പയ്യന്നൂർ ∙ അമൃത് ഭാരത് പദ്ധതിയിൽ ഉൾപ്പെടുത്തിയ പയ്യന്നൂർ റെയിൽവേ സ്റ്റേഷൻ വികസനത്തിന്റെ ഒന്നാംഘട്ടം നവംബറിൽ പൂർത്തിയാക്കുമെന്ന് അഡീഷനൽ ഡിവിഷനൽ റെയിൽവേ മാനേജർ എം.ജയകൃഷ്ണൻ മനോരമയോടു പറഞ്ഞു. പയ്യന്നൂർ റെയിൽവേ സ്റ്റേഷൻ വികസനവുമായി ബന്ധപ്പെട്ടു നഗരസഭാധികൃതരും പൊലീസും ഓട്ടോറിക്ഷ ട്രേഡ് യൂണിയൻ നേതാക്കളുമായി ചർച്ചയ്ക്ക് എത്തിയതായിരുന്നു അദ്ദേഹം.
ഇനി പ്രധാന കവാടത്തിന്റെ നിർമാണമാണു പൂർത്തിയാക്കാനുള്ളത്.
അതിന്റെ പ്രവൃത്തി ദ്രുതഗതിയിൽ നടക്കുന്നുണ്ട്. ഒന്നാംഘട്ടം പൂർത്തിയാകുന്നതോടെ രണ്ടാംഘട്ട
നിർമാണം തുടങ്ങുമെന്നും അദ്ദേഹം പറഞ്ഞു. ഒന്നാംഘട്ടം പൂർത്തിയാകുമ്പോൾ സ്റ്റേഷൻ പരിസരത്തെയും സ്റ്റേഷനുകളിലേക്കുള്ള റോഡുകളിലെയും അനധികൃത പാർക്കിങ് തടയണമെന്നു നഗരസഭയോടും പൊലീസിനോടും ആവശ്യപ്പെട്ടു.
കിഴക്ക് ഭാഗത്തെ മമ്പലം റോഡിലെ പാർക്കിങ് പൂർണമായി തടയുമെന്നു നഗരസഭയും പൊലീസും ഉറപ്പുനൽകി.
കിഴക്ക് ഭാഗത്തെ പാർക്കിങ് ഫീസിൽ മാസവാടകയിൽ കുറവു വരുത്തണമെന്ന നഗരസഭയുടെ ആവശ്യം പരിഗണിക്കുമെന്നു കരാറുകാരൻ സമ്മതിച്ചിട്ടുണ്ട്. പടിഞ്ഞാറു ഭാഗത്തെ ബസ്ബേയിലും പയ്യന്നൂർ ഭാഗത്തുള്ള റോഡരികിലെയും പാർക്കിങ് തടയുമെന്നും അനധികൃത പാർക്കിങ്ങിനു പിഴയീടാക്കുമെന്നും പൊലീസ് അറിയിച്ചു.
പയ്യന്നൂർ ഭാഗത്തെ റോഡിൽ ഓയിൽ മില്ലിനു മുൻവശത്തെ അനധികൃത വ്യാപാരസ്ഥാപനങ്ങൾ പൊളിച്ചു നീക്കണമെന്ന് എഡിആർഎം നഗരസഭയോട് ആവശ്യപ്പെട്ടു.
ഫൂട്ട് ഓവർ ബ്രിജ് മുതൽ സുരഭി നഗർ വരെ മുട്ടത്തുകടവ് തോടിനു ഭിത്തി നിർമിക്കുമെന്ന് എഡിആർഎം അറിയിച്ചു. കൗൺസിലർ എം.പ്രസാദിന്റെ നിവേദനത്തെ തുടർന്നാണു നടപടി.
നഗരസഭ ഉപാധ്യക്ഷൻ പി.വി.കുഞ്ഞപ്പൻ, കൗൺസിലർ എം.പ്രസാദ്, എസ്ഐ ഗിരീശൻ, ഓട്ടോറിക്ഷ തൊഴിലാളി യൂണിയൻ നേതാക്കളായ യു.വി.രാമചന്ദ്രൻ, പി.വി.പത്മനാഭൻ (സിഐടിയു), കെ.വി.പ്രമോദ് (ഐഎൻടിയുസി), കെ.പ്രഭാകരൻ (ബിഎംഎസ്) എന്നിവർ പങ്കെടുത്തു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]