
ദേശീയപാത 66 ഒന്നാം റീച്ചിൽ 77 ബസ് കാത്തിരിപ്പുകേന്ദ്രം, 2000 ഡിസ്പ്ലേ ബോർഡ്; ഉദ്ഘാടന തീയതിയായില്ല
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കാസർകോട് ∙ തലപ്പാടി–ചെങ്കള ദേശീയപാത വികസനത്തിൽ ഇനി പണി തീരാനുള്ളത് ഒന്നരക്കിലോമീറ്റർ സർവീസ് റോഡ്. കാസർകോട് കറന്തക്കാട് മുതൽ നുള്ളിപ്പാടി വരെയുള്ള മേൽപാതയുടെ താഴെയാണ് സർവീസ് റോഡ് പണിതുവരുന്നത്. ഒരാഴ്ചയ്ക്കകം ഇതിന്റെ പണി തീരും.
77 ബസ് കാത്തിരിപ്പുകേന്ദ്രം, രണ്ടായിരത്തിലേറെ ഡിസ്പ്ലേ ബോർഡ്
39 കിലോമീറ്റർ വരുന്ന ദേശീയപാത ഒന്നാം റീച്ചിൽ ഡിസ്പ്ലേ ബോർഡ്, നിരീക്ഷണ ക്യാമറ തുടങ്ങിയവ സ്ഥാപിക്കുന്ന ജോലികളും സർവീസ് റോഡിൽ 77 ബസ് കാത്തിരിപ്പുകേന്ദ്രം സ്ഥാപിക്കലും ഒരു മാസത്തിനകം തീർക്കാനാണ് ഉദ്ദേശിക്കുന്നത്. ജൂൺ 15ന് എല്ലാ ജോലികളും തീർക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് നിർമാണ കമ്പനി അധികൃതർ.
ഡിസ്പ്ലേ ബോർഡുകളിൽ ദേശീയപാതയിൽ ഓടുന്ന എല്ലാ വാഹനങ്ങളുടെയും അനുവദനീയമായ വേഗം, 6 വരിയിലെ ഓരോ പാതയിലും അനുവദിച്ച സ്പീഡ്, പ്രധാന സ്ഥലങ്ങളിലേക്കുള്ള ദൂരം തുടങ്ങിയവ രേഖപ്പെടുത്തും. ദേശീയപാതയിലെ 39 കിലോമീറ്ററിലും നിരീക്ഷണ ക്യാമറ സ്ഥാപിക്കും. അത്യാധുനിക സജ്ജീകരണങ്ങളോടെ ഉള്ളതാണ് റോഡിലെ നിരീക്ഷണ ക്യാമറയും ഡിസ്പ്ലേ ബോർഡ് സംവിധാനങ്ങളും. രണ്ടര മീറ്റർ, അഞ്ചര മീറ്റർ ഉയരത്തിലുള്ള ഡിസ്പ്ലേ ബോർഡുകളാണ് സ്ഥാപിക്കുക. രണ്ടര മീറ്റർ ഉയരത്തിലുള്ള രണ്ടായിരത്തിലേറെ ബോർഡ് ഉണ്ടാകും.
ഉദ്ഘാടന തീയതിയായില്ല
തലപ്പാടി– ചെങ്കള റീച്ച് ദേശീയപാതയുടെ ഔദ്യോഗിക ഉദ്ഘാടനം 31 നടക്കുമെന്ന് പറയുന്നുണ്ടെങ്കിലും ഇതു സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായിട്ടില്ല. ദേശീയ പാത അതോറിറ്റിയുടെ അന്തിമ അറിയിപ്പ് ഇതുവരെ വന്നിട്ടില്ല. കാസർകോട് നഗരത്തിലെ മേൽപാതയുടെ അടി ഭാഗം ടൂറിസം വകുപ്പും നഗരസഭയും ചേർന്ന് വിനോദ, സാംസ്കാരിക, സാമൂഹിക കേന്ദ്രമായി മാറ്റാനുള്ള നടപടികളും പരിഗണനയിലാണ്.