
തൃക്കരിപ്പൂർ റെയിൽവേ സ്റ്റേഷൻ പരിസരത്ത് വാഹനങ്ങളുടെ ബാറ്ററിയും ടയറും കവരുന്ന സംഘം വിലസുന്നു
തൃക്കരിപ്പൂർ ∙ വാഹനങ്ങളുടെ ബാറ്ററിയും ടയറും അടിച്ചെടുക്കുകയും പെട്രോളും ഡീസലും ഊറ്റിയെടുക്കുകയും ചെയ്യുന്ന സംഘം തൃക്കരിപ്പൂർ റെയിൽവേ സ്റ്റേഷൻ പരിസരത്ത് വിലസുന്നു. ട്രെയിൻ യാത്രക്കാരായ വാഹന ഉടമകളെ ആശങ്കയിലും ഭീതിയിലുമാക്കുന്നതാണ് മോഷണം.സ്റ്റേഷൻ കെട്ടിടത്തിനു പിന്നിൽ പാർക്കിങ് ഏരിയയിൽ നിർത്തിയിടുന്ന വാഹനങ്ങളിൽ നിന്നാണ് കവർച്ച.
അധികമാരുടെയും ശ്രദ്ധ പതിയാത്ത ഭാഗമായതിനാൽ മോഷണത്തിനു എളുപ്പമാണ്. അടുത്തിടെ 5 ൽ അധികം ഇരുചക്രവാഹനങ്ങളുടെ ബാറ്ററിയും ടയറും കവർന്നിട്ടുണ്ട്.
സിവിൽ പൊലിസ് ഓഫിസറുടെ ബൈക്കിനെപ്പോലും മോഷണത്തിൽ നിന്നു ഒഴിവാക്കിയില്ല. ഉൗറ്റിയെടുക്കാൻ പറ്റുന്ന ടാങ്കുകളിൽ നിന്നെല്ലാം എണ്ണയും ഉൗറ്റുന്നുണ്ട്. രാവിലെ കോയമ്പത്തൂർ ഫാസ്റ്റ് പാസഞ്ചർ ട്രെയിൻ പോയിക്കഴിഞ്ഞാൽ സ്റ്റേഷൻ പരിസരത്ത് ആളുകളെത്തുന്നത് വൈകിട്ട് 3 നു ശേഷമാണ്.
ഇവിടെ സ്റ്റോപ്പുള്ള ട്രെയിനുകൾ അപ്പോഴാണ്. മോഷണം നടത്തുന്നവർക്കും സാമൂഹ്യവിരുദ്ധർക്കും ഒത്തുകൂടാൻ പറ്റുന്ന സമയമാണിത്.
ഈ നേരത്താണ് മോഷണം നടത്തുന്നതെന്നു കരുതുന്നു.ട്രെയിനിൽ സ്ഥിരയാത്രക്കാരായ വാഹന ഉടമകളാണ് മോഷണത്തിനു ഇരയായവർ. പലപ്പോഴും ഇത്തരം മോഷണങ്ങൾ പൊലീസിൽ പരാതികളായി എത്തുന്നുമില്ല. ഈ മേഖലയിൽ സിസിടിവി ക്യാമറകൾ സ്ഥാപിക്കണമെന്നു നേരത്തെ ആവശ്യമുണ്ട്.
ലഹരി മരുന്നു വിതരണം ചെയ്യുന്ന സംഘങ്ങൾ തമ്പടിക്കുന്ന ഏരിയ കൂടിയാണ് സ്റ്റേഷൻ പരിസരം. പൊലീസിന്റെ പരിശോധന ഈ ഭാഗത്തു ഉണ്ടാകണമെന്നും ആവശ്യം.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]