
ടാപ്പ് തുറന്നാൽ കാറ്റ്, മുടക്കിയത് ഏഴരക്കോടി; എങ്ങുമെത്താതെ ബെള്ളൂരിലെ ശുദ്ധജലപദ്ധതി
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ബെള്ളൂർ∙ ഏഴരക്കോടി രൂപ മുടക്കിയ ജലനിധി പദ്ധതിയിൽ വെള്ളം കിട്ടാൻ ഇനി ജലജീവൻ മിഷൻ പദ്ധതിയിൽ 7 കോടി രൂപ കൂടി മുടക്കണം!. ഒരു വീട്ടിലേക്കു പോലും വെള്ളം കൊടുക്കാൻ കഴിയാതെ, ജലരേഖയായി മാറിയ ബെള്ളൂർ പഞ്ചായത്തിലെ ജലനിധി പദ്ധതിക്ക് ജലജീവൻ മിഷനിലൂടെ ജീവൻ വയ്പിക്കാനുള്ള ശ്രമത്തിലാണ് അധികൃതർ.ഒരു വർഷത്തിനുള്ളിൽ എല്ലാ വീടുകളിലേക്കും ശുദ്ധജലം എന്ന പ്രഖ്യാപനത്തോടെ 2016 ഏപ്രിൽ മാസത്തിൽ പണി തുടങ്ങിയ ജലനിധി പദ്ധതി പലർക്കും കീശ വീർപ്പിക്കാനുള്ള വെള്ളാനയായി മാറിയപ്പോൾ ടാപ്പ് തുറന്നാൽ കിട്ടുന്നത് കാറ്റ് മാത്രം. അധികൃതരെ വിശ്വസിച്ച് നാലായിരവും രണ്ടായിരവും നൽകിയ ഗുണഭോക്താക്കൾ ഈ വേനലിലും ശുദ്ധജലത്തിനായി പരക്കം പായുകയാണ്. ഈ ദുരവസ്ഥയ്ക്ക് എന്താണ് കാരണം?. ആരൊക്കെയാണ് ഉത്തരവാദികൾ?. ശുദ്ധജലം കിട്ടാൻ ഈ പാവങ്ങൾ ഇനി എത്രകാലം കാത്തിരിക്കണം?. ചോദ്യങ്ങൾ ഏറെയുണ്ട്….
ജലച്ചതി
1126 ഗുണഭോക്താക്കളുള്ള ജലനിധി പദ്ധതിക്കായി ഏഴര കോടി രൂപയാണ് ചെലവാക്കിയത്. കേരള റൂറൽ വാട്ടർ സപ്ലൈ ആൻഡ് സാനിറ്റേഷൻ ഏജൻസിക്കായിരുന്നു നടത്തിപ്പ് ചുമതല. പൊതുവിഭാഗത്തിൽപ്പെട്ടവരിൽ നിന്ന് 4000 രൂപയും പട്ടിക വിഭാഗക്കാരിൽ നിന്ന് 2000 രൂപയും ഗുണഭോക്തൃ വിഹിതമായി വാങ്ങുകയും ചെയ്തു. പയസ്വിനിപ്പുഴയിലെ കാറഡുക്ക കുണ്ടാറിൽ നിന്നാണ് വെള്ളം എടുക്കുന്നത്. ഇതിനു വേണ്ടി കുണ്ടാറിൽ കാസർകോട് വികസന പാക്കേജിൽ നിന്നു പണം അനുവദിച്ച് പുതിയ തടയണ നിർമിച്ചു. കുണ്ടാറിൽ നിന്ന് പമ്പ് ചെയ്യുന്ന വെള്ളം മിഞ്ചിപദവിലെ സംഭരണിയിൽ എത്തിച്ച് ശുദ്ധീകരിച്ച ശേഷം പൈപ്പ് ലൈനിലൂടെ മുഴുവൻ വീടുകളിലേക്കും എത്തിക്കുന്നതായിരുന്നു പദ്ധതി. ഒരു വർഷമായിരുന്നു കരാർ കാലാവധി. ഇതനുസരിച്ച് 2017 ഏപ്രിൽ മാസത്തിൽ പണി പൂർത്തിയായി വെള്ളം നൽകേണ്ടതാണ്. 8 വർഷം കഴിഞ്ഞിട്ടും നിധി പോലെ ജലനിധിയും കിട്ടാക്കനിയായി.
റണ്ണാകാതെ ട്രയൽ റൺ
കരാർ കാലാവധിക്കുള്ളിൽ പണി പൂർത്തിയാകാതെ വന്നപ്പോൾ കരാറുകാരന് സമയം നീട്ടിക്കൊടുത്തുകൊണ്ടിരുന്നു. ഒടുവിൽ 2020 ഫെബ്രുവരി മാസത്തിലാണ് ട്രയൽ റൺ തുടങ്ങിയത്. അപ്പോഴും കുറെ വീടുകളിൽ പൈപ്പിടാൻ ബാക്കിയുണ്ടായിരുന്നു. ട്രയൽ റൺ നടത്താൻ തുടങ്ങിയപ്പോൾ ഓരോ സ്ഥലത്തായി പൈപ്പുകൾ പൊട്ടാൻ തുടങ്ങി. അതിനിടയിൽ, വീടുകളിൽ ടാപ്പുകൾ സ്ഥാപിച്ചപ്പോൾ തന്നെ വെള്ളം കിട്ടിയെന്ന് ആളുകളോട് എഴുതി വാങ്ങിയിരുന്നു. വെള്ളം ലഭിക്കുമെന്ന പ്രതീക്ഷയിൽ അവർ ഒപ്പിട്ടു നൽകുകയും ചെയ്തു. പക്ഷേ പൈപ്പ് പൊട്ടൽ തുടർക്കഥയായതോടെ മറ്റു സ്ഥലങ്ങളിലെ ട്രയൽ റൺ നിർത്തി കരാറുകാരൻ ഉപേക്ഷിച്ചു പോയെന്നാണ് നാട്ടുകാർ പറയുന്നത്. ചെറുതും ഗുണനിലവാരമില്ലാത്തതുമായ പൈപ്പുകൾ ആയതുകൊണ്ടാണ് പൊട്ടുന്നതെന്നാണ് ഇവർ കുറ്റപ്പെടുത്തുന്നു.
ഇനി പ്രതീക്ഷ ജലജീവൻ മിഷൻ
ജലനിധി പദ്ധതി 2019ൽ അവസാനിച്ചതിനാൽ ഇനി പ്രതീക്ഷ ജലജീവൻ മിഷനിലാണ്. ജലജീവൻ മിഷനിൽ 7 കോടിയോളം രൂപ പഞ്ചായത്തിന് അനുവദിച്ചിട്ടുണ്ട്. ജലനിധി പദ്ധതിയുടെ നടത്തിപ്പുണ്ടായിരുന്ന കേരള റൂറൽ വാട്ടർ സപ്ലൈ ആൻഡ് സാനിറ്റേഷൻ ഏജൻസിക്കാണ് ഇതിന്റെയും ചുമതല.ഒറ്റ പദ്ധതിയായി ചെയ്യുന്നതിനു പകരം ഓരോ പ്രദേശത്തും കുഴൽ കിണറുകൾ കുഴിച്ച് ചെറുകിട പദ്ധതികളായി ഇത് നടപ്പിലാക്കണമെന്നാണ് പഞ്ചായത്ത് ആവശ്യപ്പെട്ടിരിക്കുന്നത്. കുണ്ടാർ തടയണയിൽ വേനൽക്കാലത്ത് വെള്ളം ആവശ്യത്തിന് ലഭിക്കില്ലെന്നാണ് പഞ്ചായത്ത് പറയുന്ന കാരണം. ഇതിനു തിരുവനന്തപുരത്തെ പ്രോജക്ട് മാനേജ്മെന്റ് യൂണിറ്റിന്റെ അനുമതി തേടിയിരിക്കുകയാണ് നിർവഹണ ഏജൻസി.
ഏഴരക്കോടി വെള്ളത്തിൽ
ജലനിധി പദ്ധതിക്കായി വർഷങ്ങൾക്ക് മുൻപ് സ്ഥാപിച്ച പൈപ്പുകൾ റോഡ് പണിയുടെയും വൈദ്യുതി തൂണുകൾ സ്ഥാപിച്ചതിന്റെയും ഭാഗമായി പലയിടത്തും പൊട്ടിക്കിടക്കുകയാണ്. റോഡിന്റെ വീതി കൂട്ടിയ സ്ഥലങ്ങളിൽ അതു റോഡിന്റെ ഒത്ത നടുവിലുമായി. 50% പൈപ്പുകൾ പോലും ജലനിധിയുടേത് ഇനി ഉപയോഗിക്കാൻ പറ്റില്ല. ജലജീവൻ മിഷനിൽ ചെറുകിട പദ്ധതികൾ സ്ഥാപിക്കാൻ തീരുമാനിച്ചാൽ ജലനിധിയുടെ ശുദ്ധീകരണ നിലയവും സംഭരണിയും കിണറും ഉൾപ്പെടെ എല്ലാം വെറുതെയാകും. ഇതിനായി ചെലവാക്കിയ ഏഴര കോടി വെള്ളത്തിലും. ജലനിധി പദ്ധതി ഈ അവസ്ഥയിലെത്താനുള്ള കാരണം ആസൂത്രണത്തിലെ പിഴവാണെന്നാണ് പഞ്ചായത്തിന്റെ ആരോപണം. പക്ഷേ ട്രയൽ റൺ നടത്തിയ ശേഷം ജലവിതരണം തുടങ്ങാത്തതാണ് കാരണമെന്നാണ് ജലനിധി അധികൃതരുടെ വിശദീകരണം. പക്ഷേ ട്രയൽ റൺ പോലും നടത്താതെ എങ്ങനെ ജലവിതരണം നടത്താൻ പറ്റുമെന്നാണ് പഞ്ചായത്തിന്റെ മറുചോദ്യം.