
മിനുങ്ങും, താമരക്കുളം; ചക്രപാണി മഹാക്ഷേത്രത്തിലെ താമരക്കുളം നവീകരണത്തിനൊരുങ്ങുന്നു
തൃക്കരിപ്പൂർ ∙ പുരാവൃത്തത്തിൽ പൊലിമയേറിയതും കീർത്തി കൊണ്ടതുമായ തൃക്കരിപ്പൂർ ചക്രപാണി മഹാക്ഷേത്രത്തിലെ താമരക്കുളം നവീകരണത്തിനൊരുങ്ങുന്നു. നവീകരണത്തിന്റെ ആദ്യഘട്ടമായി ജില്ലാ പഞ്ചായത്ത് 40 ലക്ഷം രൂപ അനുവദിച്ചു. 2 ഏക്കറിലധികം വിസ്തൃതമായ താമരക്കുളം പൂർണ നിലയിൽ നവീകരിച്ചെടുക്കണമെങ്കിൽ 3 കോടിയിൽ പരം രൂപ വേണം.
ജില്ലാ പഞ്ചായത്ത് അനുവദിച്ച 40 ലക്ഷം രൂപ വിനിയോഗിച്ച് കുളത്തിന്റെ ഒരു ഭാഗത്ത് മനോഹരമായ രീതിയിൽ കൽപ്പടവുകളും മറ്റും പണിയുന്നതിനാണ് ആലോചിക്കുന്നത്. അനുവദിച്ച തുക ഉപയോഗിച്ചുള്ള നവീകരണത്തിനു രൂപരേഖ തയാറാക്കുമെന്നു ജില്ലാ പഞ്ചായത്ത് സ്ഥിരസമിതി അധ്യക്ഷൻ എം.മനു വിശദീകരിച്ചു.
ഉത്സവ കാലത്തും മറ്റും ചക്രപാണി മഹാക്ഷേത്രത്തിലെ ചടങ്ങുകൾക്ക് ഉപയോഗിക്കുന്ന താമരക്കുളത്തിലാണ് വിഷ്ണു ഭഗവാൻ ഗജേന്ദ്രനു മോക്ഷം നൽകിയതെന്നാണ് പുരാവൃത്തം. നവീകരണം നല്ല നിലയിൽ പൂർത്തിയാക്കാൻ സർക്കാരിന്റെ ഭാഗത്തു നിന്നു ഇടപെടൽ അനിവാര്യമാണ്. ബ്ലോക്ക്–ഗ്രാമ പഞ്ചായത്തുകൾക്ക് നവീകരണത്തിൽ പങ്കാളിത്തം വഹിക്കാൻ കഴിയും. അമൃതസർ പദ്ധതിയിൽ ഉൾപ്പെടുത്തി തൊഴിലുറപ്പിലൂടെ നവീകരണ പങ്കാളിത്തം സാധ്യമാക്കാൻ പഞ്ചായത്തിനു പദ്ധതി ഉണ്ടാക്കാം. പെരുമയേറിയ ചരിത്രം കുടി കൊള്ളുന്ന താമരക്കുളം നവീകരണം പൂർത്തിയാക്കി സംരക്ഷിക്കുന്നതിനു വൈകാതെ നടപടികൾ വേണമെന്നു നാടൊന്നാകെ ആഗ്രഹിക്കുന്നുണ്ട്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]