കണ്ണൂരിലേക്കും എത്തും.
പഹൽഗാമിലെ ബൈസരൺ താഴ്വരയിൽ വിനോദ സഞ്ചാരികൾക്ക് നേരെ ഭീകരർ ആക്രമണ നടത്തിയതായി വാർത്ത വന്നതോടെ ഇവരുടെ ബന്ധുക്കൾ ആധിയിലായിരുന്നു. ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. പിന്നീട് രാത്രി ഏറെ വൈകി തങ്ങൾ സുരക്ഷിതരാണെന്ന സന്ദേശം ലഭിച്ചെങ്കിലും തുടരാക്രമണം ഉണ്ടാകുമോ എന്ന പേടിയിലായിരുന്നു ബന്ധുക്കൾ.19നാണ് കുറ്റിക്കോലിലെ ടൂർ ഓപ്പറേറ്റർ അജീഷ് ബാലന്റെ നേതൃത്വത്തിൽ 24 പേരടങ്ങുന്ന സംഘം കണ്ണൂർ വിമാനത്താവളത്തിൽ നിന്നുംകശ്മീരിലേക്ക് യാത്ര പുറപ്പെട്ടത്. ‘പഹൽഗാം സ്വദേശി തന്നെയായിരുന്നു ഡ്രൈവറും. പെട്ടെന്നാണ് അദ്ദേഹം ഞങ്ങളോട് വാഹനത്തിൽ കയറാൻ പറഞ്ഞത്. പഹൽഗാമിലെ ഹോട്ടലിൽ എത്തി ടിവി വാർത്ത കണ്ടപ്പോഴാണ് ഭീകരാക്രമണം നടന്ന വിവരം അറിയുന്നത്’ –സംഘാംഗമായ റിട്ട.അധ്യാപകൻ ചുള്ളിക്കരയിലെ വി.കെ.ബാലകൃഷ്ണൻ പറയുന്നു. മൊബൈൽ നെറ്റ്വർക് പുനഃസ്ഥാപിക്കാൻ രാത്രി വരെ കാത്തിരുന്നു. അതിനാൽ ഏറെ വൈകിയാണ് തങ്ങൾ സുരക്ഷിതരാണെന്ന് ബന്ധുക്കളെ അറിയിക്കാനായതെന്ന് ഇവർ പറയുന്നു. അപകടത്തിൽ പെടാതെ നാട്ടിൽ തിരിച്ചെത്തുന്നതിന്റെ സന്തോഷത്തിലാണ് എല്ലാവരും.