
ഇവിടെ ഉറങ്ങുന്നു, ചരിത്രം; ബ്രിട്ടിഷ് ഭരണത്തെ ഓർമപ്പെടുത്തി മുളിയാറിലെ ബംഗ്ലാ മൊട്ട
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ബോവിക്കാനം ∙ ചരിത്രം പറയുന്ന നിർമിതികൾ തകർന്നടിഞ്ഞെങ്കിലും പേരുകൊണ്ട് പഴയ ബ്രിട്ടിഷ് ഭരണത്തെ ഓർമപ്പെടുത്തുകയാണ് മുളിയാറിലെ ‘ബംഗ്ലാ മൊട്ട’. ബ്രിട്ടിഷുകാർ രാജ്യം ഭരിക്കുമ്പോൾ മൈസൂരുവിലേക്ക് പോകുന്ന ഭരണാധികാരികളും ഉദ്യോഗസ്ഥന്മാരും താമസിച്ചിരുന്ന ട്രാവൽ ബംഗ്ലാവ് ഉണ്ടായിരുന്ന സ്ഥലമാണിത്. 18ാം നൂറ്റാണ്ടിലായിരിക്കാം നിർമാണം എന്നാണ് അനുമാനം. യൂറോപ്പിലെ ബംഗ്ലാവുകളുടെ നിർമാണരീതിയാണ് ഇവയ്ക്കും ഉപയോഗിച്ചിരുന്നത്. ചെറിയൊരു കുന്നിന്റെ മുകളിലാണ് ട്രാവൽ ബംഗ്ലാവ് സ്ഥിതി ചെയ്തിരുന്നത്.
അതുകൊണ്ട് ഈ സ്ഥലം അക്കാലത്ത് ബംഗ്ലാവ് മൊട്ട എന്നാണ് അറിയപ്പെട്ടിരുന്നത്. അത് കാലക്രമേണ ബംഗ്ലാ മൊട്ട ആയി മാറുകയുമായിരുന്നു. മുളിയാർ പാലത്തിന്റെ 100 മീറ്റർ അപ്പുറത്ത് ചെർക്കള–ജാൽസൂർ റോഡിന്റെ വടക്ക് ഭാഗത്താണ് വൈദേശിക ആധിപത്യം പേര് കൊണ്ട് അടയാളപ്പെടുത്തുന്ന ഈ സ്ഥലം. റവന്യു രേഖകളിൽ ഇപ്പോഴും ‘ട്രാവൽ ബംഗ്ലാവ്’ എന്ന പേരിൽ തന്നെയാണ് ഈ സ്ഥലമുള്ളത്. പക്ഷേ കാട് മൂടിക്കിടക്കുന്ന ഇവിടെ കാലത്തെ അനുസ്മരിപ്പിക്കാൻ അവശേഷിക്കുന്നത് കെട്ടിടം നിർമിക്കാനുപയോഗിച്ച സമചതുരത്തിൽ വെട്ടിയെടുത്ത വിരലില്ലെണ്ണാവുന്ന ചെങ്കല്ലുകളും ഈ സ്ഥലപ്പേരും മാത്രം.
മൈസൂരുവിലേക്കുള്ള ഇടത്താവളം
ബ്രിട്ടിഷ് ഭരണാധികാരികളും പ്രധാന ഉദ്യോഗസ്ഥരും താമസിക്കുകയും വിശ്രമിക്കുകയും ചെയ്തിരുന്നതാണ് ട്രാവൽ ബംഗ്ലാവ്. ടിപ്പുസുൽത്താന്റെ കയ്യിൽ നിന്ന് മൈസൂരു പിടിച്ചെടുത്ത ശേഷം ഇതുവഴിയാണ് ബ്രിട്ടിഷ് ഭരണാധികാരികളും ഉദ്യോഗസ്ഥരും അങ്ങോട്ട് പോയിരുന്നത്. കുതിര വണ്ടിയിലും മറ്റുമായിരുന്നു യാത്ര. അതിനിടയിൽ ക്ഷീണം മാറ്റിയിരുന്നത് ഇവിടെ വച്ചാണ്. റോഡ് നിർമാണത്തിനുള്ള എൻജിനീയർമാർ, നികുതി പിരിക്കുന്ന ഉദ്യോഗസ്ഥർ തുടങ്ങിയവരും ഇവിടെ താമസിച്ചിരുന്നു. യൂറോപ്യൻ രീതിയിലുള്ള ബംഗ്ലാവിലായിരുന്നു താമസം.
സമചതുരത്തിലുള്ള വെട്ടുകല്ലുകൾ ഉപയോഗിച്ചാണ് കെട്ടിടം നിർമിച്ചിരുന്നത്. കെട്ടിടം തകർന്നതോടെ ഈ കല്ലുകൾ നാട്ടുകാർ എടുത്തുകൊണ്ടുപോയി. ഇപ്പോൾ വിരലിലെണ്ണാവുന്നവ മാത്രമാണ് ചരിത്രത്തിന്റെ അവശേഷിപ്പായി ബാക്കിയുള്ളത്. ഓല മേഞ്ഞ മറ്റൊരു ചെറിയ കെട്ടിടവും ഇവിടെയുണ്ടായിരുന്നു. രാജ്യത്തിനു സ്വാതന്ത്ര്യം കിട്ടുന്നതുവരെ ഈ കെട്ടിടങ്ങൾ ഉപയോഗിച്ചിരുന്നു. ഇരിയ, പെരിയ എന്നീ സ്ഥലങ്ങളിലും ഇത്തരം ബംഗ്ലാവുകൾ ഉണ്ടായിരുന്നു.
പേര് പറയുന്ന ചരിത്രം
ട്രാവൽ ബംഗ്ലാവിനോടനുബന്ധിച്ച് ഇവിടെ പഞ്ചായത്ത് കോടതിയും പ്രവർത്തിച്ചിരുന്നു. പ്രമുഖ ജന്മി കുടുംബാംഗമായിരുന്നു ഇതിന്റെ അധ്യക്ഷൻ. നാട്ടിലെ ചെറിയ പ്രശ്നങ്ങളൊക്കെ പരിഹരിച്ചിരുന്നത് ഇതിൽ വച്ചായിരുന്നു. വലിയ നിയമപ്രശ്നങ്ങളില്ലാത്ത പരാതികളിലാണ് ഈ കോടതി ഇടപെടുകയും പരിഹരിക്കുകയും ചെയ്തിരുന്നത്. ചരിത്രത്തിന്റെ ശേഷിപ്പെന്ന് പറയാൻ പറ്റുന്ന ഒന്നുപോലും ഇവിടെ അവശേഷിക്കുന്നില്ല; ഈ സ്ഥലനാമം അല്ലാതെ. കെട്ടിടങ്ങൾ തകർന്നതോടെ അതിന്റെ കല്ല് ഉൾപ്പെടെയുള്ള സാധനങ്ങൾ, കിട്ടിയവരൊക്കെ എടുത്തുകൊണ്ടുപോയി. അട്ടപ്പറമ്പിലേക്കുള്ള റോഡ് വന്നതോടെ ഈ സ്ഥലം രണ്ടായി കീറിമുറിക്കുകയും ചെയ്തു. ബംഗ്ലാവ് നിന്നിരുന്ന സ്ഥലം ഇപ്പോൾ ആകെ കാട് മൂടിക്കിടക്കുകയാണ്. പക്ഷേ ഇപ്പോഴും സ്ഥലം സർക്കാരിന്റെ അധീനതയിൽ തന്നെ നിലനിർത്തിയിട്ടുണ്ട്.