
മൂർഖൻ, അണലി, പെരുമ്പാമ്പ്…: പത്തിവിടർത്തുന്ന അപകടം; കാലവർഷം ആരംഭിച്ചതോടെ മാളംവിട്ട് പുറത്തിറങ്ങി പാമ്പുകൾ
ബോവിക്കാനം ∙ മഴക്കാലമാണ്…പാമ്പുകൾ മാളത്തിൽ നിന്നിറങ്ങി സഞ്ചരിക്കുന്ന സമയം. മഴയിൽ അഭയംതേടിയുള്ള പാമ്പുകളുടെ യാത്ര അവസാനിക്കുന്നത് പലപ്പോഴും വീടുകളിലും വിറകുപുരകളിലും വാഹനങ്ങൾക്കുള്ളിലുമൊക്കെയാണ്. അൽപം ശ്രദ്ധിച്ചില്ലെങ്കിൽ പാമ്പുകടി ഏതുസമയത്തും പ്രതീക്ഷിക്കാം.
നടന്നുപോകുന്ന വഴികളിൽ മാത്രമല്ല വീടുകൾക്കുള്ളിൽപോലും പാമ്പുകൾ താവളമാക്കി മാറ്റുന്നു. പാമ്പുകൾ ഇപ്പോൾ പുറത്തിറങ്ങുന്നത് പ്രധാനമായും 2 കാരണങ്ങളാലാണെന്ന് വനംവകുപ്പ് പറയുന്നു.
കനത്ത മഴയിൽ മാളങ്ങളിൽ വെള്ളം കയറുമ്പോൾ മറ്റൊരു സുരക്ഷിത സ്ഥലം തേടി പാമ്പുകൾ വീടുകളിലെത്തും. പാമ്പിന്റെ ഇരകളായ എലികളെ തേടിയും പാമ്പുകൾ വീടുകളിലെത്താൻ സാധ്യതയുണ്ട്.
മൂർഖൻ, അണലി, പെരുമ്പാമ്പ് തുടങ്ങിയവയുടെ മുട്ടവിരിഞ്ഞ് പാമ്പിൻ കുഞ്ഞുങ്ങൾ പുറത്തിറങ്ങുന്ന സമയമാണിത്. ഇവ സ്വന്തമായി ഇരയെ തേടിയിറങ്ങുമ്പോൾ ധാരാളമായി കാണാനിടയാകും.
മഴവെള്ളത്തിൽ ഒഴുകിയും പാമ്പുകൾ നാട്ടിലെത്താം. കാലവർഷം ആരംഭിച്ചതിനുശേഷം വനംവകുപ്പിന്റെ സർപ്പ വൊളന്റിയർമാർ ജില്ലയിൽനിന്ന് പിടികൂടിയത് ഒട്ടേറെ പാമ്പുകളെയാണ്.
മൂർഖൻ, വെള്ളിക്കെട്ടൻ, ചുരുട്ട മണ്ഡലി, അണലി, പെരുമ്പാമ്പ് തുടങ്ങിയവയാണ് ഏറെയും.
വൃത്തിയാക്കാം വീടും പരിസരവും
പാമ്പുകളെ തുരത്താനുള്ള എളുപ്പവഴി വീടും പരിസരവും ശുചിയാക്കുക എന്നതാണ്.
ചകിരി, ചപ്പുചവറുകൾ, അടയ്ക്കാച്ചെപ്പ് തുടങ്ങിയവ വീടിന്റെ സമീപത്ത് കൂട്ടിയിടുന്നത് ഒഴിവാക്കുക. മാലിന്യം നിറഞ്ഞ സ്ഥലങ്ങളിൽ എലികൾ കൂടുതലായി എത്താനും സാധ്യതയുണ്ട്.
അവ പാമ്പുകളെ ആകർഷിക്കും. ശ്രദ്ധിക്കാം, ഇക്കാര്യങ്ങൾ
∙ രാത്രി വീടിന്റെ പുറത്തിറങ്ങുമ്പോൾ ലൈറ്റ് കയ്യിൽ കരുതുക.
∙ വീടിന്റെ പുറത്ത് വച്ച ഷൂസ്, ഹെൽമറ്റ്, തുണികൾ തുടങ്ങിയവയിൽ പാമ്പുകൾ കയറിയിരിക്കാൻ സാധ്യതയുണ്ട്.
ഇവ പരിശോധിച്ച ശേഷം മാത്രം ധരിക്കുക.
∙ വീട്ടിലേക്ക് ചേർന്നുനിൽക്കുന്ന മരച്ചില്ലകളും ഓലകളും വെട്ടിമാറ്റുക.
∙ രാത്രി വിറക് പുരകളിലേക്ക് വിറക് എടുക്കാൻ പോകുമ്പോൾ ലൈറ്റ് ഉറപ്പായും കരുതുക.
∙ പാമ്പുകടിയേറ്റാൽ അടുത്തുള്ള ആശുപത്രിയിലേക്ക് എത്തിക്കുക.
∙ വീടുകൾക്കുള്ളിൽ പാമ്പിനെ കണ്ടാൽ വനംവകുപ്പിനെ അറിയിക്കുക. സർപ്പ വൊളന്റിയർമാർ എത്തി പിടികൂടും.
സ്കൂട്ടറിന്റെ പിടിയിൽ ചുറ്റിക്കിടന്ന പെരുമ്പാമ്പിനെ പിടികൂടി വനത്തിൽ വിട്ടു
കാറഡുക്ക ∙ കർമംതോടിയിൽ സ്കൂട്ടറിന്റെ പിടിയിൽ ചുറ്റിനിൽക്കുകയായിരുന്ന പെരുമ്പാമ്പിനെ പിടികൂടി വനത്തിൽ വിട്ടു.
കർമംതോടിയിലെ പൂർണിമയുടെ സ്കൂട്ടറിൽനിന്നാണ് പെരുമ്പാമ്പിനെ പിടികൂടിയത്.പഞ്ചായത്ത് ജീവനക്കാരിയായ പൂർണിമ ബുധനാഴ്ച രാവിലെ ഓഫിസിലേക്ക് പോകാൻ സ്കൂട്ടറിൽ കയറിയപ്പോഴാണ് പാമ്പിനെ കണ്ടത്. ഉടനെ സർപ്പ വൊളന്റിയർ സുനിൽ ബാളക്കണ്ടത്തെ വിവരം അറിയിക്കുകയും അദ്ദേഹം എത്തി പിടികൂടുകയുമായിരുന്നു.കളനാട് അരമങ്ങാനത്ത് ഹെൽമറ്റിൽനിന്ന് വീട്ടമ്മയ്ക്ക് പാമ്പുകടിയേറ്റത് കഴിഞ്ഞ ദിവസമാണ്.
അരമങ്ങാനത്തെ മുംതാസിനാണ് പെരുമ്പാമ്പിന്റെ കടിയേറ്റത്. ബൈക്കിൽ യാത്ര ചെയ്യാൻ വീടിന്റെ വരാന്തയിൽ വച്ചിരുന്ന ഹെൽമറ്റ് എടുക്കുന്നതിനിടെ പാമ്പ് കടിക്കുകയായിരുന്നു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]