
കഥ പറഞ്ഞ് തീരം; പാട്ടുമൂളി കടൽ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ബേക്കൽ ∙ ചരിത്രസ്മാരകമായി തലയുയർത്തി നിൽക്കുന്ന ബേക്കൽ കോട്ടയെ തഴുകിയെത്തിയ കാറ്റിന് ഇന്നലെ മലയാള കഥകളുടെ പരിമളവും നാടൻപാട്ടിന്റെ താളവുമായിരുന്നു. ബേക്കലിന്റെ തീരസൗന്ദര്യം നുകർന്ന്, പള്ളിക്കര ബേക്കൽ ബീച്ച് പാർക്കിൽ വിദ്യാർഥികൾക്കായി മലയാള മനോരമ ഒരുക്കിയ ‘ഹോർത്തൂസ്’ അവധിക്കാല കലാസാഹിത്യ ക്യാംപിൽ കഥ പിറക്കുന്ന വർത്തമാനങ്ങളുമായി കഥാകൃത്ത് സന്തോഷ് ഏച്ചിക്കാനം വിദ്യാർഥികളെ താൻ സഞ്ചരിച്ച കഥാ വഴികളിലേക്ക് കൈപിടിച്ച് നടത്തി. നാടൻപാട്ടിന്റെ നന്മവഴികളിലൂടെയായിരുന്നു നാടൻപാട്ട് കലാകാരനും അധ്യാപകനുമായ വിജയൻ ശങ്കരംപാടിയുടെ യാത്ര.
കുണ്ടംകുഴി സ്കൂളിലെ കെ.സന്തോഷ്കുമാറെന്ന ശരാശരിക്കാരനായ വിദ്യാർഥിയെ നിർബന്ധിച്ച് കഥാമത്സരത്തിൽ പങ്കെടുപ്പിച്ച പത്തനംതിട്ടക്കാരനായ രാജൻ മാഷിനെക്കുറിച്ചും സ്കൂളിലേക്കു വരാൻ മടി കാണിച്ച സഹപാഠി ഗോപിയെ കഥ പറഞ്ഞുകൊടുത്ത് സ്കൂളിലേക്ക് വരുത്തിച്ച കഥയുമെല്ലാം സന്തോഷ് ഏച്ചിക്കാനം വിദ്യാർഥികളുമായി പങ്കുവച്ചു. കാറ്റിനെ സുഹൃത്തായി സങ്കൽപിച്ചുകൊണ്ട്, സ്കൂളിൽ ആദ്യമായി എഴുതിയ കഥയെക്കുറിച്ചും വിവരിച്ചു.
വിജയൻ ശങ്കരംപാടി അവതരിപ്പിച്ച പരിപാടിയിൽ നിന്ന്.
ആളുകളെ സന്തോഷിപ്പിക്കുന്നതാകണം സാഹിത്യമെന്നും ആത്മവിശ്വാസവും പ്രതീക്ഷയുമുണ്ടാകാൻ സാഹിത്യം സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു. ക്യാംപിൽ കണ്ണൂർ, കാസർകോട് ജില്ലകളിൽനിന്നു തിരഞ്ഞെടുക്കപ്പെട്ട വിദ്യാർഥികളാണു പങ്കെടുത്തത്. മലയാള മനോരമ കണ്ണൂർ കോഓർഡിനേറ്റിങ് എഡിറ്റർ മുഹമ്മദ് അനീസ്, സർക്കുലേഷൻ ഡപ്യൂട്ടി മാനേജർ പി.ജെ.മാത്യൂസ് തുടങ്ങിയവർ പ്രസംഗിച്ചു. പങ്കെടുത്ത വിദ്യാർഥികൾക്ക് സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു.
വായനക്കാരാവട്ടെ കുട്ടികൾ;പാട്ടിന്റെ കലവറ തുറക്കട്ടെ
ബേക്കൽ ∙ കുട്ടികളെ വായനയുടെയും നാടൻ പാട്ടുകളുടെയും ലോകത്തേക്ക് നയിക്കുന്നതിന്റെ പ്രാധാന്യവും നേട്ടവും ബോധ്യപ്പെടുത്തുന്നതായി മനോരമ ‘ഹോർത്തൂസ്’ അവധിക്കാല ക്യാംപ്. കഥാകൃത്താവുകയല്ല, നല്ല വായനക്കാരനാവുകയാണു പ്രധാനമെന്ന് കഥാകൃത്ത് സന്തോഷ് ഏച്ചിക്കാനം കുട്ടികളോട് പറഞ്ഞു. വായനക്കാരനുണ്ടെങ്കിലേ എഴുത്തുകാരനുള്ളൂവെന്നും അറിവില്ലായ്മയുടെ മറ നീക്കുമ്പോഴാണ് ജ്ഞാനത്തിന്റെയും വിജ്ഞാനത്തിന്റെയും കടൽ കാണാൻ കഴിയുകയെന്നും അദ്ദേഹം പറഞ്ഞു.
തലമുറകൾ കൈമാറി വരുന്ന തനതു പാട്ടുകളുടെയും എഴുത്തുപാട്ടുകളുടെയും കലവറതുറന്ന നാടൻപാട്ട് കലാകാരനും അധ്യാപകനുമായ വിജയൻ ശങ്കരംപാടിക്കൊപ്പം ചുവടുവച്ച് വിദ്യാർഥികൾ ക്യാംപിനെ ‘വൈബാക്കി’.കാസർകോട് ജില്ലയിലെ മാവില–മലവേട്ടുവ സമുദായങ്ങളുടെ തനതു നൃത്തരൂപമായ മംഗലംകളിയുടെ ചുവടുകളും പാട്ടുകളുമായാണ് നാടൻപാട്ടിന്റെ ലോകത്തേക്ക് വിജയൻ ശങ്കരംപാടി വിദ്യാർഥികളെ കൂട്ടിക്കൊണ്ടുപോയത്.പഴയതലമുറയുടെ കൃഷിയിലും ജീവിതത്തിലുമെല്ലാം നാടൻപാട്ടുകളും അതിന്റെ താളവുമുണ്ടായിരുന്നുവെന്ന് വിജയൻ ശങ്കരംപാടി പറഞ്ഞു.
അവരുടെ സങ്കടത്തിലും സന്തോഷത്തിലും നാടൻപാട്ടുകളുണ്ടായിരുന്നു. നാടൻപാട്ടിന്റെ വായ്ത്താരികളും പൊട്ടൻതെയ്യത്തിന്റെ തോറ്റവുമുൾപ്പെടെ അദ്ദേഹം പരിചയപ്പെടുത്തി. നാടൻപാട്ടിനെ ജനകീയമാക്കിയ നടൻ കലാഭവൻ മണിയുടെ നാടൻപാട്ടുകൾ കുട്ടികളോടൊപ്പം ആലപിച്ചുകൊണ്ടാണ് അദ്ദേഹം ക്യാംപ് അവസാനിപ്പിച്ചത്. സ്കൂൾ കലോത്സവത്തിൽ പുതുതായി ഉൾപ്പെടുത്തിയ ഗോത്രകലകളുടെ പരിശീലകൻ കൂടിയായ സിനോജ്, ഇരുളനൃത്തം, പണിയനൃത്തം, മംഗലംകളി എന്നിവയ്ക്ക് ഉപയോഗിക്കുന്ന വാദ്യോപകരണങ്ങൾ പരിചയപ്പെടുത്തി.