
ദേശീയപാതാ വികസനം സ്വപ്നമായിരുന്നു, പക്ഷേ ആകാശപാത വേണമെന്ന ആവശ്യം നിഷേധിച്ചത് ന്യായമോ?
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
നീലേശ്വരം∙ ദേശീയപാതാ വികസനം ഏതൊരു നാടിനെയും പോലെ നീലേശ്വരത്തുകാരുടെയും സ്വപ്നമായിരുന്നു. നിർമാണം പുരോഗമിക്കുമ്പോൾ ആ സ്വപ്നം നിലവിൽ ഏതാണ്ട് തകർന്ന മട്ടാണ്. ദേശീയപാതാ നിർമാണത്തിന്റെ ഭാഗമായുള്ള 2017ലെ ടെൻഡറിൽ നീലേശ്വരം മാർക്കറ്റിൽ പുഴയ്ക്കു കുറുകെ നിലവിലുള്ള പഴയ പാലം പൊളിച്ച് അതിൽ നിന്നും 60 സെന്റീമീറ്റർ ഉയരത്തിലുള്ള 2 പാലങ്ങളാണ് വിഭാവനം ചെയ്തിരുന്നത്. പക്ഷെ 2019 ലെ ടെൻഡറിൽ അത് ഒരു പാലം മാത്രമായി ചുരുങ്ങി. ഇടയ്ക്കു ചെറിയൊരു പ്രതിഷേധം ഉണ്ടായപ്പോൾ അത് തണുപ്പിക്കാൻ മാർക്കറ്റിൽ 7×3 അളവിൽ പെഡസ്ട്രിയൽ അണ്ടർപാസ് (പിയുപി) മാത്രം അനുവദിച്ചു.
കേന്ദ്ര സർക്കാർ ദേശീയപാതാ അതോറിറ്റിക്ക് പൊതുവിൽ കൊടുത്ത നിർദേശ പ്രകാരവും ഇൻലാൻഡ് നാവിഗേഷന്റെ ക്ലിയറൻസ് ഈ ഉയരം വച്ചു പാലത്തിനു ലഭിക്കില്ല എന്നതും ചൂണ്ടിക്കാട്ടി നീലേശ്വരം നഗരസഭാതല ദേശീയപാതാ ആക്ഷൻ കമ്മിറ്റി ദേശീയപാതാ അതോറിറ്റിക്ക് പരാതി നൽകി.തുടർന്ന് പൈലിങ് അടക്കം നിർത്തിവെച്ച് പാലം റീഡിസൈൻ ചെയ്യുകയും 60 സെന്റീമീറ്ററിൽ നിന്നും ഇൻലാൻഡ് നാവിഗേഷന്റെ ക്ലിയറൻസ് ലഭിക്കാൻ ഉതകുന്ന 2.75 മീറ്ററായി പാലത്തിന്റെ ഉയരം വർധിപ്പിക്കുകയും ചെയ്തു. 60 സെന്റീമീറ്റർ മാത്രം ഉയരം വർധിപ്പിക്കുമ്പോൾ നിലവിലെ മാർക്കറ്റ് കവലയിൽ അടിപ്പാതയ്ക്കു വേണ്ട ഉയരം ലഭിക്കില്ല എന്നതു കാരണമാണ് 25 മീറ്റർ വീതിയുള്ള അടിപ്പാത പൊലീസ് സ്റ്റേഷനു മുൻപിൻ നിർമിക്കാൻ പ്രാരംഭ ഘട്ടത്തിൽ തീരുമാനിച്ചത്.
പക്ഷേ പാലം റീഡിസൈൻ ചെയ്ത് 2.75 മീറ്ററായി ഉയരം കൂടിയപ്പോൾ മാർക്കറ്റിൽ ആകാശപാത തന്നെ നിർമിക്കുന്നതിൽ നിലവിൽ തടസ്സമില്ല എന്ന് എൻജിനീയറിങ് രംഗത്തെ വിദഗ്ധർ തന്നെ നിരവധി തവണ ചൂണ്ടിക്കാട്ടിയിട്ടും ആകാശപാതയോ കൂടുതൽ അടിപ്പാതകളോ മാർക്കറ്റിൽ അനുവദിച്ചില്ല എന്നതിൽ അസ്വാഭാവികതയുണ്ടെന്നാണ് വിദഗ്ധരുടെ അഭിപ്രായം. പുഴയ്ക്കു കുറുകെയുള്ള പാലം നിർമാണത്തിന്റെ പ്രാരംഭ ഘട്ടത്തിൽ ഫിനിഷ്ഡ് റോഡ് ലെവൽ (എഫ്ആർഎൽ) 6.8 മീറ്റർ ആയിരുന്നു.
റീഡിസൈൻ ചെയ്തപ്പോൾ എഫ്ആർഎൽ നിലവിൽ 9.08 ആണ്. നീലേശ്വരം മാർക്കറ്റിൽ ആകാശപാത സാങ്കേതികപരമായി യാതൊരു ബുദ്ധിമുട്ടുമില്ലാതെ നിർമിക്കാമായിരുന്നു എന്നതിന് ഇതിലും വലിയ തെളിവ് ആവശ്യമില്ല. 50000നു മുകളിൽ ജനസംഖ്യയുള്ള നഗരസഭകളിൽ ആകാശപാത നിർബന്ധമായും അനുവദിക്കണമെന്ന് കേന്ദ്ര സർക്കാർ നിർദേശവുമുണ്ട്. എല്ലാ അർഥത്തിലും ആകാശപാതയ്ക്ക് അർഹതയുണ്ടായിരുന്ന നീലേശ്വരത്തെ അവഗണിച്ചു മാർക്കറ്റ് കവലയിൽ ഈ വിധം മതിലുതീർക്കാൻ കാരണമെന്താണ്?
മാർക്കറ്റിലെ നിർമാണ പ്രവൃത്തിയിൽ ദേശീയപാതാ അതോറിറ്റിയുടെ അവഗണനയ്ക്കെതിരെ നഗരസഭാ അംഗം ഇ.ഷജീർ മനുഷ്യാവകാശ കമ്മിഷനു നൽകിയ കത്തിന് ഇന്നലെ ലഭിച്ച മറുപടിയിൽ പറയുന്നത് മാർക്കറ്റിലെ പഴയ പാലം നിലനിർത്തും എന്നാണ്. അതിനർഥം 2 വ്യത്യസ്ത ഉയരങ്ങളിലാവും പാലങ്ങൾ. സംസ്ഥാന ജലപാതയിൽ ഇൻലാൻഡ് നാവിഗേഷൻ മാനദണ്ഡങ്ങൾക്കു വിരുദ്ധമല്ലേ ഇത്? 2017ലെ ടെൻഡറിൽ പറഞ്ഞിരുന്ന 2 പുതിയ പാലങ്ങൾ വെറും ഒന്നിലേക്ക് ചുരുങ്ങാൻ കാരണം എന്താണ്? നീലേശ്വരംകാർക്ക് 1957ൽ നിർമിച്ച ജീർണാവസ്ഥയിലുള്ള പാലം മതി എന്ന മുൻവിധി ആർക്കാണ്? ജനങ്ങളുടെ ചോദ്യങ്ങൾ അനവധിയാണ്.