
തളിപ്പറമ്പ് ∙ സംസ്ഥാന ലോട്ടറിയുടെ മൺസൂൺ ബംപർ ഒന്നാം സമ്മാനമായ 10 കോടി രൂപ അടിച്ച ടിക്കറ്റ് വിറ്റത് അതിഥിത്തൊഴിലാളികളിൽ ആർക്കെങ്കിലുമാണോയെന്ന് സംശയം. തളിപ്പറമ്പിനു സമീപം കുറുമാത്തൂരിൽ വിറ്റ ടിക്കറ്റിനാണ് സമ്മാനം അടിച്ചത്.
കുറുമാത്തൂർ പഞ്ചായത്തിലെ പൊക്കുണ്ടിൽ എകെജി ലോട്ടറി സ്റ്റാൾ ഉടമ ടി.കെ.ഗംഗാധരൻ വിറ്റ MC 678572 നമ്പർ ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചത്. എന്നാൽ, ഭാഗ്യവാനെ കണ്ടെത്താനായിട്ടില്ല.
നികുതി കഴിഞ്ഞ് ഏകദേശം 5.16 കോടി രൂപയോളം ഒന്നാം സമ്മാനം ലഭിച്ചയാൾക്ക് ലഭിക്കും. ആർക്കാണ് ടിക്കറ്റ് വിറ്റതെന്ന് ഓർമയില്ലെന്ന് ഗംഗാധരൻ പറഞ്ഞു.
അതിഥിത്തൊഴിലാളികളിൽ ആരെങ്കിലുമാണോ എന്നു സംശയമുണ്ട്. ആകെ 34 ലക്ഷം ടിക്കറ്റുകളാണ് ഇത്തവണ അച്ചടിച്ചത്.
ഇതിൽ 33.48 ലക്ഷം ടിക്കറ്റുകൾ വിറ്റുപോയി.
പയ്യന്നൂർ സബ് ഓഫിസ് ഇപ്പോൾ ‘ബംപർ ഓഫിസ്’
സംസ്ഥാനത്ത് ബംപർ സമ്മാനങ്ങളും ഒന്നും രണ്ടും സമ്മാനങ്ങളും കൂടുതൽ നേടിക്കൊടുക്കുന്ന ലോട്ടറി ഓഫിസുകളിൽ ഒന്നായി ലോട്ടറി പയ്യന്നൂർ സബ് ഓഫിസ് സ്ഥാനം പിടിക്കുന്നു. 2024 മാർച്ച് 24ന് സമ്മർ ബംപർ നറുക്കെടുപ്പിൽ ഒന്നാം സമ്മാനം10 കോടി രൂപ ഈ ഓഫിസിലെ ടിക്കറ്റിനായിരുന്നു.
ഇന്നലത്തെ മൺസൂൺ ബംപർ 10 കോടി ലഭിച്ചതും ഈ ഓഫിസിൽ നിന്ന് കൊണ്ടുപോയ ടിക്കറ്റിനാണ്. ബംപർ ടിക്കറ്റുകളിലെ രണ്ടാം സമ്മാനങ്ങളും പലപ്പോഴും പയ്യന്നൂരിന്റെ പേരിലാണ്.
മാസം ഒന്നോ രണ്ടോ ഒന്നാം സമ്മാനങ്ങൾ പയ്യന്നൂരിനുണ്ട്.
കഴിഞ്ഞ ഓഗസ്റ്റിൽ 3 ആഴ്ചകളിലും പയ്യന്നൂരിന് ആയിരുന്നു ഒന്നാം സമ്മാനം. സമ്മാനങ്ങൾ നൽകുന്നതിൽ മുന്നിൽ നിൽക്കുന്ന ഈ ഓഫിസിൽനിന്ന് ഏജന്റുമാർക്ക് ഇപ്പോൾ ആവശ്യത്തിന് ടിക്കറ്റ് കിട്ടാത്ത സ്ഥിതിയാണ്.
ടിക്കറ്റ് വില 40 രൂപയായിരുന്നപ്പോൾ ഇവിടെനിന്ന് ദിവസം 2.20 ലക്ഷത്തിലധികം ടിക്കറ്റ് നൽകിയിരുന്നു. ഇപ്പോൾ അത് 1.80 ലക്ഷം ടിക്കറ്റായി കുറഞ്ഞു.
ദിവസവും ബംപർ വരുമാനം; പക്ഷേ, കഷ്ടപ്പാട് മാറുന്നില്ല
പയ്യന്നൂർ ∙ ദിവസം 9 കോടിയിലധികം രൂപയുടെ ടിക്കറ്റ് വിൽക്കുന്ന ലോട്ടറി സബ് ഓഫിസ് രണ്ടാംനിലയിൽനിന്ന് താഴത്തെ നിലയിലേക്കു മാറ്റാൻ 1,05,000 രൂപ നൽകാൻ സർക്കാരിന് പണമില്ല.
ലോട്ടറി പയ്യന്നൂർ സബ് ഓഫിസ് മിനി സിവിൽ സ്റ്റേഷന്റെ രണ്ടാം നിലയിലാണ് പ്രവർത്തിക്കുന്നത്. ദിവസം 1,8000 ലോട്ടറി ടിക്കറ്റ് വിൽക്കുന്ന ഈ ഓഫിസിലേക്ക് ലോട്ടറി ടിക്കറ്റുകൾ തലച്ചുമടായി എത്തിക്കണം.
ടിക്കറ്റുകൾ വാങ്ങുന്ന ഏജന്റുമാർ ടിക്കറ്റുകൾ തലച്ചുമടായി കൊണ്ടുപോകണം.
ഭിന്നശേഷിക്കാരായ ഏജന്റുമാർക്ക് സ്റ്റെപ്പ് കയറി മുകളിലെത്താൻ കഴിയില്ല. കെട്ടിടത്തിന് റാംപ് ഇല്ല.
ലിഫ്റ്റാണ് ഉള്ളത്. പല ദിവസങ്ങളിലും ലിഫ്റ്റ് പണിമുടക്കും.
അപ്പോൾ ടിക്കറ്റ് എടുക്കാനാവില്ല. കലക്ടർ ഒരു വർഷം മുൻപ് കെട്ടിടത്തിന്റെ താഴത്തെ നിലയിലെ മുറികൾ അനുവദിച്ചു.
അതിനുള്ള സൗകര്യമൊരുക്കാൻ 12.5ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് ധനവകുപ്പിന് സമർപ്പിച്ചു.
അത് അംഗീകരിച്ചില്ല. പിന്നീട് 5.25 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് നൽകി. അത് അംഗീകരിച്ച് നിർമാണത്തിനായി നിർമിതിയെ ഏൽപിച്ചു.
മാസങ്ങൾ കഴിഞ്ഞിട്ടും പണി തുടങ്ങിയില്ല. അവർക്ക് 20 ശതമാനം തുക അഡ്വാൻസ് നൽകണം.
അതിന് വേണ്ടി അപേക്ഷ നൽകി കാത്തിരിക്കുന്നു. ദിവസം 9 കോടിയിലധികം രൂപയുടെ ടിക്കറ്റ് വിൽക്കുന്ന സർക്കാർ സ്ഥാപനത്തിനാണ് ഈ ഗതികേട്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]