
കല്യാശ്ശേരി ∙ ഇന്നലെ പുലർച്ചെ വീശിയടിച്ച ശക്തമായ കാറ്റിലും മഴയിലും കല്യാശ്ശേരി, പാപ്പിനിശ്ശേരി, കണ്ണപുരം പഞ്ചായത്തുകളിലായി മരങ്ങൾ വീണ് വൻ നാശനഷ്ടം. രാത്രിയിൽ പല തവണ വീശിയടിച്ച കാറ്റിൽ വിവിധയിടങ്ങളിലായി നൂറുകണക്കിനു തെങ്ങുകളും മരങ്ങളും കടപുഴകി വീണു. അഞ്ചാംപീടിക കപ്പോത്തുകാവിനു സമീപം ഇ.മോഹനന്റെ തറവാട് വീടിനു മുകളിൽ മരം കടപുഴകി വീണു മേൽക്കൂര പൂർണമായും തകർന്നു.
ചുമരിനും കേടുപാടുണ്ടായി. മാങ്ങാട്ടുപറമ്പ് കണ്ണൂർ സർവകലാശാല ക്യാംപസിനു സമീപം കെ.വി.ബാബുവിന്റെ വീടിനു മുകളിൽ മരം വീണു നാശനഷ്ടമുണ്ടായി.
കല്യാശ്ശേരി ടി.ടി.പ്രദീപിന്റെ വീടിനു മുകളിൽ മരം വീണു മേൽക്കൂര തകർന്നു. മാങ്ങാട് ശൈലജയുടെ വീടിനും മരം വീണു നാശനഷ്ടമുണ്ടായി. മരംവീണ് ഒട്ടേറെ വൈദ്യുതത്തൂണുകൾ തകർന്നുവീണ് വൈദ്യുതി തടസ്സപ്പെട്ടു.
മാങ്ങാട്ടുപറമ്പ് സബ്സ്റ്റേഷന്റെ കീഴിൽ 32 ലധികം വൈദ്യുതത്തൂണുകൾ തകരുകയും കമ്പികൾ പൊട്ടുകയും ചെയ്തു. വലിയതോതിൽ നാശനഷ്ടമുണ്ടായതായി അധികൃതർ അറിയിച്ചു.
മരം വീണു പ്രാദേശിക റോഡുകളിലെ ഗതാഗതവും തടസ്സപ്പെട്ടു. മാങ്ങാട്, കൃഷ്ണപിള്ള നഗർ, അരയാല, സിവിൽ സർവീസ് റോഡ്, കാട്യം എന്നിവിടങ്ങളിൽ മരം വീണു. മാങ്ങാട് 15ൽ അധികം വൈദ്യുതത്തൂണുകൾ തകർന്നു വീണു.
തകർന്നുവീണ വൈദ്യുതത്തൂണുകളിൽ ഒന്നു വീട്ടുമുറ്റത്തേക്കു വീണെങ്കിലും വൈദ്യുതി ഇല്ലാത്തതിനാൽ വൻ അപകടം ഒഴിവായി.
പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷനു സമീപം റോഡിലേക്ക് കൂറ്റൻ മരം വീണു രാവിലെ ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു. പാപ്പിനിശ്ശേരി പഞ്ചായത്ത് ബിഎസ്എൻഎൽ റോഡിന് സമീപം പട്ടേരി ജയശ്രീയുടെ വീട്ടുമുറ്റത്തേക്ക് തെങ്ങ് വീണു മുറ്റത്തെ ഷീറ്റ് തകർന്നു. മാങ്കടവ് റോഡിൽ തെങ്ങ് വീണു വൈദ്യുതത്തൂണ് തകർന്നു.
മാങ്ങാട്ടുപറമ്പിൽ കൂറ്റൻ പരസ്യബോർഡ് കാറ്റിൽ തകർന്നുവീണു. അഞ്ചാംപീടിക, പാളിയത്തുവളപ്പ്, കണ്ണപുരം മൊട്ടമ്മൽ, കീഴറ, മൊറാഴ എന്നിവിടങ്ങളിലും മരം വീണു നാശനഷ്ടമുണ്ടായി.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]