തലശ്ശേരി ∙ ജില്ലാ സ്കൂൾ ശാസ്ത്രോത്സവം ഇന്ന് 10.30ന് ഗവ.ബ്രണ്ണൻ എച്ച്എസ്എസിൽ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനോയ് കുര്യൻ ഉദ്ഘാടനം ചെയ്യും. ശാസ്ത്ര–ഗണിതശാസ്ത്ര–സാമൂഹിക ശാസ്ത്ര– പ്രവൃത്തിപരിചയ, ഐടി മേള, വിഎച്ച്എസ്ഇ സ്കിൽ ഫെസ്റ്റിവൽ എന്നിവ ഇന്നും നാളെയുമായി നടക്കും.
5 വിഭാഗങ്ങളിലായി 5,280 പേരാണു മേളയിൽ പങ്കെടുക്കുന്നത്.
ഹൈസ്കൂൾ വിഭാഗം വിദ്യാർഥികളുടെ മത്സരങ്ങൾ, അധ്യാപക മത്സരങ്ങൾ (ടീച്ചിങ് എയ്ഡ്, പ്രൊജക്റ്റ്), ഐടി മേള എന്നിവ ഇന്ന് 9.30ന് സെന്റ് ജോസഫ്സ് എച്ച്എസ്എസിലും പ്രവൃത്തിപരിചയമേള 9.30ന് മുബാറക്ക് എച്ച്എസ്എസിലും നടക്കും. ഗണിതശാസ്ത്രമേള സേക്രഡ് ഹാർട്ട് ഗേൾസ് എച്ച്എസ്എസിലാണു നടക്കുക.
വിഎച്ച്എസ്ഇ വിദ്യാർഥികളുടെ സ്കിൽ ഫെസ്റ്റിവൽ ഇന്ന് ജിഎൽപി സ്കൂളിൽ നടക്കും. മേളയിൽ 19 ഇനങ്ങളിൽ ഇന്ന് തത്സമയ മത്സരം നടക്കും.
ജില്ലാ സ്കൂൾ ശാസ്ത്രമേളയിൽ ശാസ്ത്ര നാടക മത്സരത്തിൽ വൈക്കം മുഹമ്മദ് ബഷീറിന്റെ ‘ന്റുപ്പൂപ്പാക്കൊരാനേണ്ടാർന്ന്’ എന്ന നോവലിനെ അധികരിച്ചു മമ്പറം എച്ച്എസ്എസ് അവതരിപ്പിച്ച ‘ഈ വെളിച്ചത്തിനെന്തു വെളിച്ചം’ എന്ന നാടകം ഒന്നാം സ്ഥാനം നേടി. ശാസ്ത്രം മനുഷ്യവർഗത്തിനു നൽകിയ നേട്ടങ്ങൾ, ശാസ്ത്രം തന്ന വെളിച്ചം എന്ന വിഷയത്തോടു ബന്ധിപ്പിക്കുന്ന നാടകമാണ് അവതരിപ്പിച്ചത്.
അടഞ്ഞുകിടന്ന ജനലുകളും വാതിലുകളുമെല്ലാം മലർക്കെ തുറന്നിട്ടു നോവലിലെ കുഞ്ഞിപാത്തുമ്മയെ നിക്കാഹ് ചെയ്യാൻ വന്ന നിസാർ അഹമ്മദ് പറയുന്ന ഡയലോഗാണ് വെളിച്ചത്തിനെന്തു വെളിച്ചമെന്ന്.
നോവലിൽ നിസാർ അഹമ്മദിന്റെ ബാപ്പയാണ് ജനൽ തുറക്കുന്നതെങ്കിൽ നാടകത്തിൽ നിസാർ അഹമ്മദ് തുറക്കുന്ന വിധത്തിൽ ചില മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്.
ശാസ്ത്രത്തിന്റെ എല്ലാ നേട്ടങ്ങളും ഉൾക്കൊണ്ട് മനുഷ്യർ ആധുനിക ജീവിതം നയിക്കുമ്പോഴും കുട്ടികളെ വിവരക്കേടുകളിൽ തളച്ചിടുന്നതിനോടു പ്രതികരിക്കുന്ന വിധമാണു നാടകാവതരണം. സമൂഹത്തിലെ അന്ധവിശ്വാസങ്ങളും അനാചാരങ്ങളും തുറന്നുകാട്ടി ശാസ്ത്രത്തിന്റെ വഴിയേ പോകണമെന്ന സന്ദേശം നാടകം നൽകുന്നു.
പ്രകാശൻ കരിവെള്ളൂരാണ് നാടകരചന നിർവഹിച്ചത്.
സംവിധാനം ചെയ്ത രാജേഷ് കീഴത്തൂരാണു മികച്ച സംവിധായകൻ. ഈ നാടകത്തിൽ അഭിനയിച്ച എട്ടാംക്ലാസ് വിദ്യാർഥിനി പി.വി.നിള മികച്ച നടിയുമായി. മൊകേരി രാജീവ്ഗാന്ധി എച്ച്എസ്എസ് അവതരിപ്പിച്ച നാടകത്തിലെ കൃഷ്ണ വരദാണു മികച്ച നടൻ.
നമുക്ക് ഭൂമിയെ സംരക്ഷിച്ച് ശാസ്ത്രത്തെ തിരിച്ചറിയാം, ഭൂമിയിൽ ഓക്സിജൻ ഇല്ലാത്ത അവസ്ഥ തുടങ്ങിയ പ്രമേയങ്ങളും നാടകരൂപത്തിലെത്തി. അഞ്ചു നാടകങ്ങളാണ് അരങ്ങേറിയത്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

