ഇരിട്ടി ∙ അയ്യൻകുന്ന് പഞ്ചായത്തിലെ ചരൾ ഓസി കുന്നിൽ പുലിയെ കണ്ടതിനു പിന്നാലെ പായം പഞ്ചായത്തിലെ നിരങ്ങൻചിറ്റയിലും പുലി സാന്നിധ്യം ഉള്ളതായി നാട്ടുകാർ. പ്രദേശവാസികൾ ആശങ്ക ഉയർത്തിയതിനു പിന്നാലെ വനം വകുപ്പ് ക്യാമറ സ്ഥാപിച്ചു.
നിരീക്ഷണം ശക്തമാക്കി. 2 ഇടത്തും തിരച്ചിൽ നടത്തി.
പടക്കം പൊട്ടിച്ചു ജനവാസ മേഖലയിൽ നിന്നു വനത്തിലേക്കു തുരത്തുന്നതിനുള്ള ശ്രമവും നടത്തി.
വ്യാഴാഴ്ച വൈകിട്ട് 5ന് ചരൾ ഓസിക്കുന്നിലെ വട്ടക്കാട്ടിൽ സന്തോഷ്, വട്ടക്കാട്ടിൽ അമൽ എന്നിവർക്കു നേരെ പുലി ചാടിയതായും ആക്രമിക്കാൻ ശ്രമിച്ചതായും ആണു ആദ്യം പരാതി ഉയർന്ന സ്ഥലത്ത് ഇന്നലെ രാവിലെ വീണ്ടും പുലിയെ കണ്ടതായി നാട്ടുകാർ അറിയിച്ചു.
ഇതിനിടെ കഴിഞ്ഞ ദിവസം കിളിയന്തറ നിരങ്ങൻചിറ്റയിൽ മുത്തിയമ്മ പള്ളിക്ക് സമീപം റബർ ടാപ്പിങ് തൊഴിലാളികൾ പുലിയെ കണ്ടതോടെ 2 പഞ്ചായത്തുകളും പുലി ഭീതിയുടെ നിഴലിലായി. ടാപ്പിങ് തൊഴിലാളികൾ ഓടിരക്ഷപ്പെട്ടതായാണ് പ്രദേശവാസികൾ അറിയിച്ചത്.
പ്രദേശത്ത് രണ്ടാഴ്ചയ്ക്കിടെ 2–ാം തവണയാണ് പുലിയുടെ സാന്നിധ്യം ഉണ്ടായത്. പായം പഞ്ചായത്ത് അംഗങ്ങളായാ ഡെന്നീസ് മാണി, ആന്റോ പടിഞ്ഞാറേക്കര എന്നിവരും വനം വകുപ്പ് ഉദ്യോഗസ്ഥരും സ്ഥലം സന്ദർശിച്ചു.
ചരൾ ഓസിക്കുന്നിൽ വ്യാഴാഴ്ച പുലിയെ കണ്ട
സ്ഥലത്തു ഇന്നലെ രാവിലെ വീണ്ടും പുലിയെ കണ്ടതോടെ പ്രദേശവാസികൾ ഭീതിയിലാണ്. സി.കെ.രവിയുടെ വീടിനോടു ചേർന്നാണ് പുലിയെത്തിയത്. രാവിലെ 7.30 തോടെ രവി വീട്ടുപറമ്പിലെ കശുമാവിൻതോട്ടത്തിൽനിന്നു കശുവണ്ടി ശേഖരിക്കുന്നതിനിടയിലാണു സമീപത്തെ പൊന്തക്കാട്ടിൽ പുലിയെ കണ്ടത്.
രവിയുടെ വളർത്തുനായയെ കഴിഞ്ഞ ദിവസം അജ്ഞാത ജീവി കടിച്ചിരുന്നു.
കഴുത്തിനു പരുക്കുകളോടെ നായ ചികിത്സയിലാണ്. സമീപത്തെ കുറ്റനാൽ ശോശാമ്മയുടെ വളർത്തുനായയെയും കഴിഞ്ഞ ദിവസം കാണാതായി.
പ്രദേശത്ത് 15 ഓളം വീടുകൾ ഉണ്ട്. റബർ തോട്ടം മേഖലയാണ്.
ടാപ്പിങ് സീസണായതിനാൽ പുലർച്ചെ ടാപ്പിങ്ങിന് പോകേണ്ടവർ ആശങ്കയിലാണ്.
ഇരിട്ടി സെക്ഷൻ ഫോറസ്റ്റർ സി.സുനിൽകുമാറിന്റെ നേതൃത്വത്തിൽ വനം വകുപ്പ് സംഘം സ്ഥലത്ത് വ്യാപകപരിശോധന നടത്തിയെങ്കിലും പുലിയെ കണ്ടെത്താനായില്ല. ബ്ലോക്ക് പഞ്ചായത്ത് അംഗം ജെയിൻസ് ടി.മാത്യു, അയ്യൻകുന്ന് പഞ്ചായത്ത് മുൻ സ്ഥിരസമിതി അധ്യക്ഷൻ ഐസക്ക് ജോസഫ് എന്നിവരും സ്ഥലത്ത് എത്തി.
ഓസിക്കുന്ന്, ചരൾ മേഖലയിൽ വിദ്യാർഥികൾ ക്ലാസുകളിൽ എത്തിയില്ല
തലേ ദിവസം വൈകിട്ടും പിറ്റേ ദിവസം രാവിലെയും ഓസിക്കുന്നിൽ പുലിയെ കണ്ടതായി പ്രചാരണം ശക്തമായതോടെ വിദ്യാർഥികൾ ഇന്നലെ സ്കൂളുകളിൽ പോയില്ല. റബർ തോട്ടങ്ങളിലൂടെ വിജനമായ വഴിയിലൂടെ സഞ്ചരിച്ചു പ്രധാന പാതയിൽ എത്തി വേണം ഈ മേഖലയിലെ വിദ്യാർഥികൾക്ക് ചരൾ, അങ്ങാടിക്കടവ് എന്നിവിടങ്ങളിലെ സ്കൂളുകളിൽ എത്താൻ.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

