
മാലിന്യമുക്ത നാട്; മുന്നേറാൻ ഇനിയുമേറെ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കാസർകോട് ∙ ജില്ലയിലെ ഒട്ടുമിക്ക പഞ്ചാത്തുകളും സംസ്ഥാന സർക്കാരിന്റെ ‘മാലിന്യമുക്ത നവകേരളം’ പദ്ധതിയുടെ ഭാഗമായി മാലിന്യ മുക്തമായി പ്രഖ്യാപിച്ചെങ്കിലും ചില തദ്ദേശ സ്ഥാപനങ്ങളിൽ ഇപ്പോഴും മാലിന്യം കെട്ടിക്കിടക്കുന്ന സ്ഥിതി. അതേ സമയം പദ്ധതിയുടെ ഭാഗമായി മാലിന്യ നീക്കം മാതൃകാപരമായി നടപ്പാക്കിയ പഞ്ചായത്തുകളാണ് ഏറെയും. പഞ്ചായത്തുകളിലെയും നഗരസഭകളിലെയും വാർഡുകളെ മാലിന്യമുക്തമാക്കി പ്രഖ്യാപിക്കുന്ന നടപടികൾ ഈ മാസം പകുതിയോടെ ആരംഭിച്ചിരുന്നു. തുടർന്ന് പഞ്ചായത്തുകളെയും നഗരസഭകളെയും മാലിന്യമുക്തമാക്കി പ്രഖ്യാപിക്കുന്ന നടപടികളും ഏറെക്കുറെ പൂർത്തിയായി. ചില പഞ്ചായത്തുകളെങ്കിലും കൃത്യമായി മാലിന്യ നിർമാർജന സംവിധാനം ഏർപ്പെടുത്താതെയാണ് പ്രഖ്യാപനം നടത്തിയത്.
മലയോരത്തെ പാതയോരങ്ങളിൽ ഇപ്പോഴും മാലിന്യം കൂട്ടിയിട്ട നിലയിൽ
രാജപുരം ∙ മലയോര പഞ്ചായത്തുകൾ മാലിന്യ മുക്ത പഞ്ചായത്തുകളായി പ്രഖ്യാപിച്ചെങ്കിലും പല സ്ഥലത്തും മാലിന്യങ്ങൾ കെട്ടിക്കിടക്കുന്ന സ്ഥിതി. പാതയോരത്തെ മിനി എംസിഎഫുകളിൽ പ്ലാസ്റ്റിക് മാലിന്യങ്ങൾ നിറഞ്ഞ് കവിഞ്ഞ് പുറത്ത് കൂട്ടിയിട്ട നിലയിലാണ്. പ്ലാസ്റ്റിക് മാലിന്യങ്ങൾ പ്രത്യേക ചാക്കിൽ നിറയ്ക്കാതെ അലക്ഷ്യമായി ഇട്ട നിലയിൽ കാണാം. പാതയോരത്തും മാലിന്യമുണ്ട്.
പനത്തടി പഞ്ചായത്തിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ റാണിപുരം പൂർണമായും മാലിന്യ മുക്തമാക്കി ഹരിത ടൂറിസമായി പ്രഖ്യാപിക്കാൻ തീരുമാനിച്ചെങ്കിലും തുടർനടപടി സ്വീകരിക്കാത്തതിനാൽ തീരുമാനം കടലാസിലൊതുങ്ങി. പാതയോരത്ത് യാത്രക്കാർക്ക് നിക്ഷേപിക്കാൻ സൗകര്യമൊരുക്കാൻ തീരുമാനിച്ചതും നടപ്പിലാക്കിയില്ല. പാതയോരത്തെ വനത്തിനകത്താണ് യാത്രക്കാർ പ്ലാസ്റ്റിക് മാലിന്യങ്ങൾ ഉൾപ്പെടെ വലിച്ചെറിയുന്നത്.
പാതയോരത്തെ മിനി എംസിഎഫുകളിൽ നിറഞ്ഞു കവിഞ്ഞ മാലിന്യങ്ങൾ നീക്കാതെയാണ് കഴിഞ്ഞ ദിവസം കള്ളാർ പഞ്ചായത്ത് മാലിന്യ മുക്തമായി പ്രഖ്യാപിച്ചത്. കൊട്ടോടി ആയുർവേദ ആശുപത്രിക്ക് മുന്നിലെ മിനി എംസിഎഫിൽ മാലിന്യം നിറഞ്ഞിരിക്കുകയാണ്. എംസിഎഫിൽ നിറഞ്ഞ് ബാക്കി വന്നവ ചാക്കിൽ കെട്ടി പുറത്ത് കൂട്ടിയിട്ട നിലയിലുമാണ്. പ്ലാസ്റ്റിക് മാലിന്യങ്ങളാണ് കൂടുതലും. കോടോം ബേളൂർ പഞ്ചായത്തിലെ ഒടയംചാൽ ടൗണിലെ തോട്ടിൽ ഉൾപ്പെടെ മാലിന്യങ്ങൾ തള്ളിയ നിലയിലാണ്. മാലിന്യം പൂർണമായും നീക്കാതെയുള്ള മാലിന്യ മുക്ത പഞ്ചായത്ത് പ്രഖ്യാപനം പ്രഹസനമാണെന്നും ആക്ഷേപമുണ്ട്.
മാലിന്യംതള്ളൽ ഉൾപ്രദേശങ്ങളിലേക്ക്
ഉപ്പള ∙ മംഗൽപ്പാടി പഞ്ചായത്തിൽ ദേശീയ പാതയ്ക്കരികിൽ മാലിന്യം തള്ളുന്നത് ഒഴിവായെങ്കിലും ഉൾപ്രദേശങ്ങളിലെ റോഡിൽ ഒറ്റപ്പെട്ട ഇടങ്ങളിൽ ചിലർ മാലിന്യം വലിച്ചെറിയുന്നുണ്ട്. ഉപ്പള പത്വാടി റോഡിലെ സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് മാലിന്യം തള്ളുന്നതും കത്തിക്കുന്നതും ഇപ്പോഴും തുടരുന്നു. ആൾ താമസം ഇല്ലാത്ത പറമ്പുകളിലേക്കും മാലിന്യം തള്ളിയ നിലയിലാണ്.
വലിയപറമ്പ് മാതൃക
തൃക്കരിപ്പൂർ ∙ ജില്ലയിലെ പ്രധാന ടൂറിസം കേന്ദ്രങ്ങളിലൊന്നായ വലിയപറമ്പിൽ കൂട്ടായ പ്രവർത്തനങ്ങളിലൂടെ കടലോരവും കായലോരവും മാലിന്യ മുക്തമാക്കിയിട്ടുണ്ട്.വലിയപറമ്പ് വൻ ദ്വീപും വിവിധ തുരുത്തുകളും അടങ്ങുന്ന വലിയപറമ്പ് പഞ്ചായത്തിൽ മധ്യഭാഗത്തെ വലിയപറമ്പ് ബീച്ച്, വടക്കെ അറ്റത്തെ പുലിമുട്ട് പരിസരം, തെക്കൻ ദിശയിലെ കന്നുവീട് കടപ്പുറം–തൃക്കരിപ്പൂർ കടപ്പുറം ഭാഗങ്ങൾ തുടങ്ങിയ കേന്ദ്രങ്ങളിലാണ് പ്രധാനമായും വിനോദ സഞ്ചാരികൾ എത്തുന്നത്.
മാലിന്യങ്ങൾ വലിച്ചെറിയുന്നത് കർശനമായി വിലക്കിയും വലിച്ചെറിയുന്നവ നീക്കം ചെയ്തും ബീച്ചുകൾ ശുചിയായി സൂക്ഷിക്കുന്നുണ്ട്.അതേ സമയം കായലിലൂടെ യാത്ര ചെയ്യുന്നവരിൽ പലരും പ്ലാസ്റ്റിക് ബോട്ടിലുകളും മറ്റും കായലിൽ ഉപേക്ഷിക്കുന്നുണ്ട്. ഇത് തടയുന്നതിനു കർശന നടപടികളും ബോധവൽക്കരണവും ഉണ്ടാകേണ്ടതുണ്ട്. കേരളത്തിൽ ശുദ്ധിയാർന്ന കായലെന്നു കവ്വായി കായലിനു കീർത്തിയുണ്ട്. തീരദേശവാസികളുടെയും പഞ്ചായത്തിലെ സന്നദ്ധ സംഘടനകളുടെയും സഹകരണം കടലോര പഞ്ചായത്തിനെ ശുചിയാക്കി സൂക്ഷിക്കുന്നതിനു പ്രയോജനപ്പെടുന്നുണ്ട്.