ഇരിട്ടി ∙ ആറളം പുനരധിവാസ കേന്ദ്രത്തിൽ കഴിഞ്ഞ ദിവസത്തെ ദുരിതരാത്രി രക്ഷയായത് ആർആർടി സംഘത്തിന്റെ ഇടപെടൽ. ആറളം വനത്തിൽ ഉരുൾപൊട്ടിയെന്ന സംശയം ഉണ്ടാവുകയും പുഴ കരകവിഞ്ഞ് വീടുകളിലേക്ക് വെള്ളം കുത്തി ഒഴുകിയെത്തുകയും ചെയ്തതോടെ എന്ത് ചെയ്യണമെന്നറിയാതെ സ്ത്രീകളും കുട്ടികളും അടക്കമുള്ളവർ പകച്ചു നിൽക്കുകയായിരുന്നു.
ശ്രുതി എന്ന യുവതിയാണ് ആർആർടി ഗ്രൂപ്പിൽ വീടുകളിൽ വെള്ളം കയറിക്കൊണ്ടിരിക്കുയാണെന്നും സഹായത്തിന് ആരെങ്കിലും എത്തണമെന്നും ആവശ്യപ്പെട്ട് ആദ്യം ശബ്ദ സന്ദേശം അയച്ചത്.
ശബ്ദം സന്ദേശം ശ്രദ്ധയിൽപ്പെട്ട രണ്ട് മിനിറ്റിനകം റേഞ്ചർ നിധിൻ രാജിന്റെ ഞങ്ങൾ വരുന്നുണ്ട് എന്ന സന്ദേശവും ഗ്രൂപ്പിൽ എത്തി.
നിമിഷങ്ങൾക്കകം ആർആർടി സംഘം വാഹനവുമായി ഓരോ വീടുകളും തേടിയിറങ്ങി. രാത്രി വൈകിയെങ്കിലും എല്ലാവരെയും ആർആർടി ഓഫിസിൽ സുരക്ഷിതമായി എത്തിച്ചു.
രാത്രിയിലെ കാറ്റിലും മഴയിലും വൈദ്യുതി നിലച്ചതും ഫോൺ നെറ്റ് വർക്ക് ലഭിക്കാത്തതും പലർക്കും സഹായം തേടാൻ പോലും പറ്റാത്ത സ്ഥിതിയായിരുന്നു. പുനരധിവാസ കേന്ദ്രത്തിന്റെ മുക്കും മൂലയും നന്നായി അറിയാവുന്ന ആർആർടി സംഘം ഓരോ വീടുകളിലും എത്തിയാണ് എല്ലാവരെയും സുരക്ഷിത സ്ഥാനത്ത് എത്തിച്ചത്.
ആരും ഒറ്റപ്പെട്ടു പോയില്ലെന്ന് ഉറപ്പുവരുത്തിയ ശേഷം ആർആർടി സംഘവും മടങ്ങി. സംഭവം അറിഞ്ഞ് സഹായത്തിന് ആറളം കൊട്ടിയൂർ റേഞ്ചുകളിൽ നിന്ന് കൂടുതൽ ജീവനക്കാരും സ്ഥലത്തെത്തി.
35ഓളം കുടുംബങ്ങളെയാണ് ആർആർടി സംഘം സുരക്ഷിതമായി വീടുകളിൽ നിന്ന് മാറ്റിയത്.
പിന്നാലെ പഞ്ചായത്ത് അധികൃതരും ജനപ്രതിനിധികളും സന്നദ്ധ പ്രവർത്തകരും എത്തി. ക്യാംപുകളിലുള്ളവർക്കുള്ള ഭക്ഷണവും മറ്റ് സൗകര്യങ്ങളും ഒരുക്കി.രാവിലെ ആർആർടി ഓഫിസിൽ ഭക്ഷണം പാകം ചെയ്യാനുള്ള സൗകര്യം ചെയ്ത ശേഷം, വൈദ്യുതി ലൈനുകൾക്ക് മുകളിൽ വീണുകിടന്ന മരങ്ങൾ മുറിച്ചുമാറ്റുന്നതിനും തടസ്സപ്പെട്ട
റോഡുകൾ ഗതാഗത യോഗ്യമാക്കുന്നതിനുമായിരുന്നു വനം വകുപ്പിന്റെ ശ്രദ്ധ. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]