കണ്ണൂർ∙ വെള്ളവയറൻ കടൽപരുന്ത് സർവേ സംഘത്തിനൊപ്പം ക്യാമറയുമായി ചിത്രങ്ങൾ പകർത്തുമ്പോൾ സിറ്റി പൊലീസ് കമ്മിഷണർ പി.നിധിൻരാജ് കരുതിയില്ല താൻ പകർത്തുന്നത് അത്യപൂർവമായി കാണുന്ന ദേശാടനപക്ഷിയെയാണെന്ന്. തെക്കേ ഇന്ത്യയിൽ അത്യപൂർവമായി കാണപ്പെടുന്ന ചുവപ്പുവാലൻ ഷ്രൈക് ആണ് കമ്മിഷണറുടെ ക്യാമറക്കണ്ണിൽ പതിഞ്ഞത്.
കാട്ടാമ്പള്ളി പാടശേഖരത്തിലാണ് ഇതിനെ കണ്ടെത്തിയത്.
കഴിഞ്ഞ കുറച്ചു കാലങ്ങളായി കാട്ടാമ്പള്ളിയുടെ സമീപ പ്രദേശങ്ങളിൽ ബ്രൗൺ ഷ്രൈകിന് സാമ്യമുള്ള പക്ഷിയെ കണ്ടതായി പക്ഷിനിരീക്ഷകരായ ഡോ. ജയൻ തോമസും അഫ്സൽ നായകനും അഭിപ്രായപ്പെട്ടിരുന്നു.
വന്യജീവി സംരക്ഷണ സംഘടനയായ മാർക്കും സാമൂഹിക വനവൽക്കരണ വിഭാഗവും കാട്ടാമ്പള്ളി മേഖലയിൽ ചൊവ്വാഴ്ച വെള്ളവയറൻ കടൽപരുന്ത് സർവേ നടത്തുന്നതിനിടെയാണ് ചിത്രം പകർത്തിയത്.
സർവേ സംഘാംഗങ്ങളായ ഡോ.സി.മോഹനൻ, ഡോ.റോഷ്നാഥ് രമേശ്, ആഷ്ലി ജോസ് എന്നിവരാണ് പക്ഷി ചുവപ്പുവാലൻ ഷ്രൈകാണെന്ന് സ്ഥിരീകരിച്ചത്.
മംഗോളിയ, ചൈന എന്നീ രാജ്യങ്ങളിലാണ് ഇവ കൂടുതലുള്ളത്. ഗുജറാത്ത്, രാജസ്ഥാൻ മേഖലകളിൽ ഇവയെ കാണാറുണ്ടെങ്കിലും തെക്കേ ഇന്ത്യയിൽ അത്യപൂർവമാണ്. കേരളത്തിൽ വർഷങ്ങൾക്കു മുൻപ് തൃശൂർ കോൾ തണ്ണീർത്തടത്തിലായിരുന്നു ഇവയെ കണ്ടതായി റിപ്പോർട്ട് ചെയ്തത്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

