
പയ്യന്നൂർ ∙ ചോർന്നൊഴിലിക്കാൻ ഈ വീടിന് മേൽക്കൂരയില്ല. ആക്രി പെറുക്കി ജീവിക്കുന്ന എസ്.ജ്യോതി വെള്ളിയാഴ്ച രാത്രി 4 പേരമക്കളെ ചേർത്ത് പിടിച്ചുറങ്ങിയത് മേൽക്കൂരയുള്ള കെട്ടിടത്തിലാണ്.
രാത്രി 12 മണിയോടെ ശക്തമായ കാറ്റിലും മഴയിലും കെട്ടിടത്തിന്റെ മേൽക്കൂര പൂർണമായും പാറിപ്പോയി.ആസ്ബസ്റ്റോസ് ഷീറ്റ് ഉൾപ്പെട്ട മേൽക്കൂര പാറിവീണത് അടുത്തുള്ള വൈദ്യുതത്തൂണിന് മുകളിലായതിനാൽ വലിയ പൊട്ടിത്തെറിയുണ്ടായി.
പുറത്തിറങ്ങാൻ പോലും കഴിയാതെ ഈ മുത്തശ്ശി പേരമക്കളെ കെട്ടിപ്പിടിച്ച് ആ കെട്ടിടത്തിനകത്തുനിന്ന് നിലവിളിച്ചെങ്കിലും ആർത്തിരമ്പുന്ന മഴമൂലം കേൾക്കാൻ ആരുമുണ്ടായിരുന്നില്ല. വീട്ടുസാധനങ്ങളെല്ലാം മഴയിൽ കുതിർന്നു.
വാടകക്കെട്ടിടത്തിന്റെ മേൽക്കൂരയാണു പാറിപ്പോയത്.കെട്ടിട ഉടമ മറ്റൊരു കെട്ടിടത്തിൽ ഒറ്റമുറി നൽകിയിട്ടുണ്ടെങ്കിലും സുരക്ഷയെക്കുറിച്ച് ആശങ്കയുള്ളതിനാൽ അവിടേക്കു പെൺകുട്ടികളെയും കൊണ്ടുപോകാൻ ഈ മുത്തശ്ശിക്ക് ഭയമാണ്.
30 വർഷം മുൻപ് തമിഴ്നാട് കടലൂരിൽനിന്നാണ് ജ്യോതി പയ്യന്നൂരിലെത്തിയത്.
വാടകവീട്ടിൽ താമസിച്ച് ആക്രി പെറുക്കി ജീവിച്ചു. ഭർത്താവ് 8 വർഷം മുൻപ് മരിച്ചു.
ഏക മകൾ ഭൂവനേശ്വരിയുടെ 4 മക്കളാണു കൂടെയുള്ളത്. ഭുവനേശ്വരി കുവൈത്തിലേക്കു പോയെങ്കിലും കാര്യമായ ജോലി കിട്ടിയില്ല.
കടം തീർക്കാൻ അവിടെ തുടരുന്നെന്നുമാത്രം. ഭുവനേശ്വരിയുടെ രോഗിയായ ഭർത്താവ് തമിഴ്നാട്ടിലാണ്.എംഎൽടിക്ക് പഠിക്കുന്ന മൂത്ത പേരക്കുട്ടി രോഗിയാണ്.
രക്തം മാറ്റിക്കൊണ്ടിരിക്കണം. പ്ലസ്ടു കഴിഞ്ഞ രണ്ടാമത്തെ മകൾ തുടർപഠനത്തിന് വഴിയില്ലാതെ പ്രയാസത്തിലാണ്.
അടച്ചുറപ്പുള്ള വീടുണ്ടെങ്കിൽ ആക്രി പെറുക്കിയും ജീവിക്കാം എന്നാണ് ഈ മുത്തശ്ശി പറയുന്നത്. പെൺമക്കളെ തനിച്ചാക്കി പുറത്തുപോകാൻ ഈ മുത്തശ്ശി ഭയക്കുന്നു.
വീടും സ്ഥലവും നൽകുന്ന സർക്കാർ പദ്ധതിയുടെ പ്രയോജനമൊന്നും ജ്യോതിയുടെ കുടുംബത്തിന് ലഭിക്കുന്നില്ല. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]