കണ്ണൂർ ∙ മലിനജലം തീർക്കുന്ന ദുരിതം പേറി കോർപറേഷനിലെ തുളിച്ചേരി പ്രദേശം. ദുർഗന്ധവും ആരോഗ്യ പ്രശ്നങ്ങളും താണ്ടിയാണ് ഈ നാട്ടുകാർ കഴിയുന്നത്.
വർഷങ്ങളായി അനുഭവിക്കുന്ന ദുരിതത്തിന് പരിഹാരം കാണാൻ അധികൃതർ തയാറാകാത്തതിനാൽ പ്രത്യക്ഷ സമരത്തിനിറങ്ങുകയാണ് നാട്ടുകാർ. പ്രശ്ന പരിഹാരത്തിന് കലക്ടർ, ആരോഗ്യവകുപ്പ്, കോർപറേഷൻ, മലിനീകരണ നിയന്ത്രണ ബോർഡ്, പൊലീസ് തുടങ്ങിയ അധികൃതർക്ക് പരാതി നൽകി നാട്ടുകാർ മടുത്തു.
നഗരത്തിലെ ചില സ്ഥാപനങ്ങളിൽ നിന്നുള്ള മലിനജലം സമീപ തോടുകളിലൂടെ ഒഴുക്കി തുളിച്ചേരി തോട്ടിലെത്തുന്നു എന്നാണു കണ്ടെത്തൽ.
തെക്കീ ബസാറിൽ നിന്നു കക്കാട് റോഡിനോട് ചേർന്ന് പാലക്കാട് സ്വാമി മഠം ജംക്ഷൻ വഴി വരുന്ന ഓടകൾ തുളിച്ചേരി തോട്ടത്തിലേക്ക് ചേർന്ന് കക്കാട് പുഴയിലേക്ക് ഒഴുകുകയാണ്. തോട്ടിലൂടെ സ്ഥിരമായി ദുർഗന്ധമുള്ള മലിനജലം ഒഴുകുന്നതായി നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു.
ഇതോടെ സമീപ വീടുകളിൽ കിണർ വെള്ളം ഉപയോഗിക്കാൻ പറ്റാതായി. സ്കൂൾ പരിസരങ്ങൾ ഉൾപ്പെടെയുള്ള ജനവാസ മേഖലയിൽ ദുർഗന്ധം വ്യാപിച്ചു.
ആരോഗ്യപ്രശ്നങ്ങളും ഉണ്ടാകുന്നതായി നാട്ടുകാർ പറയുന്നു.
പ്രദേശത്തെ റസിഡന്റ്സ് അസോസിയേഷനുകൾ ഉൾപ്പെടെയുള്ളവരുടെ നിരവധി പരാതികൾ കലക്ടർക്ക് നേരിട്ട് നൽകിയിട്ടുണ്ടെങ്കിലും നടപടിയില്ല. പ്രശ്നത്തിന് പരിഹാരം കാണിക്കുന്നതിൽ പരാജയപ്പെടുന്ന അധികൃതർ ജനങ്ങളുടെ സമാധാന ജീവിതത്തെ അവഗണിക്കുന്നുവെന്ന വിമർശനവും ഉയരുന്നുണ്ട്. പ്രശ്ന പരിഹാരത്തിനായി പ്രദേശവാസികൾ കോർപറേഷൻ കൗൺസിലർ എ.കെ.മജേഷ് ചെയർമാനായി ജനകീയ കൂട്ടായ്മ രൂപീകരിച്ചിട്ടുണ്ട്.
ദേശീയ ഹരിത ട്രൈബ്യൂണലിനെ സമീപിക്കാനുള്ള തീരുമാനത്തിലാണ് കൂട്ടായ്മ. കമ്മിറ്റിയിലെ മറ്റ് അംഗങ്ങൾ: ഒ.സി.ഗിരീശൻ (പ്രസി), എ.കെ.രഞ്ജിത്ത് (വൈ.പ്രസി), ടി.കെ.ഉല്ലാസ് (സെക്ര), അലക്സാണ്ടർ നിക്സൻ (ജോ.സെക്ര).
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

