എടക്കാട് ∙ ചൊവ്വാഴ്ച മുതൽ കണ്ണൂരിൽ നിന്ന് തലശ്ശേരിയിലേക്കുള്ള ദീർഘദൂര ബസുകളടക്കം സ്വകാര്യ ബസുകൾ ഓട്ടം നിർത്തിവച്ച് സമരം ശക്തമാക്കുമെന്ന് ജില്ലാ ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ കോഓർഡിനേഷൻ കമ്മിറ്റി.ദേശീയപാത നിർമാണത്തോടനുബന്ധിച്ച് കണ്ണൂർ–തോട്ടട–തലശ്ശേരി റൂട്ടിൽ ഉണ്ടായിട്ടുള്ള ഗതാഗത ക്ലേശം പരിഹരിക്കാൻ അധികൃതർ ശ്രമിക്കുന്നില്ലെന്ന് പറഞ്ഞ് തോട്ടട വഴി തലശ്ശേരിയിലേക്ക് ഓടുന്ന സ്വകാര്യ ബസുകൾ ഓട്ടം നിർത്തിവച്ച് അനിശ്ചിതകാല സമരം നടത്തി വരികയാണ്.
പ്രശ്നത്തിന് പരിഹാരം കാണാനോ, സമരം ഒത്തുതീർക്കാനോ അധികൃതർ മുന്നോട്ട് വരാത്തതിൽ പ്രതിഷേധിച്ചാണ് ചൊവ്വാഴ്ച മുതൽ കണ്ണൂരിൽനിന്ന് തലശ്ശേരിയിലേക്കു തോട്ടട
റൂട്ടിനു പുറമേ ചാല ബൈപാസ് വഴിയും പോകുന്ന ദീർഘദൂര ബസുകളുടെ അടക്കം ഓട്ടം നിർത്തിവയ്ക്കാൻ തീരുമാനിച്ചിട്ടുള്ളത്. കണ്ണൂർ ആശുപത്രി സ്റ്റാൻഡിൽ നിന്ന് തോട്ടട–കിഴുന്ന വഴി സർവീസ് നടത്തുന്ന സ്വകാര്യ ബസുകളും ഓട്ടം നിർത്തിവച്ച് സമരത്തിൽ പങ്കെടുക്കുമെന്ന് ബസ് ഉടമസ്ഥ സംഘവും ജീവനക്കാരും അറിയിച്ചു.
ആറുവരി ദേശീയപാത നിർമാണത്തോടനുബന്ധിച്ച് നടാൽ–എടക്കാട് മേഖലയിലെ പ്രാദേശിക ഗതാഗത ക്ലേശം രൂക്ഷമായ സാഹചര്യത്തിൽ നടാൽ ഒ.കെ.യുപി സ്കൂളിന് സമീപം അടിപ്പാത നിർമിക്കണമെന്ന് ആവശ്യപ്പെട്ട് മേഖലയിലെ നാട്ടുകാരുടെയും യാത്രക്കാരുടെയും കൂട്ടായ്മയിൽ രൂപീകൃതമായ എടക്കാട് ഒ.കെ.യുപി സ്കൂൾ അടിപ്പാത കർമ സമിതി സ്ഥലത്ത് സത്യഗ്രഹ സമരം തുടങ്ങിയിട്ടുണ്ട്.
ബസ് ഉടമസ്ഥ സംഘവും ജീവനക്കാരും കർമസമിതിയുടെ ഈ സമരത്തിന് പിന്തുണ നൽകുന്നുണ്ട്.
സമരം കൗൺസിലർ കെ.വി.സവിത ഉദ്ഘാടനം ചെയ്തു. ജില്ലാ ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ കോഓർഡിനേഷൻ കമ്മിറ്റി രാജ്കുമാർ കരുവാരത്ത് അധ്യക്ഷത വഹിച്ചു.
പി.സി.നാരായണൻ, എം.രഘുനാഥൻ, കെ.പുരുഷോത്തമൻ, ബി.ഹാരിസ് എന്നിവർ പ്രസംഗിച്ചു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]