കണ്ണൂർ ∙ ചിറ്റാരിപ്പറമ്പ് തൊടീക്കളം എടയാർ പന്നി ഫാമിൽ പ്ലാസ്റ്റിക് മാലിന്യം കണ്ടെത്തിയതിനെ തുടർന്ന് തദ്ദേശ വകുപ്പ് ജില്ലാ എൻഫോഴ്സ്മെന്റ് സ്ക്വാഡ് തലശ്ശേരി, പാനൂർ ഭാഗങ്ങളിൽ നടത്തിയ പരിശോധനയിൽ 5 ഹോട്ടലുകൾക്ക് പിഴ ചുമത്തി. ഹോട്ടലുകളിൽ നിന്ന് ഭക്ഷ്യ അവശിഷ്ടങ്ങൾ പന്നി ഫാമിലേക്ക് നൽകുന്നതിനൊപ്പം തന്നെ കവറുകളിൽ പ്ലാസ്റ്റിക് മാലിന്യം കൂടി നൽകുന്നതായി കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.
തലശ്ശേരി ചിറക്കരയിലെ പൊന്ന്യം കഫെ, പുതിയ ബസ് സ്റ്റാൻഡിലെ എംആർഎ കൂൾബാർ, കോട്ടയം ആറാം മൈൽ, പാനൂർ നഗരസഭയിലെ പൂക്കോം, മമ്പറം പിണറായി റോഡിലെ കമ്പിനിമെട്ട എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്ന ഒമാസ് റസ്റ്ററന്റിന്റെ 3 ശാഖകൾ എന്നിവയ്ക്കാണ് സ്ക്വാഡ് 5000 രൂപ വീതം പിഴ ചുമത്തിയത്.
പന്നി ഫാമിൽ നിന്നു ശേഖരിച്ച തെളിവുകൾക്കു പുറമേ ഈ ഹോട്ടലുകളിൽ മാലിന്യം തരംതിരിക്കാതെ സൂക്ഷിച്ചതായും സ്ക്വാഡ് കണ്ടെത്തി.
പന്നി ഫാമിന്റെ വാഹനത്തിലേക്ക് ഭക്ഷണ മാലിന്യത്തിന് പുറമേ പ്ലാസ്റ്റിക് കവറുകളിൽ അജൈവ മാലിന്യം കയറ്റി വിടുന്ന സിസിടിവി ദൃശ്യങ്ങളും സ്ക്വാഡ് കണ്ടെടുത്തു. ക്രിസ് സെബാസ്റ്റ്യന്റെ ഉടമസ്ഥതയിൽ എടയാറിലുള്ള പന്നി ഫാമിന്റെ പിറകിലാണ് പ്ലാസ്റ്റിക് മാലിന്യം കണ്ടെത്തിയത്.
പന്നി ഫാമിലേക്ക് അജൈവ മാലിന്യം കൊടുത്തു വിടുന്ന ഹോട്ടലുകളെ കണ്ടെത്തുന്നതിന്റെ ഭാഗമായി 20ലധികം ഹോട്ടലുകളിൽ ആണ് എൻഫോഴ്സ്മെന്റ് സ്ക്വാഡ് തദ്ദേശഭരണ സ്ഥാപനങ്ങളുടെ സഹായത്തോടെ പരിശോധന നടത്തിയത്.
ജൈവ അജൈവ മാലിന്യം തരംതിരിക്കാതെ കൂട്ടിയിട്ടതിനു തലശ്ശേരി നാരങ്ങാപ്പുറം രാറാവീസ് റസ്റ്ററന്റ്, എംആർഎ റസ്റ്ററന്റ് ആൻഡ് ബേക്കറി എന്നീ സ്ഥാപനങ്ങൾക്ക് 2500 രൂപ വീതവും പ്ലാസ്റ്റിക് കവറുകൾ കത്തിച്ചതിനു പാരീസ് റസ്റ്ററന്റിന് 5000 രൂപയും പിഴ ചുമത്തി തുടർ നടപടി സ്വീകരിക്കാൻ സ്ക്വാഡ് തലശ്ശേരി നഗരസഭയ്ക്ക് നിർദേശം നൽകി.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

