ചപ്പാരപ്പടവ് ∙ കാൽനൂറ്റാണ്ടിനു മുൻപു ചപ്പാരപ്പടവ് പഞ്ചായത്തിൽ ഏറെ കൊട്ടിഘോഷിച്ചു നടപ്പാക്കിയ പന്ത്രണ്ടാംചാൽ പക്ഷി സങ്കേതം ജൈവവൈവിധ്യ പദ്ധതി വിസ്മൃതിയിൽ. കുപ്പം പുഴയുടെ ഭാഗമായ തടിക്കടവ് പുഴയുടെ മുകൾഭാഗമായ മണിക്കലിലാണു പദ്ധതി.
ഡോ.പി.പി.ബാലൻ പഞ്ചായത്ത് പ്രസിഡന്റായിരിക്കെയാണു പദ്ധതിക്കു തുടക്കംകുറിച്ചത്.
അപൂർവയിനം പക്ഷികൾ,മത്സ്യങ്ങൾ, വിവിധതരം ഔഷധസസ്യങ്ങൾ, നൂറ്റാണ്ടുകളോളം പഴക്കമുള്ള വൃക്ഷങ്ങൾ എന്നിവ കൊണ്ട് അനുഗൃഹീതമാണ് പന്ത്രണ്ടാംചാൽ. പദ്ധതിയുടെ ആദ്യകാലങ്ങളിൽ വിദ്യാർഥികളും ഗവേഷകരും പഠനങ്ങൾക്കായി ഇവിടെ എത്തിയിരുന്നു. എന്നാൽ, പന്ത്രണ്ടാംചാലിനെ ഭരണകർത്താക്കൾ കൈവിട്ടതോടെ മനോഹാരിതയ്ക്കു മങ്ങലേറ്റു.
വിദ്യാർഥികളും ഗവേഷകരും ഇങ്ങോട്ടു വരാതെയായി.
12 ചാലുകൾ– പന്ത്രണ്ടാം ചാൽ
പുഴ 12 ചാലുകളായി വേർതിരിഞ്ഞ് ഒഴുകുന്നതുകൊണ്ടു പന്ത്രണ്ടാംചാൽ എന്ന പേരു വീണ സ്ഥലമാണിത്. ഇവിടത്തെ സമ്പുഷ്ടമായ ജൈവവൈവിധ്യം കണ്ടാണ് ചപ്പാരപ്പടവ് പഞ്ചായത്ത് ഇതൊരു ജൈവവൈവിധ്യ പഠന കേന്ദ്രമാക്കാനും ഇക്കോ ടൂറിസ മേഖലയായി മാറ്റിയെടുക്കാനും ശ്രമം ആരംഭിച്ചത്.നാട്ടുകാർ ചേർന്നു രൂപീകരിച്ച പന്ത്രണ്ടാംചാൽ സംരക്ഷണ സമിതിയെന്ന ജനകീയ കമ്മിറ്റിയുടെ സഹായത്തോടെ പദ്ധതി നടപ്പാക്കാനായിരുന്നു പഞ്ചായത്തിന്റെ ലക്ഷ്യം.
1997ൽ ശ്രമം ആരംഭിച്ചെങ്കിലും 1999ലാണു പന്ത്രണ്ടാംചാൽ പക്ഷി സങ്കേതത്തിനു ചിറകു മുളച്ചത്. അങ്ങനെ, ഇരുപതോളം ഏക്കറുള്ള പന്ത്രണ്ടാംചാലിനു ചാണോക്കുണ്ട്- നെല്ലിപ്പാറ റോഡിലെ മണിക്കൽ ഭാഗത്ത് റോഡരികിൽ മനോഹരമായ കവാടം നിർമിച്ചു.
പക്ഷി നിരീക്ഷണം, ഔഷധസസ്യ പരിപാലനം, മത്സ്യ സംരക്ഷണം, വൃക്ഷ സംരക്ഷണം, ജൈവവൈവിധ്യ പഠനം എന്നിവ ലക്ഷ്യമാക്കി ഒരു കോടിയോളം രൂപ കണക്കാക്കിയുള്ള പദ്ധതി രേഖ സംരക്ഷണ സമിതി ആദ്യമേ തയാറാക്കിയിരുന്നു. എന്നാൽ, പദ്ധതിക്കായി ഇത്രയും വലിയ തുക ചെലവഴിക്കാൻ പഞ്ചായത്തിനു കഴിഞ്ഞിരുന്നില്ല.
ഇതിനെത്തുടർന്ന് പദ്ധതി നടപ്പാക്കണമെന്നാവശ്യപ്പെട്ട് സംരക്ഷണ സമിതി സർക്കാരിനെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ല. ഇതിനിടെ ജില്ലാ-ഗ്രാമപഞ്ചായത്തുകളുടെ സഹായത്തോടെ സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ വനവൽക്കരണം, പുഴയിൽ മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിക്കൽ എന്നിവ അടക്കമുള്ള പ്രവർത്തനങ്ങൾ നടത്തിയിരുന്നു.
നീണ്ടുനിന്നത് രണ്ടുവർഷം മാത്രം
സമിതിയുടെ നേതൃത്വത്തിൽ പന്ത്രണ്ടാംചാൽ പക്ഷി സങ്കേതത്തിന്റെ സംരക്ഷണം രണ്ടുവർഷമേ നീണ്ടു നിന്നുള്ളൂ.
ഭരണകർത്താക്കളുടെ അവഗണന മൂലം പന്ത്രണ്ടാംചാലിനെ വികസിപ്പിച്ചെടുക്കാനോ സംരക്ഷിക്കാനോ സംരക്ഷണ സമിതിക്കു കഴിഞ്ഞില്ല. പഞ്ചായത്തും പന്ത്രണ്ടാംചാലിനെ കൈവിട്ട
അവസ്ഥയാണ്. ഇപ്പോൾ സാമൂഹിക വിരുദ്ധരുടെ താവളമായി മാറിയിരിക്കുകയാണു പന്ത്രണ്ടാംചാൽ.
ഒപ്പം മാലിന്യങ്ങൾ തള്ളാനുള്ള കേന്ദ്രവും. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

