
വൈക്കോലിൽവച്ചു പഴുപ്പിച്ചു, മാമ്പഴമധുരം മായമില്ലാതെ; ‘ബീ മാംഗോസ്’
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
നല്ല മാമ്പഴം കഴിക്കാനുള്ള സഹോദരി ഷിജിനയുടെ ഗർഭപ്പൂതിയിൽ നിന്നാണ് തലശ്ശേരി വടക്കുമ്പാട്ടെ ഞാലിൽവീട്ടിൽ എൻ.ഷിജോയുടെ ബിസിനസ് ഐഡിയ ജനിക്കുന്നത്. കുറ്റ്യാട്ടൂരിൽപോയി 30 കിലോഗ്രാം മാങ്ങ കൊണ്ടുവന്ന് പരമ്പരാഗതരീതിയിൽ വൈക്കോലിൽവച്ചു പഴുപ്പിച്ചു. വീട്ടിൽ എല്ലാവരും മാമ്പഴം രുചിച്ചു കഴിക്കുമ്പോൾ ഷിജോ അവിടെ നിന്നാരംഭിക്കുകയായിരുന്നു. വൈവിധ്യമാർന്ന നാടൻ മാങ്ങകൾ ശേഖരിച്ച് വൈക്കോൽവച്ചു പഴുപ്പിച്ച് നാടുനീളെ വിൽപനയ്ക്കെത്തിച്ചു. നാലു ടൺ മാമ്പഴമാണ് ‘ബീ മാംഗോസ്’ എന്ന ബ്രാൻഡിൽ ഷിജോ കണ്ണൂർ, കാസർകോട്, കോഴിക്കോട്, വയനാട് ജില്ലകളിൽ വിൽപനയ്ക്കെത്തിക്കുന്നത്. രാസവസ്തുക്കൾകൊണ്ടു മാങ്ങ പഴുപ്പിക്കുന്നുവെന്ന പരാതി ഉള്ളിടത്താണു പരമ്പരാഗത രീതിയിൽ മാങ്ങ പഴുപ്പിച്ചു രുചിയും കഴിക്കുന്നവരുടെ ആരോഗ്യവും നഷ്ടപ്പെടുത്താതെ ഷിജോ കച്ചവടം നടത്തുന്നത്.
തൃശൂർ മുതൽ കാസർകോട്ടുവരെയുള്ള നാടൻമാങ്ങളാണു ഷിജോ കൊണ്ടുവരുന്നത്. കാസർകോട്, കണ്ണൂർ, വയനാട്, കോഴിക്കോട് ജില്ലകളിൽ ഷിജോ തന്നെ പോയി വീട്ടുകാരുമായി കരാർ ഉറപ്പിച്ച് മുൻകൂർ തുക നൽകും. കണ്ണിമാങ്ങയുണ്ടാകാൻ തുടങ്ങുമ്പോൾ തന്നെ കരാർ ഉറപ്പിക്കും.
ഏറ്റവുമധികം വൈവിധ്യമാർന്ന മാങ്ങ ലഭിക്കുന്നത് കോഴിക്കോട്ടു നിന്നാണ്. മൂപ്പാകുമ്പോൾ സ്വന്തം ജോലിക്കാരെ കൊണ്ടുപോയി പറിച്ചെടുക്കും. പാലക്കാട്, മലപ്പുറം, തൃശൂർ ജില്ലകളിൽനിന്നു പാട്ടക്കരാറുകാർ മാങ്ങയെത്തിച്ചുകൊടുക്കും.
125 തരം മാങ്ങയാണു കഴിഞ്ഞ കൊല്ലം ഷിജോ വിൽപനയ്ക്കെത്തിച്ചത്. നാട്ടുമാങ്ങകൾ വാങ്ങുന്നവർ അതിന്റെ തൈകളും മുളപ്പിക്കും. അങ്ങനെ അന്യംനിന്നുപോകുന്ന പലതരം മാവുകളെ സംരക്ഷിക്കാനും ഷിജോ കാരണക്കാരനായി. അണ്ണാനും കിളികളും തിന്നു നശിച്ചുപോകുന്ന നാടൻമാങ്ങകൾ വിൽക്കുന്നതിലൂടെ വീട്ടുകാർക്കൊരു വരുമാനവും ആയി.അച്ഛൻ ഗിരീഷും അമ്മ ലിസിയും കച്ചവടത്തിനു കൂടെയുണ്ട്. മാങ്ങ പഴുപ്പിക്കാനുള്ള വൈക്കോൽ കൃഷിക്കാരിൽനിന്നു നേരിട്ടുവാങ്ങും. പറിച്ചെടുക്കുന്ന മാങ്ങ തുടച്ചുവൃത്തിയാക്കി വൈക്കോലിൽ വയ്ക്കും.
നാലുദിവസം കൊണ്ടാണു പഴുക്കുക. അതിൽനിന്നു നല്ലതു തിരഞ്ഞെടുത്താണു വിൽപനയ്ക്കെത്തിക്കുന്നത്. അല്ലാത്തതു കൃഷിയിടത്തിലേക്കു വളമാക്കാൻ കൊണ്ടുപോകും. ജൈവപച്ചക്കറിക്കൃഷിക്കാരൻകൂടിയാണ് ഷിജോ. വടക്കൻ കേരളത്തിൽ നടക്കുന്ന മാമ്പഴമേളകളിലേക്കു നാടൻ മാങ്ങകൾ കൂടുതൽ എത്തിക്കുന്നതും ഷിജോയാണ്. ചക്കരക്കുടം, മൽഗോവ, നീലപ്പറങ്കി, കണ്ണച്ചാൽ, നീലൻ, പ്രീയൂർ, നടശാല, കുറ്റ്യാട്ടൂർ, തേൻവരിക്ക, ഏറാമല ഒളോർ, മഞ്ഞക്കിളി, മൂവാണ്ടൻ എന്നിവയാണ് ഇപ്പോൾ വിപണിയിലെത്തിക്കുന്നത്.
ഇത്തവണ മാവു പൂക്കാൻ വൈകിയതിനാൽ അടുത്ത മാസമാണു കൂടുതൽ ഇനം എത്തുക.പൊതുവേ മാങ്ങ കുറവായതിനാൽ വില കൂടുതലാണ്. എന്നാലും നാടൻ രീതിയിൽ പഴുപ്പിച്ചെടുക്കുന്നതിനാൽ വിൽപനയെ ബാധിക്കില്ലെന്ന് ഷിജോ പറഞ്ഞു.