
അന്ത്യചുംബനം ഏറ്റുവാങ്ങി: ചൈതന്യകുമാരിക്ക് വിട നൽകി നാടും സഹപാഠികളും
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
രാജപുരം∙ കാഞ്ഞങ്ങാട് മൻസൂർ നഴ്സിങ് കോളജിൽ നിന്നും ആത്മഹത്യയ്ക്ക് ശ്രമിച്ച് ചികിത്സയിലിരിക്കെ മരിച്ച പാണത്തൂർ സ്വദേശിനി ചൈതന്യ കുമാരി (21) യുടെ മൃതദേഹം കാഞ്ഞങ്ങാട് പുതിയ കോട്ടയിലെ പൊതുശ്മശാനത്തിൽ സംസ്കരിച്ചു. സഹപാഠികളുടെ അന്ത്യചുംബനം ഏറ്റുവാങ്ങിയാണ് ചൈതന്യകുമാരി യാത്രയായത്.
മൂന്നര മാസത്തെ ചികിത്സയ്ക്ക് ശേഷം ശനിയാഴ്ച ഉച്ചയോടെയാണ് കാഞ്ഞങ്ങാട് മൻസൂർ നഴ്സിങ് കോളജിലെ വിദ്യാർഥി പാണത്തൂരിലെ ചൈതന്യ കുമാരി മരിച്ചത്. ഇന്നലെ പോസ്റ്റ്മോർട്ടത്തിന് ശേഷം കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ നിന്ന് പുതിയകോട്ടയിൽ ചൈതന്യയുടെ മൃതദേഹം എത്തിക്കുമ്പോൾ സമയം 4 മണി.
മകളെ സംസ്കരിക്കാൻ ഒരു തുണ്ട് ഭൂമി പോലും തങ്ങൾക്കില്ലെന്ന വേദനയിലായിരുന്നു മാതാപിതാക്കളായ ഓമനയും, സദാനന്ദനും മകൾക്ക് അന്ത്യയാത്ര നൽകിയത്. ഡിസംബർ 7നാണ് മൻസൂർ നഴ്സിങ് കോളജിലെ വിദ്യാർഥിനിയായ ചൈതന്യകുമാരി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഹോസ്റ്റലിലെ വാർഡന്റെ മാനസിക പീഡനം താങ്ങാൻ വയ്യാതെയാണ് ചൈതന്യ ആത്മഹത്യാശ്രമം നടത്തിയതെന്നായിരുന്നു സുഹൃത്തുക്കൾ നൽകിയ മൊഴി.
കോട്ടയത്ത് വീട്ടുപണിയെടുത്ത് ജീവിക്കുന്ന ഓമനയുടെയും കൃഷിക്കാരനായ സദാനന്ദന്റെയും പ്രതീക്ഷകളാണ് മകൾ ചൈതന്യയുടെ മരണത്തോടെ തകർന്നത്. പാണത്തൂർ എള്ളുക്കൊച്ചിയിലെ വാടകവീട്ടിലാണ് കുടുംബം താമസിക്കുന്നത്. സ്ഥലം പാട്ടത്തിനെടുത്ത് കൃഷി ചെയ്ത് കിട്ടുന്ന വരുമാനമായിരുന്നു കുടുംബത്തിന്റെ ആശ്രയം. കൃഷിയിൽ നിന്നുള്ള വരുമാനവും പലരിൽ നിന്നായി കടം വാങ്ങിയ പണവും ഉപയോഗിച്ചാണ് മകളെ നഴ്സിങ് പഠനത്തിന് അയച്ചത്. ചൈതന്യ 8ാം ക്ലാസ് വരെ പാണത്തൂർ ചെറങ്കടവ് ഹൈസ്കൂളിലും തുടർന്ന് പ്ലസ്ടു വരെ കണ്ണൂർ ചാലാടിലെ മൂകാംബിക ബാലിക സദനത്തിലുമായിരുന്നു പഠിച്ചത്.
ഗുരുതര വകുപ്പുകൾ ചേർക്കാൻ പൊലീസ്
കാഞ്ഞങ്ങാട് ∙ കോളജ് ഹോസ്റ്റലിലെ വാർഡന്റെ മാനസിക പീഡനമാണ് ചൈതന്യയുടെ മരണത്തിലേക്ക് നയിച്ചതെന്ന സഹപാഠികളുടെ മൊഴിയിൽ ഗുരുതര വകുപ്പുകൾ ചേർക്കാനുള്ള ശ്രമത്തിലാണ് പൊലീസ് സംഘം. വാർഡനായിരുന്ന രജനിക്കെതിരെ ചൈതന്യയുടെ അമ്മ ഓമനയുടെ പരാതിയിൽ നിലവിൽ കേസുണ്ട്. പെട്ടെന്നുതന്നെ സാക്ഷികളെ കണ്ടെത്തി, കൂടുതൽ വകുപ്പുകൾ ചേർത്ത് അന്വേഷണം പൂർത്തിയാക്കാനാണ്
പൊലീസ് ശ്രമം.