
മൂന്നരമാസത്തെ ജീവന്മരണ പോരാട്ടം, ഒടുവിൽ കണ്ണീർമടക്കം; അന്ത്യനിദ്രയ്ക്ക് പോലും സ്വന്തം ഇടമില്ലാതെ ചൈതന്യയുടെ വേർപാട്
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
രാജപുരം∙ ‘അടുത്തമാസം എന്റെ പൊന്നുവിന്റെ ജന്മദിനമാണ് സാറെ. അന്ന് അവൾക്ക് കൊടുക്കാനായി വാങ്ങിവച്ച ഉടുപ്പ് എന്റെ പെട്ടിയിലിപ്പോഴും ഉണ്ട്. വീട്ടുപണിയെടുത്ത വിയർപ്പാണ്. കണ്ണുതുറന്ന് അവൾ വന്നിട്ടുവേണം എനിക്കത് കൊടുക്കാൻ.’– ഐസിയുവിന് പുറത്തുനിന്ന് അമ്മ ഓമന വിങ്ങിപ്പൊട്ടി കരയുമ്പോൾ അകത്ത് വെന്റിലേറ്ററിൽ ജീവനായുള്ള പോരാട്ടത്തിലായിരുന്നു മകൾ ചൈതന്യകുമാരി.
വാർഡന്റെ മാനസിക പീഡനമാണ് ആത്മഹത്യയ്ക്ക് പിന്നിലെന്ന് ആരോപിച്ച് സഹപാഠികൾ അപ്പോഴും സമരമുഖത്തായിരുന്നു. ഭരണ പ്രതിപക്ഷ ഭേദമില്ലാതെ പ്രതിഷേധങ്ങളെ തല്ലിയൊതുക്കുകയായിരുന്നു പൊലീസ്.മികച്ച ചികിത്സയ്ക്കായി പലതവണ ആശുപത്രികൾ മാറ്റി. ഡിസംബർ 13ന് മംഗളൂരുവിലെ തന്നെ കെഎംസി ആശുപത്രിയിലേക്ക് ഇവിടെനിന്ന് മാറ്റി. അതേമാസം 19ന് കണ്ണൂരിലെ ആസ്റ്റർ മിംസിലേക്കു കൊണ്ടുവന്നു. ഇതിനിടെ ചൈതന്യ കണ്ണുതുറന്നെന്നും ഭക്ഷണത്തോടും മരുന്നിനോടും പ്രതികരിക്കുന്നുണ്ടെന്നും പലതവണ വാർത്തകൾ വന്നു.
മെഡിക്കൽ സംഘം ഇതെല്ലാം നിഷേധിക്കുമ്പോഴും കഴുത്തിലൂടെ തലച്ചോറിലേക്കുള്ള രക്തയോട്ട വഴികൾ എല്ലാം നിലച്ച ചൈതന്യ അദ്ഭുതകരമായി തിരിച്ചുവരുമെന്ന പ്രതീക്ഷ അമ്മ ഓമനയും അച്ഛൻ സദാനന്ദനും കാണാനെത്തുന്നവരോടെല്ലാം പങ്കുവച്ചു. ആസ്റ്റർ മിംസിൽ രണ്ടാഴ്ചയോളം ചികിത്സയിൽ കഴിഞ്ഞതിന് ശേഷം വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. അപ്പോഴെല്ലാം ജീവൻ നിലനിർത്തുന്നതിനായി വെന്റിലേറ്റർ സഹായം ആവശ്യമായി വന്നു.
പെൺകുട്ടി വയ്യാതെ ഇരിക്കുമ്പോൾ ഭക്ഷണം പോലും കൊടുക്കാൻ വാർഡൻ തയാറായില്ല. വയ്യാതിരുന്നിട്ടും മാനസിക പീഡനം തുടർന്നു. ഇത് താങ്ങാൻ വയ്യാതെയാണ് ചൈതന്യ ആത്മഹത്യാശ്രമം നടത്തിയതെന്നായിരുന്നു സുഹൃത്തുക്കൾ നൽകിയ മൊഴി. ചൈതന്യ വയ്യാതെ ആശുപത്രിയിൽ പോയി വന്നശേഷം വാർഡൻ വഴക്കു പറയുകയും ബിപി കുറയുന്ന അസുഖമുള്ള ചൈതന്യയെ വാർഡൻ മാനസികമായി പീഡിപ്പിക്കുന്നത് തുടരുകയായിരുന്നുവെന്നും സുഹൃത്തുക്കൾ പറഞ്ഞിരുന്നു.
വിദ്യാർഥികളും യുവജന സംഘടനകളും നടത്തിയ സമരത്തെ തുടർന്ന് ഇതിനിടെ വാർഡൻ രജനിയെ പുറത്താക്കി. ഹോസ്റ്റൽ നിയമങ്ങൾ ലഘൂകരിക്കുകയും വീട്ടിൽപോകുന്നതിൽ അടക്കമുണ്ടായിരുന്ന നിയന്ത്രണങ്ങൾ എടുത്തുകളയുകയും ചെയ്തു. മൻസൂർ നഴ്സിങ് കോളജ് മാനേജ്മെന്റും അനുഭാവപൂർണമായ നിലപാടാണ് സ്വീകരിച്ചത്. കുടുംബത്തിനുള്ള പിന്തുണ ഉറപ്പാക്കുകയും ചികിത്സച്ചെലവുകൾ കോളജ് പൂർണമായി ഏറ്റെടുക്കുകയും ചെയ്തിരുന്നു. സമരം ചെയ്ത സഹപാഠികൾ ആവശ്യപ്പെട്ടതനുസരിച്ച് ഒരു സംഘം വിദ്യാർഥികൾ മംഗളൂരുവിലെത്തി ചൈതന്യയെ നേരിൽ കണ്ടിരുന്നു.
മൂന്നരമാസത്തെ ജീവന്മരണ പോരാട്ടത്തിന് ഒടുവിൽ മകൾ യാത്രയാകുമ്പോഴും അവളെ സംസ്കരിക്കാൻ ഒരുതുണ്ട് ഭൂമിപോലും തങ്ങൾക്കില്ലാത്ത വേദനയിലാണ് മാതാപിതാക്കൾ. കോട്ടയത്ത് വീട്ടുപണിയെടുത്ത് ജീവിക്കുന്ന ഓമനയുടെയും കൃഷിക്കാരനായ സദാനന്ദന്റെയും പ്രതീക്ഷകളാണ് മകൾ ചൈതന്യയുടെ മരണത്തോടെ തകർന്നത്. പാണത്തൂർ എള്ളുക്കൊച്ചിയിലെ വാടകവീട്ടിലാണ് നിലവിൽ കുടുംബം താമസിക്കുന്നത്. സ്ഥലം പാട്ടത്തിനെടുത്ത് കൃഷി ചെയ്ത് കിട്ടുന്ന തുകയായിരുന്നു കുടുംബത്തിന്റെ വരുമാന മാർഗം. കൃഷിയിൽ നിന്നുള്ള വരുമാനവും പലരിൽ നിന്നായി കടം വാങ്ങിയ പണവും ഉപയോഗിച്ചാണ് മകളെ നഴ്സിങ് പഠനത്തിന് അയച്ചത്. ചൈതന്യ 8ാം ക്ലാസ് വരെ പാണത്തൂർ ചെറങ്കടവ് ഹൈസ്കൂളിലും തുടർന്ന് പ്ലസ്ടു വരെ കണ്ണൂർ ചാലാടിലെ മൂകാംബിക ബാലിക സദനത്തിലുമായിരുന്നു പഠിച്ചത്. തുടർന്നാണ് കാഞ്ഞങ്ങാട് മൻസൂർ ആശുപത്രിയിൽ നഴ്സിങ് പഠനത്തിനെത്തിയത്.
സഹപാഠികൾ നടത്തിയത് സമാനതകളില്ലാത്ത സമരപരമ്പര
കാഞ്ഞങ്ങാട്∙ നഴ്സിങ് വിദ്യാർഥിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് നഗരത്തിലുണ്ടായ സമരപരമ്പരയും സമാനതകളില്ലാത്തതായിരുന്നു. ഭരണ പ്രതിപക്ഷ ഭേദമില്ലാതെ എല്ലാ യുവജന വിദ്യാർഥി സംഘടനകളും ആശുപത്രിക്ക് മുന്നിൽ സമരവുമായെത്തി. ഇതിന് നേരെയുണ്ടായ പൊലീസ് അതിക്രമവും കാഞ്ഞങ്ങാടിനെ ദിവസങ്ങളോളം സമരഭൂമിയാക്കി മാറ്റി. തുടക്കത്തിൽ ചർച്ചയ്ക്ക് പോലും തയാറാകാതിരുന്ന പൊലീസ് പ്രതിഷേധം കനത്തതോടെ മയപ്പെട്ടു. സമരക്കാരെയും രക്ഷിതാക്കളെയും കോളജ് പ്രതിനിധികളെയും ചർച്ചയ്ക്ക് വിളിച്ചു.
ഡിസംബർ 7ന് ആണ് മൻസൂർ നഴ്സിങ് കോളജിലെ വിദ്യാർഥിനിയായ ചൈതന്യകുമാരി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഇതിന് പിന്നാലെ ആദ്യം നഴ്സിങ് സ്കൂളിലെ വിദ്യാർഥികൾ തന്നെ പ്രതിഷേധവുമായി രംഗത്തെത്തി. വാർഡന്റെ മോശമായ പെരുമാറ്റത്തെ തുടർന്ന് ചൈതന്യ ആത്മഹത്യയ്ക്ക് ശ്രമിച്ചെന്നും കോളജ് മാനേജ്മെന്റ് നിയന്ത്രണത്തിലുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ച അവൾ ജീവിച്ചിരിപ്പുണ്ടോ മരിച്ചോ എന്നുപോലും അറിയില്ലെന്നും ആരോപിച്ചായിരുന്നു സമരം. പിന്നാലെ വിദ്യാർഥി, യുവജന സംഘടനകൾ സമരം ഏറ്റെടുത്തു.
9ന് രാവിലെ എസ്എഫ്ഐ മൻസൂർ ആശുപത്രിയിലേക്ക് ആദ്യം പ്രതിഷേധവുമായെത്തി. ആശുപത്രിക്ക് അകത്തേക്ക് പ്രവർത്തകർ തള്ളിക്കയറാൻ ശ്രമിച്ചതോടെ പൊലീസ് ലാത്തി വീശി. തലയ്ക്കടക്കം ഗുരുതര പരുക്കേറ്റതോടെ സമരം ശക്തമായി.പിന്നാലെ എത്തിയ യൂത്ത് കോൺഗ്രസ് മാർച്ചിന് നേരെയും പൊലീസ് പ്രകോപമില്ലാതെ ലാത്തി വീശി. ലാത്തി ചാർജിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ജോമോൻ ജോസിന് തലയ്ക്ക് പരുക്കേൽക്കുകയും ചെയ്തു. ആശുപത്രി കോംപൗണ്ടിലേക്ക് തള്ളിക്കയറാൻ ശ്രമിച്ച കെഎസ്യു, എബിവിപി പ്രവർത്തകരെയും പൊലീസ് വളഞ്ഞിട്ട് തല്ലി.
എസ്എഫ്ഐയ്ക്ക് നേരെയുണ്ടായ പൊലീസ് അതിക്രമത്തിൽ പ്രതിഷേധിച്ച് പിറ്റേന്ന് ഡിവൈഎഫ്ഐ പ്രവർത്തകർ ഡിവൈഎസ്പി ഓഫിസിലേക്ക് മാർച്ച് നടത്തി. മാർച്ച് ഉദ്ഘാടനം ചെയ്ത് ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി രജീഷ് വെള്ളാട്ട് ഡിവൈഎസ്പി ബാബു പെരിങ്ങേത്തിന് നേരെ നടത്തിയ വിവാദ പരാമർശങ്ങളും ഏറെ ചർച്ചയായി. ഇതിനിടെ തുടർന്നു രജീഷിനെതിരെ നിയമനടപടി സ്വീകരിക്കാൻ ഡിവൈഎസ്പി ബാബു പെരിങ്ങേത്ത് ഡിജിപിയെയും സമീപിച്ചു. സാമൂഹിക മാധ്യമത്തിലും ഇദ്ദേഹം പ്രതിഷേധം പ്രകടിപ്പിച്ചു.യൂത്ത് കോൺഗ്രസ് മാർച്ചിന് നേരെ പൊലീസ് നടത്തിയ അതിക്രമത്തിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകരും ഡിവൈഎസ്പി ഓഫിസിലേക്ക് മാർച്ച് നടത്തി.
പ്രവർത്തകരെ പിരിച്ചുവിടാൻ പൊലീസിന് ജലപീരങ്കി പ്രയോഗിക്കേണ്ടിയും വന്നു. സഹപാഠിയുടെ ആത്മഹത്യാശ്രമത്തിൽ പ്രതിഷേധിച്ച വിദ്യാർഥികളുമായി ചർച്ച നടത്താൻ ഡിവൈഎസ്പി ബാബു പെരിങ്ങേത്ത് തയാറായി. ഡിവൈഎസ്പി ഓഫിസിൽ നടന്ന ചർച്ചയിൽ ആദ്യം വിദ്യാർഥികളെയും പിന്നീട് മാനേജ്മെന്റ് പ്രതിനിധികളെയും ഇതിന് ശേഷം രാഷ്ട്രീയ കക്ഷി നേതാക്കളെയും ഉൾപ്പെടുത്തി. വാർഡനെതിരെ നടപടി സ്വീകരിക്കണം, ഹോസ്റ്റൽ നിയമങ്ങൾ ലഘൂകരിക്കണം തുടങ്ങിയ ആവശ്യങ്ങളിൽ മാനേജ്മെന്റ് വഴങ്ങിയതോടെ വിദ്യാർഥികൾ പ്രതിഷേധം അവസാനിപ്പിക്കുകയായിരുന്നു.
ഗുരുതര വകുപ്പുകൾ ചേർക്കും
കാഞ്ഞങ്ങാട്∙ കോളജ് ഹോസ്റ്റലിലെ വാർഡന്റെ മാനസിക പീഡനമാണ് ചൈതന്യയുടെ മരണത്തിലേക്ക് നയിച്ചതെന്ന സഹപാഠികളുടെ മൊഴിയിൽ ഗുരുതര വകുപ്പുകൾ ചേർക്കാനുള്ള ശ്രമത്തിലാണ് പൊലീസ് സംഘം. ആത്മഹത്യ പ്രേരണാ വകുപ്പുകൾ നിലനിൽക്കില്ലെന്ന വാദം ചൈതന്യയുടെ മരണത്തോടെ പൊലീസിന് ഇനി സ്വീകരിക്കാനാകില്ല. വാർഡനായിരുന്ന രജനിക്കെതിരെ ചൈതന്യയുടെ അമ്മ ഓമനയുടെ പരാതിയിൽ നിലവിൽ കേസുണ്ട്. മകളെ തടഞ്ഞുവച്ചുവെന്നാണ് പരാതി. വളരെ പെട്ടെന്നുതന്നെ സാക്ഷികളെ കണ്ടെത്തി, കൂടുതൽ വകുപ്പുകൾ ചേർത്ത് അന്വേഷണം പൂർത്തിയാക്കാനാണ് പൊലീസ് ശ്രമം.