
കണ്ണൂർ∙ ശക്തമായി തുടരുന്ന കാറ്റിലും മഴയിലും ജില്ലയിൽ വ്യാപക നാശനഷ്ടം. ആറളം പുനരധിവാസ കേന്ദ്രത്തിൽ വീടുകളിലേക്ക് വെള്ളം കയറിയതിനെ തുടർന്ന് 35 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു.
കോളാരി വില്ലേജിലെ മണ്ണൂരിൽ 11 വീടുകളിൽ വെള്ളം കയറി. ഒരു കുടുംബത്തെ സമീപത്തെ ക്വാർട്ടേഴ്സിലേക്ക് മാറ്റിപ്പാർപ്പിച്ചു.
പഴശ്ശി അണക്കെട്ടിൽ വെള്ളം തുറന്നുവിട്ടതിനെ തുടർന്ന് മണ്ണൂർ, പൊറോറ, മേഖലകളിൽ നിരവധി വീടുകളിൽ വെള്ളം കയറി നാശനഷ്ടമുണ്ടായി.
ഉരുൾപ്പൊട്ടലിനെ തുടർന്ന് ഇന്നലെ പുലർച്ചെയാണ് പഴശ്ശി ഡാമിൽ വെള്ളം ഉയരുകയും ഷട്ടറുകൾ തുറക്കുകയും ചെയ്തത്. പുഴയോരത്ത് താമസിക്കുന്നവർക്ക് മുന്നറിയിപ്പ് നൽകിയിരുന്നില്ലെന്ന ആക്ഷേപം വ്യാപകമാണ് നാട്ടുകാരും സന്നദ്ധപ്രവർത്തകരും രാത്രി തന്നെ വെള്ളം കയറിയ വീടുകളിൽ നിന്ന് ആളുകളെ ബന്ധുവീടുകളിലേക്കും സമീപത്തെ ക്വാട്ടേഴ്സുകളിലേക്കും മാറ്റി പല വീടുകളിലെയും വീട്ടുപകരണങ്ങൾ വെള്ളത്തിൽ ഒഴുകിപ്പോയി.
വളർത്തുമൃഗങ്ങളും ഒഴുക്കിൽപ്പെട്ടു.
ഇരിട്ടി പായത്ത് ഷീബ രഞ്ജിത്ത്, കരുവാരത്തോടി മാങ്കുഴി ലീല എന്നിവരുടെ വീടിന് മുകളിൽ മരം വീണു. കൊട്ടിയൂർ വില്ലേജിൽ ഒറ്റപ്ലാവ് ഇലവും കുടിയിൽ അന്നമ്മയുടെ വീടിനു മുകളിൽ മരം വീണു.
വീട്ടിലുള്ളവരെ അടുത്തുള്ള ബന്ധുവീട്ടിലേക്ക് മാറ്റി പാർപ്പിച്ചു. കാങ്കോൽ പൂതെങ്ങയിൽ വടക്കേ പുരയിൽ കല്യാണിയുടെ വീടിന് മുകളിൽ മരം വീണു മേൽക്കൂര പൂർണമായി തകർന്നു.
പരുക്കേറ്റ കല്യാണി പരിയാരം മെഡിക്കൽ കോളജിൽ ചികിത്സയിലാണ്.
എരമം ചെമ്പാടിൽ പി.വി ബാലകൃഷ്ണൻ, പി.വി.രാജൻ എന്നിവരുടെ വീടുകൾക്ക് ഭാഗിക നാശനഷ്ടം സംഭവിച്ചു. മാടായി വെങ്ങരയിൽ കെ.കെ.
രമണിയുടെ വീടിനുമുകളിൽ മരം വീണു. എരമം പെൻഷൻ ഭവൻ കെട്ടിടത്തിന് മുകളിൽ വൈദ്യുതി തൂൺ വീണു.
പെരിങ്ങോം ഗവ. കോളജിലെ സ്റ്റാഫ് റൂമിലെ ഗ്ലാസ് ഭിത്തി തകർന്നു.
പുളിങ്ങോം ശശികുമാറിന്റെ വീട്ടുമതിൽ തകർന്നു. കുഞ്ഞിമംഗലം മൂശാരി കൊവ്വലിൽ പടോളി മാധവിയുടെ വീടിനു മുകളിൽ തെങ്ങ് വീണു.
എടാട്ട് ഈസ്റ്റിൽ സുരേഷ് എടിച്ചേരിയുടെ വീടിന് മുകളിൽ മാവ്, തെങ്ങ് എന്നിവ പൊട്ടിവീണ് മേൽക്കൂര പൂർണമായി തകർന്നു. കണ്ടോത്ത് കൂർമ്പ ഭഗവതി ക്ഷേത്ര വളപ്പിലെ ആൽമരം പൊട്ടി വീണ് ക്ഷേത്രത്തിലെ നടപന്തലിനു കേടുപാടുകൾ സംഭവിച്ചു.
ചപ്പാരപ്പടവ് കുട്ടിക്കരി ഉരുളിച്ചാലിൽ മണിയുടെ വീടിനു മുകളിൽ തെങ്ങ് വീണ് മേൽക്കൂര തകർന്നു.
എരുവാട്ടി പാലാത്തടം തങ്കപ്പന്റെ വിറക് പുര മരം വീണ് തകർന്നു. എരുവാട്ടി മേരിഗിരി മേഖലയിൽ റോഡിൽ മരങ്ങൾ വീണ് ഗതാഗതം തടസ്സപ്പെട്ടു.
മേഖലയിൽ 3 സ്ഥലങ്ങളിൽ വൈദ്യുതിത്തൂൺ പൊട്ടി വീണു.പാനൂർ തൃപ്പങ്ങോട്ടൂർ പാലോള്ളതിൽ മുത്തപ്പൻ മഠപ്പുരയ്ക്ക് മുകളിൽ തെങ്ങ് വീണ് മേൽക്കൂര തകരാറിലായി. ശക്തമായ കാറ്റിലും മഴയിലും പള്ളിക്കുന്ന് പന്നേൻപാറ റോഡ് കോർപറേഷൻ സോണൽ ഓഫിസിനു സമീപം പള്ളിയത്തു എം.കെ.നാരായണന്റെ വീടിനു മുകളിൽ മരം കടപുഴകി വീണ് വീടിനു കേടുപറ്റി.
ഇന്നലെ പുലർച്ചെയാണ് സംഭവം. മേൽക്കൂരയും ചുറ്റുമതിലും ഭാഗികമായി തകർന്നു.
അഗ്നിരക്ഷാസേനയെത്തിയാണ് മരം മുറിച്ചു നീക്കിയത്.
∙പുഴകൾ കരകവിഞ്ഞ് ഇരിക്കൂർ, മലപ്പട്ടം, പടിയൂർ മേഖലകളിൽ വെള്ളപ്പൊക്കം. 17 വീടുകളിലും 2 അങ്കണവാടികളിലും ഒട്ടേറെ വ്യാപാര സ്ഥാപനങ്ങളിലും വെള്ളം കയറി.
വീട്ടുകാർ ബന്ധുവീടുകളിലേക്കു താമസം മാറി. സംസ്ഥാന പാതയിൽ പടിയൂർ പെടയങ്ങോട് വെള്ളം കയറി ഗതാഗതം നിലച്ചു. വാഹനങ്ങൾ പൂവം–കല്യാട്, പെടയങ്ങോട്–തീക്കുഴിച്ചാൽ റോഡ് വഴി തിരിച്ചുവിട്ടു.
നിലാമുറ്റം-ഏട്ടക്കയം, വളവു പാലം-പട്ടീൽ, റഹ്മാനിയ മാർക്കറ്റ്-ഡൈനാമോസ് മൈതാനം, ഡൈനാമോസ് ഗ്രൗണ്ട് -നിടുവള്ളൂർ, പെടയങ്ങോട്-പഞ്ചാരമുക്ക്, ഇരിക്കൂർ-പട്ടുവം വാണിവിലാസം സ്കൂൾ റോഡുകൾ വെള്ളത്തിൽ മുങ്ങി ഗതാഗതം തടസ്സപ്പെട്ടു. മലപ്പട്ടം കൊവുന്തല ഉണക്കുകണ്ടം പാർക്കും മുനമ്പു കടവ് പാർക്കും വെള്ളത്തിൽ മുങ്ങി.
മലപ്പട്ടം-കൊവുന്തല പാർക്ക് റോഡിൽ വെള്ളം കയറി.
മമ്പറം എകെജി നഗറിലെ ചിറ്റാരിയിൽ കാർത്യായനി, കൂത്തുപറമ്പ് മൂര്യാട്ടെ എം.പി.ചിത്രഭാനു എന്നിവരുടെ വീടിനു മുകളിൽ മരം വീണു. മൂര്യാട്ടെ സജീവന്റെ വീട്ടു കിണറിന്റെ ആൾമറ തെങ്ങ് വീണു തകർന്നു. കാറ്റിൽ പെരിങ്ങോം ഗവ.
കോളജിലെ സ്റ്റാഫ് റൂമിലെ ഗ്ലാസ് ഭിത്തി തകർന്നു. പയ്യന്നൂർ കണ്ടോത്ത് കൂർമ്പ ഭഗവതി ക്ഷേത്രമുറ്റത്തെ നൂറ്റാണ്ടിലധികം പ്രായമുള്ള ആൽമരം കടപുഴകി വീണു.
ക്ഷേത്രം നടപ്പന്തൽ ഭാഗികമായി തകർന്നു.
പഴശ്ശി: ഷട്ടറുകൾ തുറന്നു; ജാഗ്രത പാലിക്കണം
മട്ടന്നൂർ∙ കനത്ത മഴയെ തുടർന്ന് പുഴകളിൽ ജലനിരപ്പ് ഉയർന്നതോടെ പഴശ്ശി അണക്കെട്ടിന്റെ ഷട്ടറുകൾ തുറന്നു. ശക്തമായ കുത്തൊഴുക്കുള്ളതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]