
ദേശീയപാത വികസനത്തിന്റെ പേരിൽ ജീവിക്കാൻ ഇടമില്ലാതാക്കരുത്; അപേക്ഷയോടെ വീട്ടമ്മമാർ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
തളിപ്പറമ്പ് ∙ ദേശീയപാത വികസനത്തിന്റെ പേരിൽ ജീവിക്കാൻ ഇടമില്ലാതാക്കരുതെന്ന് അപേക്ഷിക്കുമ്പോൾ കുപ്പത്തെ വീട്ടമ്മമാരുടെ കണ്ണുനിറഞ്ഞു. മഴ കനത്താൽ ഏതു നിമിഷവും വീടുകൾക്കു മുകളിൽ ദേശീയപാത നിർമാണ മേഖലയിൽ നിന്ന് ഉരുൾപൊട്ടിയെത്തുന്നതു പോലെ ഇരച്ചെത്തുന്ന ഭൂമിയുടെ ഇരമ്പം ആവർത്തിക്കുമെന്ന ഭീതിയാണ് ഇപ്പോഴും ഇവരുടെ കണ്ണുകളിൽ. അശാസ്ത്രീയമായ നിർമാണത്തിനെതിരെ വീട്ടമ്മമാർ ഉൾപ്പെടെ ദേശീയപാത നിർമാണക്കമ്പനി അധികൃതർക്ക് നേരിട്ടു മുന്നറിയിപ്പു നൽകിയിട്ടും ഗൗനിക്കാതെ ദുരന്തം വിളിച്ചുവരുത്തിയതിന്റെ ഞെട്ടലിലാണ് ഇവർ. കഴിഞ്ഞ വർഷവും ഇതു തന്നെയായിരുന്നു അവസ്ഥ.പരിഹാരം എന്തായാലും ഒരു ജീവിതത്തിന്റെ അധ്വാനം മുഴുവനുമാണു പട്ടാപ്പകൽ കൺമുൻപിൽവച്ച് നഷ്ടപ്പെട്ടതെന്ന് സിഎച്ച് നഗറിലെ വീട്ടമ്മമാർ പറയുന്നു. വീടുകൾ മാത്രമാണ് ബാക്കിയുള്ളത്.
വീട്ടിലുള്ള എല്ലാ സാധനങ്ങളും ചെളി നിറഞ്ഞ് ഉപയോഗശൂന്യമായി. അടുക്കളയിലെ പാത്രങ്ങൾ മൂന്നാം ദിവസവും പൂർണമായി വീണ്ടെടുക്കാൻ സാധിച്ചിട്ടില്ല. വീട്ടിലുണ്ടായിരുന്ന എല്ലാവിധ രേഖകളും നശിച്ചു. ചെളിയിലും വെള്ളത്തിലും കുതിർന്ന നിലയിൽ ലഭിച്ച രേഖകൾ ഇന്നലെ വെയിലിൽ വച്ച് ഉണക്കിയെടുക്കുന്ന കാഴ്ചയായിരുന്നു ഇവിടെയെങ്ങും. നാട്ടുകാർ മാത്രമല്ല, റവന്യു അധികൃതർ ഉൾപ്പെടെ നൽകിയ മുന്നറിയിപ്പുകൾ കണക്കിലെടുക്കാതെ നടത്തിയ പ്രവൃത്തികളാണ് ദുരന്തത്തിന് ഇടയാക്കിയതെന്ന ആരോപണവും ശക്തമാണ്.
ഇതേ അവസ്ഥ തന്നെയാണ് കണികുന്ന് മഞ്ചക്കുന്നിലും. 50 മീറ്ററോളം ഉയരത്തിൽ മഞ്ചക്കുന്ന് നെടുകെ പിളർന്ന് ബൈപാസ് കടന്നുപോകുന്ന ഇവിടെ 20 മീറ്ററോളം ഉയരമുള്ള മൺതിട്ടയിലൂടെയാണ് പട്ടുവം പഴയങ്ങാട് ഭാഗത്തേക്കുള്ള വാഹനങ്ങൾ കടന്ന് പോകുന്നത്. ഈ മൺതിട്ടയുടെ ഇരുവശങ്ങളും ഇടിഞ്ഞുതുടങ്ങിയത് ഭീതിയോടെ മാത്രമേ കാണാൻ സാധിക്കുകയുളളൂ. ഏറെ വിവാദമുയർത്തിയ കീഴാറ്റൂർ വയൽ മേഖലയും വെള്ളപ്പൊക്ക ഭീഷണിയിലാണ്.
വരുത്തിവച്ച ദുരന്തം
∙ കുപ്പം എഴോം റോഡരികിലുള്ള സിഎച്ച് നഗറിലേക്ക് ഇപ്പോഴും കടന്നുപോകാൻ സാധിക്കാത്ത രീതിയിൽ റോഡിലും ഓവുചാലുകളിലും ചെളി നിറഞ്ഞ നിലയിലാണ്. വീട്ടിലേക്ക് ഇരച്ചുകയറിയ ചെളിയും മണ്ണും 3ാം ദിവസവും എം.കെ.ഉസ്മാന് പൂർണമായും നീക്കം ചെയ്യാൻ സാധിച്ചിട്ടില്ല. നാട്ടുകാരുടെയും ബന്ധുക്കളുടെയും സഹായത്തോടെയാണ് ഒരുവിധത്തിൽ വീടിനെ പാതിയെങ്കിലും ശുചീകരിക്കാൻ സാധിച്ചത്. കുറച്ച് രേഖകൾ ലഭിച്ചെങ്കിലും ചില രേഖകളും ആധാർകാർഡ് ഉൾപ്പെടെയുള്ളവയും ചെളിയിലും വെള്ളത്തിലും കുതിർന്ന നിലയിലാണെന്ന് ഉസ്മാൻ പറയുന്നു.
ഏറ്റവും കൂടുതൽ ദുരിതം ഇത്തവണയും അനുഭവിക്കേണ്ടി വന്നത് ഉസ്മാന് തന്നെയായിരുന്നു. രാവിലെ ചെറിയ മഴയ്ക്കുശേഷം വീട്ടുമുറ്റത്ത് വെള്ളം എത്തിയതറിഞ്ഞ് റവന്യു അധികൃതർ സ്ഥലത്തെത്തിയിരുന്നു. ഇവർ വീടും പരിസരങ്ങളും പരിശോധിച്ചുകൊണ്ടിരിക്കുമ്പോഴാണ് മഴ ശക്തമായതും അൽപം കഴിഞ്ഞ് ഉരുൾപൊട്ടിയത് പോലെ ചെളിയും മണ്ണും കല്ലുകളും എല്ലാവരും നോക്കി നിൽക്കെ മുകളിൽ ദേശീയപാത നിർമാണ മേഖലയിൽ നിന്ന് കുതിച്ചെത്തി വീടുകളിലേക്ക് കയറിയതും.
കഴിഞ്ഞ വർഷവും ഇത്തരത്തിൽ മണ്ണൊഴുകിയെത്തിയപ്പോൾ അധികൃതരെ വിവരമറിയിച്ചതിനെ തുടർന്ന് ദേശീയപാത നിർമാണക്കമ്പനി അധികൃതർ സ്ഥലത്തെത്തി മണ്ണ് നീക്കം ചെയ്തെങ്കിലും തുടർ നടപടികൾ ഉണ്ടാകാതിരുന്നതാണ് ഇപ്പോഴത്തെ ദുരന്തത്തിന് കാരണമായത്. ഇത്തവണ റവന്യു അധികൃതർ ഉൾപ്പെടെ ദിവസങ്ങൾക്ക് മുൻപ് ദുരന്ത സൂചന നൽകിയിരുന്നുവെങ്കിലും നടപടികൾ ഉണ്ടാകാത്തതും ദുരന്തത്തിന് ആക്കംകൂട്ടി.
കപ്പണത്തട്ടിലെ ദേശീയപാത നിർമാണ മേഖലയിൽ നിന്ന് കല്ലും മണ്ണും ഉരുൾ പൊട്ടിയത് പോലെ കുതിച്ചൊഴുകിയെത്തിയപ്പോൾ അതിൽപ്പെട്ട് ചത്തത് കൂറ്റൻ പെരുമ്പാമ്പും. ദുരന്തം ഒഴുകിയെത്തിയ മേഖലയിൽ നാട്ടുകാർ പരിശോധിച്ചപ്പോഴാണ് കല്ലുകൾക്കും മരങ്ങൾക്കും ഇടയിൽ കുടുങ്ങി കൂറ്റൻ പെരുമ്പാമ്പിനെയും ചത്ത നിലയിൽ കണ്ടത്. വെള്ളത്തിന്റെ കുത്തൊഴുക്കിൽ കുടുങ്ങി കല്ലുകൾക്കിടയിൽ പെട്ട് ചത്തതാണെന്ന് കരുതുന്നു. ചെളി നിറഞ്ഞ ഉസ്മാന്റെ വീട്ടിലും കഴിഞ്ഞ ദിവസം പാമ്പിനെ കണ്ടിരുന്നു.
താൽക്കാലിക സംവിധാനമൊരുക്കി
കപ്പണത്തട്ടിൽ നിന്ന് ഒഴുകിയെത്തുന്ന വെള്ളം മണൽ ചാക്കുകൾ അടുക്കി വച്ച് തടഞ്ഞ് കനാൽ നിർമിച്ച് പുറത്തേക്ക് ഒഴുക്കാനുള്ള താൽക്കാലിക സംവിധാനമാണ് ഇപ്പോൾ അധികൃതർ ഒരുക്കുന്നത്. പരിയാരം പഞ്ചായത്ത് പ്രസിഡന്റ് ടി.ഷീബ, പഞ്ചായത്ത് അംഗങ്ങളായ പി.വി.സജീവൻ, പി.വി.അബ്ദുൽ ഷുക്കൂർ, വില്ലേജ് ഓഫിസർ പി.വി.വിനോദ്, മേഘ, ദേശീയപാത കമ്പനികളുടെ പ്രതിനിധികളായ മനോജ് കുമാർ, ഉമേഷ് എന്നിവർ ഇന്നലെ സ്ഥലത്തെത്തി പരിശോധിച്ച് നാട്ടുകാരുമായി ചർച്ച ചെയ്താണ് ഈ തീരുമാനത്തിലെത്തി പ്രവൃത്തി ആരംഭിച്ചത്. ഇപ്പോൾ ഇത്തരത്തിൽ വെള്ളം തിരിച്ചുവിട്ട ശേഷം കാലവർഷത്തിന് ശേഷം കുപ്പം പുഴയിലേക്ക് വെള്ളം പോകുന്ന തരത്തിൽ ഓവുചാൽ നിർമിക്കുന്ന കാര്യം പരിഗണിക്കുമെന്നാണ് ബന്ധപ്പെട്ടവരുടെ ഉറപ്പ്.ബൈപാസ് കടന്ന് പോകുന്ന പുളിമ്പറമ്പിന് സമീപത്തുള്ള കണികുന്ന് മഞ്ചക്കുന്നിൽ വാഹനത്തിരക്കേറിയ തളിപ്പറമ്പ് പട്ടുവം റോഡാണ് അപകട ഭീഷണിയിൽ ഉള്ളത്. ഇവിടെ റോഡിൽ നിന്ന് 20 മീറ്റർ താഴെക്കൂടിയാണ് ദേശീയപാതയുടെ കീഴാറ്റൂർ ബൈപാസ് കടന്നുപോകേണ്ടത്.
ഇതിനായി 2 ഭാഗത്തും കുന്നിടിച്ചതോടെ 20 മീറ്റർ ഉയരമുള്ള മൺതിട്ടയിലാണ് റോഡ്. മൺതിട്ടയുടെ 2 ഭാഗത്തും പൂശിയ സിമന്റ് മിശ്രിതം ആദ്യ മഴയിൽ തന്നെ ഇടിഞ്ഞുവീണു. താഴെ ബൈപാസിന്റെ മേൽപാല നിർമാണത്തിനുള്ള തൂണുകൾ നിർമിക്കുന്നതിന്റെ കമ്പികൾ സ്ഥാപിച്ചതിന് മുകളിലേക്കാണ് മണ്ണും കോൺക്രീറ്റ് മിശ്രിതവും ഉൾപ്പെടെ ഇടിഞ്ഞ് വീണിരിക്കുന്നത്. ഈ റോഡിലൂടെയുള്ള വാഹന ഗതാഗതം അപകടകരമാകുന്ന അവസ്ഥയാണിപ്പോൾ. ഈ മൺതിട്ടയിലൂടെ കടന്ന് പോകുന്ന റോഡ് മുറിച്ചാണ് ബൈപാസിന്റെ തുടർ പ്രവർത്തനങ്ങൾ നടത്തേണ്ടത്. ഈ സമയത്ത് പട്ടുവം റോഡിൽ ഗതാഗതം തിരിച്ചുവിടേണ്ടി വരും. എന്നാൽ ഇത്തരത്തിൽ ഗതാഗതം തിരിച്ചുവിടേണ്ട മാന്ധംകുണ്ട് റോഡിലെ പാളയാട് പാലത്തിന്റെ പ്രവൃത്തി നടന്നുവരുന്നതേയുള്ളൂ. അതുകൊണ്ടു തന്നെ ഈ റോഡിന്റെ അവസ്ഥയെക്കുറിച്ചും ആശങ്കയുണ്ടെന്ന് നാട്ടുകാർ പറയുന്നു.