
ഒരു മഴമതി, കണ്ണീരു വീഴ്ത്താൻ; മണ്ണിടിച്ചിൽ ഭീതി മാറാതെ സിഎച്ച് നഗറിലെ ഇരുപതോളം വീട്ടുകാർ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
തളിപ്പറമ്പ്∙ ശക്തമായ ഒരു മഴ മതി, കപ്പണത്തട്ടിലെ ഇളകിയ മണ്ണ് ഉരുൾപൊട്ടിയെത്തുന്നതുപോലെ കുപ്പം സിഎച്ച് നഗറിലേക്ക് ഇരച്ചെത്തും. അതുതടയാൻ റോഡ് നിർമാണ കമ്പനി താൽക്കാലികമായി ഒരുക്കിയ, മൺചാക്കുകൊണ്ടുള്ള തടയണയ്ക്കോ പരിയാരം പഞ്ചായത്ത് അധികൃതർ നൽകിയ താൽക്കാലിക ആശ്വാസവാക്കുകൾക്കോ കഴിയില്ല. അത്രയ്ക്കു ഭീതിനിറഞ്ഞ സാഹചര്യത്തിലാണു സിഎച്ച് നഗറിലെ ഇരുപതോളം വീട്ടുകാർ കഴിയുന്നത്.തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ പെയ്ത മഴയിൽ കപ്പണത്തട്ടിലെ ചെളിവെള്ളം ഒഴുകിയെത്തി മൂന്നുവീടുകൾ താമസയോഗ്യമല്ലാതായെങ്കിൽ കാലവർഷം തുടങ്ങിയാൽ ഇരച്ചെത്തുന്ന വെള്ളം തടഞ്ഞില്ലെങ്കിൽ ബാക്കിയുള്ള വീടുകളെല്ലാം തകർച്ചയിലാകും.സിഎച്ച് നഗറിലെ എം.കെ.ഹൗസിൽ ഉസ്മാന്റെ വീടിനരികിലാണ് റോഡ് നിർമിക്കുന്ന മേഘ കൺസ്ട്രക്ഷൻ കമ്പനി തടയണയൊരുക്കിയത്.
മണൽചാക്കുകൊണ്ടാണു തടയണയുണ്ടാക്കാറുള്ളതെങ്കിൽ ഇവിടെ ചെളിമണ്ണുകൊണ്ടാണ് ഇതു ചെയ്തിരിക്കുന്നത്. അതുതന്നെയാണ് ഇവിടെയുള്ളവരുടെ ആശങ്കയും. ഇന്നലെ സ്ഥലം സന്ദർശിക്കാനെത്തിയ ദേശീയപാത ഉദ്യോഗസ്ഥരോടും മേഘ കൺസ്ട്രക്ഷൻ കമ്പനി അധികൃതരോടും പഞ്ചായത്ത്–വില്ലേജ് അധികൃതരോടും നാട്ടുകാർ ആശങ്ക പങ്കുവച്ചിരുന്നു. എന്നാൽ വെള്ളം മറ്റൊരിടത്തേക്കു തിരിച്ചുവിടുമെന്നാണ് മേഘ കൺസ്ട്രക്ഷൻ കമ്പനി അധികൃതർ നൽകിയ ഉറപ്പ്.ചെളിവെള്ളം സിഎച്ച് നഗറിലേക്കുള്ള റോഡിലെ ചെറിയ ഓവുചാലിലേക്കാണ് ഇപ്പോൾ ഒഴുക്കിവിടുന്നത്. കഴിഞ്ഞദിവസം ഈ ഓവുചാൽ നിറഞ്ഞൊഴുകി പത്തിലേറെ വീടുകളുടെ മുറ്റത്തുവരെ ചെളിവെള്ളമെത്തിയിരുന്നു. അതെല്ലാം അതിവേഗം നീക്കം ചെയ്യുന്ന ജോലിയിലാണ് നിർമാണ കമ്പനിയുടെ തൊഴിലാളികൾ. മണ്ണുമാന്തിയന്ത്രം കൊണ്ട് മണ്ണുകോരിയെടുത്ത് റോഡ് നിർമാണ സ്ഥലത്തേക്കു തന്നെ കൊണ്ടുപോകുകയാണ്.
മുന്നറിയിപ്പ് തള്ളി; അപകടം ഇരച്ചെത്തി
തളിപ്പറമ്പ്∙ കപ്പണത്തട്ടിൽ ദുരന്തസാധ്യതയുണ്ടെന്ന് പരിയാരം വില്ലേജ് ജനകീയ സമിതി ദിവസങ്ങൾക്കു മുൻപ് ദേശീയപാതാ അധികൃതർക്ക് റിപ്പോർട്ട് നൽകിയിരുന്നെങ്കിലും അവഗണിച്ചു.ജനപ്രതിനിധികളുടെയും റവന്യു അധികൃതരുടെയും നേതൃത്വത്തിൽ 16ന് ചേർന്ന പരിയാരം വില്ലേജ് ജനകീയ സമിതിയാണ് ഇക്കാര്യം ചർച്ച ചെയ്തത്. റവന്യു ഉദ്യോഗസ്ഥർ 17ന് സ്ഥലം സന്ദർശിച്ച് കുന്നിടിഞ്ഞുകൊണ്ടിരിക്കുന്ന പ്രദേശത്തിന്റെ ഫോട്ടോയും ലൊക്കേഷനും സഹിതം റിപ്പോർട്ട് ദേശീയപാത അധികൃതർക്ക് കൈമാറിയിരുന്നു. 20ന് ആണ് വൻതോതിൽ മണ്ണിടിഞ്ഞത്.മഴക്കാല മുന്നറിയിപ്പും മറ്റും ചർച്ച ചെയ്യാനാണ് എല്ലാ വില്ലേജുകളിലും ജനകീയ സമിതി യോഗം ചേരുന്നത്.അടിയന്തര നടപടി സ്വീകരിക്കണമെന്നും യോഗത്തിൽ ആവശ്യപ്പെട്ടിരുന്നതായി പഞ്ചായത്ത് അംഗങ്ങളായ പി.വി.സജീവൻ, പി.വി.അബ്ദുൽ ഷുക്കൂർ എന്നിവർ പറഞ്ഞു. പരിയാരം വില്ലേജിന്റെ യോഗത്തിൽ പഞ്ചായത്ത് പ്രസിഡന്റ് ടി.ഷീബയും മറ്റ് ജനപ്രതിനിധികളും ഉദ്യോഗസ്ഥരും പങ്കെടുത്തിരുന്നു.നടപടി ആവശ്യപ്പെട്ട് വില്ലേജ് അധികൃതർ റവന്യു വിഭാഗത്തിന്റെ ഗൂഗിൾ ഫോമിൽ റിപ്പോർട്ട് നൽകിയിരുന്നുവെങ്കിലും നടപടിയുണ്ടായില്ല. ഇതാണ് ദുരന്തം രൂക്ഷമാകാൻ ഇടയാക്കിയതെന്നും ആരോപണമുണ്ട്.