
മുഗു പൊന്നങ്കളയിൽ കോൺഗ്രസ്–സിപിഎം സംഘർഷം; 3 പേർക്ക് പരുക്ക്
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
പുത്തിഗെ ∙ മുഗു പൊന്നങ്കളയിൽ കോൺഗ്രസ്–സിപിഎം പ്രവർത്തകർ തമ്മിലുണ്ടായ സംഘർഷത്തിൽ 3 പേർക്ക് പരുക്കേറ്റു. പുത്തിഗെ മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് സുലൈമാൻ ഊജംപദവ്(51), സിപിഎം പ്രവർത്തകരായ മുഗുവിലെ നവാസ്(32), അബൂബക്കർ സിദ്ധീക്ക്(32) എന്നിവർക്കാണ് പരുക്കേറ്റത്. ഇവർ വിവിധ ആശുപത്രികളിൽ ചികിത്സ തേടി മടങ്ങി. സുലൈമാനെ കാസർകോട് നുള്ളിപ്പാടിയിലെ സ്വകാര്യ ആശുപത്രിയിലും നവാസ്, സിദ്ദിഖ് എന്നിവരെ കുമ്പള സഹകരണ ആശുപത്രിയിലുമാണ് പ്രവേശിപ്പിച്ചത്. ചൊവ്വാഴ്ച രാത്രി 8ന് പൊന്നങ്കളത്തെ ഒരു ഗൃഹപ്രവേശ ചടങ്ങിനിടെയാണ് സംഘർഷമുണ്ടായത്.
മനപൂർവം സംഘർഷമുണ്ടാക്കാൻ ശ്രമിക്കുകയായിരുന്നുവെന്ന് സുലൈമാനും ബസ് കാത്തിരിപ്പുകേന്ദ്രവുമായി ബന്ധപ്പെട്ട ആരോപണം ചോദ്യംചെയ്ത വിരോധത്തിൽ അക്രമിക്കുകയായിരുന്നുവെന്ന് സിപിഎം പ്രവർത്തകരും ആരോപിച്ചു.സുലൈമാന്റെ പരാതിയിൽ പത്തോളം സിപിഎം പ്രവർത്തകർക്കെതിരെയും നവാസിന്റെ പരാതിയിൽ ആറോളം കോൺഗ്രസ് പ്രവർത്തകർക്കെതിരെയും കുമ്പള പൊലീസ് കേസെടുത്തു.അക്രമത്തിൽ പ്രതിഷേധിച്ച് യുഡിഎഫ് സീതാംഗോളി ടൗണിൽ പ്രതിഷേധപ്രകടനം നടത്തി.
പുത്തിഗെയിൽ 6 മാസം മുൻപ് കോൺഗ്രസ് പണിത ബസ് ഷെൽറ്ററുമായി ബന്ധപ്പെട്ടുള്ള മുൻ വൈരാഗ്യമാണ് മർദനത്തിന് കാരണമെന്ന് കോൺഗ്രസ് നേതൃത്വം പറയുന്നു.പുത്തിഗെ മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് സുലൈമാൻ ഉജംപദവിനെ ആക്രമിച്ച സിപിഎം–ഡിവൈഎഫ്ഐ ഗുണ്ടകളെ നിലയ്ക്ക് നിർത്താൻ സിപിഎം തയാറാകണമെന്ന് ഡിസിസി പ്രസിഡന്റ് പി.കെ.ഫൈസൽ പറഞ്ഞു.സുലൈമാൻ ഊജംപദവിനെ ഡിസിസി ജനറൽ സെക്രട്ടറി എം.സി.പ്രഭാകരൻ, മുൻ ഡിസിസി പ്രസിഡന്റ് ഹക്കീം കുന്നിൽ, ബി.എം.ജമാൽ, സലിം പുത്തിഗെ, അൻവർ മാങ്ങാട് തുടങ്ങിയവർ സന്ദർശിച്ചു.