
തകർത്തുപെയ്ത് മഴ; അതിതീവ്ര മഴ തുടരുമെന്ന് സൂചന
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കാസർകോട് ∙ കനത്ത മഴയിൽ ജില്ലയിൽ വൻ നാശനഷ്ടം. ഉരുൾപൊട്ടൽ ഭീഷണിയുള്ള ഇടങ്ങളിലുള്ളവരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചു. ജില്ലയിലെ 4 താലൂക്കുകളിലും മഴ പെയ്യുന്നുണ്ട്. കനത്ത മഴ തുടരുന്ന പശ്ചാത്തലത്തിൽ ഇന്നു ജില്ലയിൽ പ്രഖ്യാപിച്ചിരുന്ന ഓറഞ്ച് അലർട്ട് റെഡ് ആക്കി ഉയർത്തി. 204.4 മില്ലിമീറ്ററിനു മുകളിൽ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥാ വിദഗ്ധരുടെ അറിയിപ്പ്. ചക്രവാതച്ചുഴിയുടെ സ്വാധീനവും അറബിക്കടലിൽനിന്നു പടിഞ്ഞാറൻ കാറ്റ് കേരളത്തിലേക്ക് അടിക്കുന്നതും അതിതീവ്ര മഴയിലേക്കു നയിച്ചു. വടക്കൻ ജില്ലകളിൽ നാളെയും ശക്തമായ മഴ തുടരുമെന്നാണ് സൂചന. മറ്റു ജില്ലകളിൽ മഴ തുടരുമെങ്കിലും തീവ്രത നാളെ മുതൽ കുറയും.
നീലേശ്വരം, കാര്യങ്കോട്, ഉപ്പള, മൊഗ്രാൽ നദികളുടെ കരയിലുള്ളവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു. യാതൊരു കാരണവശാലും നദികളിൽ ഇറങ്ങാനോ നദി മുറിച്ചുകടക്കാനോ പാടില്ല. ചന്ദ്രഗിരി, പയസ്വിനി പുഴകളിലും ജലനിരപ്പ് ഉയരുന്നുണ്ട്. മഴയ്ക്കൊപ്പം കാറ്റും ശക്തമാണ്. അറബിക്കടലിൽ കേരള തീരത്തു മണിക്കൂറിൽ 70 കിലോമീറ്ററിനു മുകളിൽവരെ ശക്തിയിൽ കാറ്റു വീശുന്നുണ്ട്. ജില്ലയിൽ പലയിടത്തും ശക്തമായ കാറ്റുവീശി. കുഞ്ചത്തൂർ മുതൽ കോട്ടക്കുന്നുവരെ 3 മുതൽ 4.1 മീറ്റർവരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രം (ഇൻകിയോസ്) അറിയിച്ചു.
ചിറ്റാരിക്കാല് ∙ കനത്ത മഴയിൽ ഉരുൾപൊട്ടൽ ഭീഷണിയുണ്ടായതിനെത്തുടർന്ന് വെസ്റ്റ് എളേരി പഞ്ചായത്തിലെ കാറ്റാംകവല ഉന്നതിയിലെ 7 കുടുംബങ്ങളിലെ 37 പേരെ മാറ്റിപ്പാർപിച്ചു. ഞായറാഴ്ച പുലർച്ചെ ഒരുമണിയോടെയാണ് കാറ്റാംകവല ഉന്നതിക്കു സമീപത്തെ കാക്കനശേരി സൂരജിന്റെ വീടിനു സമീപത്തെ ഭൂമിയിൽ ശക്തമായ മഴയിൽ ഗർത്തം രൂപപ്പെട്ടത്. ഇതോടെ സമീപത്തെ തോട്ടിലേക്കു മണ്ണും കല്ലും ഒലിച്ചിറങ്ങി. പരിസരത്തെ 4 വീടുകളിലെ 24 പേരെ റവന്യു–പഞ്ചായത്ത് അധികൃതരും നാട്ടുകാരും ചേർന്നു രാത്രിയിൽത്തന്നെ പറമ്പ ഗവ. എൽപി സ്കൂളിലേക്ക് മാറ്റുകയായിരുന്നു. തോടിനു സമീപത്തെ 3 വീടുകളിലെ 13 പേരെ ഇന്നലെ രാവിലെയും ക്യാംപിലേക്കു മാറ്റി. വെള്ളരിക്കുണ്ട് തഹസിൽദാർ പി.വി.മുരളി, പഞ്ചായത്ത് ജോയിന്റ് ഡയറക്ടർ ഹരിദാസ്, വെസ്റ്റ് എളേരി പഞ്ചായത്ത് പ്രസിഡന്റ് പി.സി.ഇസ്മായിൽ തുടങ്ങിയവരുടെ നേതൃത്വത്തിൽ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരും പൊലീസും ജനപ്രതിനിധികളും സ്ഥലത്തെത്തിയിരുന്നു.
അവലോകന യോഗം ചേർന്നു
ദുരിതാശ്വാസ ക്യാംപ് പ്രവർത്തിക്കുന്ന പറമ്പ ഗവ. എൽപി സ്കൂളിൽ വെസ്റ്റ് എളേരി പഞ്ചായത്ത് പ്രസിഡന്റ് പി.സി.ഇസ്മയിലിന്റെ അധ്യക്ഷതയിൽ ഇന്നലെ വൈകിട്ട് യോഗം ചേർന്നു പ്രവർത്തനങ്ങൾ അവലോകനം ചെയ്തു. ഒരു പിഞ്ചുകുഞ്ഞും 2 ഗർഭിണികളുമുൾപ്പെടെ 37 പേരാണ് ഇപ്പോൾ ക്യാംപിലുള്ളത്. റെഡ് അലർട്ട് നിലനിൽക്കുന്നതിനാൽ ക്യാംപ് ഇന്നും തുടരും. യോഗത്തിൽ വില്ലേജ് ഓഫിസർ ഏലിയാസ്, മെഡിക്കൽ ഓഫിസർ ഡോ. അലോക്, പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി പോൾ, പഞ്ചായത്ത് സ്ഥിരസമിതി അധ്യക്ഷൻ കെ.കെ.തങ്കച്ചൻ, ടിഇഒ എ. ബാബു, ആരോഗ്യ പ്രവർത്തകർ, കുടുംബശ്രീ–സന്നദ്ധ സംഘടനാ പ്രവർത്തകർ എന്നിവരും പങ്കെടുത്തു. പറമ്പ സ്കൂളിലെ ദുരിതാശ്വാസ ക്യാംപിൽ ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ മെഡിക്കൽ ക്യാംപും നടത്തി.
ഇന്ന് അവധി
ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ ഇന്നു ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. അതിതീവ്രമഴയുടെ പശ്ചാത്തലത്തിലാണ് നടപടി. ജില്ലയിലെ കോളജുകൾ, പ്രഫഷനൽ കോളജുകൾ, കേന്ദ്രീയ വിദ്യാലയങ്ങൾ, ട്യൂഷൻ സെന്ററുകൾ, മദ്രസകൾ, അങ്കണവാടികൾ, സ്പെഷൽ ക്ലാസുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചതായി കലക്ടർ അറിയിച്ചു.