
ഇരിക്കൂർ∙ ഇരിക്കൂർ താലൂക്ക് ആശുപത്രിയുടെ പുതിയ കെട്ടിടം യാഥാർഥ്യമായാലും താലൂക്ക് ആശുപത്രിയുടെ സൗകര്യങ്ങൾ ഉണ്ടാവില്ല. ബേസ്മെന്റും ഗ്രൗണ്ട് ഫ്ലോറും മാത്രം ഉൾക്കൊള്ളുന്നതാണു കെട്ടിടം. നബാർഡ് അനുവദിച്ച 11.30 കോടി രൂപ ചെലവിൽ നിർമിക്കുന്ന കെട്ടിടത്തിൽ കാഷ്വൽറ്റി, സ്പെഷ്യൽറ്റി ഒപി, ഫാർമസി, പ്ലാസ്റ്റർ റൂം, എക്സ്റേ, ഡ്രസിങ് ആൻഡ് ഇൻജക്ഷൻ റൂം, റിസപ്ഷൻ കൗണ്ടർ, വെയ്റ്റിങ് ലോബി, സ്റ്റോർ, സ്റ്റാഫ് നഴ്സ് ലോഞ്ച്, നഴ്സ് സ്റ്റേഷൻ, ഡോക്ടേഴ്സ് ലോഞ്ച്, മെഡിസിൻ സ്റ്റോർ, ടോയ്ലറ്റ് എന്നിവയാണുള്ളത്.
നിർമാണം പൂർത്തിയാക്കി ഡിസംബറിൽ ഉദ്ഘാടനം നടക്കും.
താലൂക്ക് ആശുപത്രിക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ നിലവിലുള്ള കെട്ടിടത്തിലില്ല. എല്ലാ സംവിധാനങ്ങളും പുതിയ കെട്ടിടത്തിൽ ഉണ്ടാകുമെന്നു 2024 ഫെബ്രുവരിയിൽ ശിലാസ്ഥാപന സമയത്ത് ആരോഗ്യ മന്ത്രി പ്രഖ്യാപിച്ചിരുന്നു.
സിഎച്ച്സി അനുപാതത്തിലുള്ള സ്റ്റാഫ് പാറ്റേണിൽ മാറ്റം വരുത്തി താലൂക്ക് ആശുപത്രിയുടെ പ്രവർത്തനത്തിനാവശ്യമായ സൂപ്രണ്ട് തസ്തിക അനുവദിച്ച് ഉദ്ഘാടനം നടത്തുമെന്നും പറഞ്ഞിരുന്നു. എന്നാൽ പുതിയ കെട്ടിടത്തിൽ താലൂക്ക് ആശുപത്രി സംവിധാനങ്ങൾ ഇല്ലാത്തതിനാൽ ഇക്കാര്യത്തിലും ഉടൻ മാറ്റമൊന്നുമുണ്ടാകില്ല. 2015 സെപ്റ്റംബറിൽ യുഡിഎഫ് സർക്കാരിന്റെ അവസാന കാലത്താണു ഇരിക്കൂർ സിഎച്ച്സിയെ താലൂക്ക് ആശുപത്രിയാക്കി ഉയർത്തിയത്.
തുടർന്നു വന്ന പിണറായി സർക്കാർ 9 വർഷത്തിലേറെയായിട്ടും താലൂക്ക് ആശുപത്രി പ്രവർത്തനത്തിനാവശ്യമായ കാര്യമായ തുടർ നടപടികളൊന്നും സ്വീകരിച്ചില്ല. താലൂക്ക് ആശുപത്രിയാക്കി ഉയർത്തിയതു ധന വകുപ്പിനെ രേഖാമൂലം അറിയിച്ചില്ലെന്നും ഇതുകാരണം ട്രഷറി രേഖകളിൽ ഉൾപ്പെടെ സിഎച്ച്സി എന്നാണുള്ളതെന്നും ഒന്നര വർഷം മുൻപ് ആശുപത്രി സന്ദർശിച്ച മന്ത്രി വീണാ ജോർജ് പറഞ്ഞിരുന്നു.
ഇക്കാര്യം ഉടൻ പരിഹരിക്കുമെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു. എന്നാൽ നാളിതുവരെയായിട്ടും അതിനും മാറ്റമില്ല.
ആശുപത്രിയുടെ സീൽ പോലും ഇപ്പോഴും സിഎച്ച്സി എന്നാണുള്ളത്. ആശുപത്രിയോടുള്ള സർക്കാർ അവഗണനയ്ക്കെതിരെ സംഘടനകൾ ഒട്ടേറെ പ്രതിഷേധ പരിപാടികൾ നടത്തിയിരുന്നു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]