
ആശങ്കയിൽ ചാല വയൽ, താഴെചൊവ്വ ചീപ്പ് റോഡ് പ്രദേശങ്ങൾ; കാലവർഷത്തിൽ കുടിയൊഴിയണോ?
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ചാല∙ ഇത്തവണ കാലവർഷം മേയ് 31ന് തന്നെ തുടങ്ങുമെന്ന കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ് വേനൽ ചൂടിൽ ഉരുകുന്നവർക്ക് ആശ്വാസമാണെങ്കിലും ചാല വയൽ പ്രദേശം, താഴെചൊവ്വ ചീപ്പ് റോഡ് ഭാഗത്തുള്ളവർക്ക് ഭീതിയാണ് ഉണ്ടാക്കുന്നത്. വെള്ളക്കെട്ട് കാരണം കുടിയൊഴിഞ്ഞ് ബന്ധുവീടുകളിലേക്കും മറ്റും പോകേണ്ട അവസ്ഥയായിരുന്നു കഴിഞ്ഞവർഷം രണ്ടുപ്രദേശത്തെയും ജനങ്ങൾക്ക്.
തോടും ഓടയും മൂടി
ദേശീയപാത നിർമാണത്തിനിടെ ചാല തോടിന്റെ വിവിധ ഭാഗങ്ങൾ വീതി കുറഞ്ഞ് കൈത്തോട് രൂപത്തിലായതും, ഓടകൾ മൂടിപ്പോയതും നിലവിലുള്ള ഓടകളിൽ ഖരമാലിന്യം നിറഞ്ഞത് കോരി മാറ്റാത്തതുമായിരുന്നു കഴിഞ്ഞ വർഷത്തെ ചാല വയൽ പ്രദേശത്തെ വെള്ളക്കെട്ടിന് കാരണം. 7 മീറ്റർ വീതിയുണ്ടായിരുന്ന ചാല തോടിന്റെ മിക്ക ഭാഗങ്ങളും ദേശീയപാത നിർമാണത്തിനിടെ ഒന്നോ രണ്ടോ മീറ്റർ വീതി മാത്രമുള്ള കൈത്തോടുകളായി മാറിയത് പൂർവ സ്ഥിതിയിലാക്കണമെന്ന് കഴിഞ്ഞ വർഷം വെള്ളക്കെട്ട് ഉണ്ടായത് മുതലേ ജനം ആവശ്യപ്പെട്ടിരുന്നെങ്കിലും അധികൃതർ തിരിഞ്ഞു നോക്കിയിട്ടില്ല. കോർപറേഷൻ, ചെമ്പിലോട് പഞ്ചായത്ത് പരിധികളിലൂടെ കടന്നുപോകുന്ന തോട് ചുരുങ്ങിയത് പരാതിപ്പെടുമ്പോൾ ദേശീയപാത അതോറിറ്റി അധികൃതരോട് പറയണമെന്നാണ് അധികൃതരുടെ മറുപടി.
ഓടശുചീകരണമില്ല
ഉയർന്ന പ്രദേശങ്ങളായ തോട്ടട, അമ്മൂപറമ്പ് ഭാഗങ്ങളിൽ നിന്ന് വരുന്ന മഴവെള്ളം ചാല തോട്ടിലേക്ക് എത്തിച്ചേരുന്ന ഓടകൾ മിക്കതും ദേശീയപാതയ്ക്ക് മണ്ണിട്ടപ്പോൾ മൂടിപ്പോയിട്ടുണ്ട്. ഇവ പുന:സ്ഥാപിച്ചിച്ചില്ല. നിലവിലുള്ള ഓടകൾ ഖരമാലിന്യം നിറഞ്ഞ് കാടു മൂടിക്കിടക്കുന്ന അവസ്ഥയിലാണ്. കോർപറേഷൻ പരിധിയിലുള്ള ഈ ഓടകളിലെങ്കിലും മഴക്കാല പൂർവ ശുചീകരണം നടത്തിയാൽ വെള്ളക്കെട്ടിന് ഒരു പരിധിവരെ ആശ്വാസമുണ്ടാകുമെന്ന് പ്രദേശവാസികൾ പറയുന്നു.
കാനാംപുഴ ശുചിയാക്കണം
താഴെചൊവ്വയിലെ ചീപ്പ് റോഡ് പരിസരത്ത് കഴിഞ്ഞ ഏതാനും വർഷങ്ങളായി മഴക്കാലത്ത് വെള്ളക്കെട്ട് പതിവാണ്. ശക്തമായ മഴ പെയ്താൽ വെള്ളക്കെട്ട് രൂക്ഷമായി ചീപ്പ് റോഡ്, എളയാവൂർ റോഡ് പരിസരത്തുള്ളവർക്ക് ബന്ധുവീടുകളിലേക്കും മറ്റും താമസം മാറ്റേണ്ട അവസ്ഥയാണ്. കാനാംപുഴയുടെ ഒഴുക്ക് സുഗമമായാൽ സ്ഥലത്ത് വെള്ളക്കെട്ട് ഉണ്ടാവില്ല. ഒരു പ്രാവശ്യം മഴക്കാലത്തിനു മുൻപ് കാനാംപുഴയുടെ ചൊവ്വ പാലത്തിന്റെ തെക്ക് പടിഞ്ഞാറ് ഭാഗത്തെ ഭാഗം മണ്ണ് കോരി ശുചിയാക്കിയപ്പോൾ ആ വർഷം വെളളക്കെട്ട് ഉണ്ടായില്ലെന്നു പ്രദേശവാസികൾ പറയുന്നു. പുഴയുടെ ഈ ഭാഗത്ത് മരമില്ലുകളിൽ നിന്നുള്ള മരം കൊണ്ടിടുന്നതും സ്വാഭാവിക ഒഴുക്കിനെ മന്ദഗതിയിലാക്കുന്നെന്ന് പരാതിയുണ്ട്. പുഴയുടെ ഒഴുക്കിനെ തടസ്സപ്പെടുത്താത്ത രീതിയിൽ പുഴയിൽ മരങ്ങൾ ഇടണമെന്നും ഖരമാലിന്യം കോരി പുഴ വൃത്തിയാക്കണമെന്നുമാണ് ജനങ്ങളുടെ ആവശ്യം.