
ഓട്ടോ ഡ്രൈവറെ വെടിവച്ചത് പ്രതിക്ക് കൊലചെയ്യപ്പെട്ടയാളുടെ ഭാര്യയുമായുള്ള സൗഹൃദം എതിർത്തതിന്
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
മാതമംഗലം ∙ ഗുഡ്സ് ഓട്ടോ ഡ്രൈവർ മാതമംഗലം പുനിയങ്കോട് മണിയറ റോഡ് അങ്കണവാടിക്കു സമീപം വടക്കേടത്തുവീട്ടിൽ കെ.കെ.രാധാകൃഷ്ണനെ (55) പെരുമ്പടവ് സ്വദേശി എൻ.കെ.സന്തോഷ് വെടിവച്ചുകൊന്നത് രാധാകൃഷ്ണന്റെ ഭാര്യയുമായുള്ള പ്രതിയുടെ സൗഹൃദം എതിർത്തതിന്റെ പകമൂലമെന്ന് പൊലീസ്.കൊലപാതകത്തിന് ഉപയോഗിച്ച തോക്ക്, രാധാകൃഷ്ണന്റെ ഭാര്യയും ഭാര്യയുടെ അമ്മയും താമസിച്ച വീടിന്റെ പിന്നിലെ കിണറിന്റെ പമ്പ് ഹൗസിനു സമീപത്തുനിന്നു പൊലീസ് കണ്ടെടുത്തു.
തെളിവെടുപ്പിനിടെ പ്രതി സന്തോഷ്തന്നെയാണ് തോക്ക് കാണിച്ചുകൊടുത്തത്. കൊലപാതകം നടന്ന വീട്ടിൽനിന്ന് ഇവിടേക്ക് 100 മീറ്റർ മാത്രമാണുള്ളത്. രാധാകൃഷ്ണന്റെ ഭാര്യ ഇവർ താമസിക്കുന്ന മാതമംഗലത്തെ വീട്ടിൽനിന്ന് അമ്മയ്ക്കൊപ്പം താമസിക്കാൻ ഇന്നലെ ഇവിടെ എത്തിയിരുന്നു. രാധാകൃഷ്ണന്റെ ഭാര്യയുമായുമായുള്ള സന്തോഷിന്റെ സൗഹൃദം ഇവരുടെ കുടുംബബന്ധത്തെ ബാധിച്ചിരുന്നു. സഹപാഠികളായ സന്തോഷും രാധാകൃഷ്ണന്റെ ഭാര്യയും പൂർവവിദ്യാർഥിസംഗമത്തിലാണ് വീണ്ടും കണ്ടുമുട്ടിയതെന്നാണ് സന്തോഷ് രാധാകൃഷ്ണനോടും വീട്ടുകാരോടും പറഞ്ഞിരുന്നത്. പിന്നീട് രാധാകൃഷ്ണന്റെ വീട് നിർമാണത്തിന് സന്തോഷ് സഹായിയായി എത്തി.
ഭാര്യയുടെ കാര്യത്തിൽ സന്തോഷ് കൂടുതൽ ഇടപെടാൻ തുടങ്ങിയപ്പോൾ രാധാകൃഷ്ണൻ എതിർത്തു. ഇതോടെ സന്തോഷ് രാധാകൃഷ്ണനെ ഭീഷണിപ്പെടുത്താൻ തുടങ്ങി. രാധാകൃഷ്ണൻ നൽകിയ പരാതിയെത്തുടർന്ന് ഇവരെ പരിയാരം പൊലീസ് സ്റ്റേഷനിൽ വിളിപ്പിച്ച് സംസാരിച്ചിരുന്നു. ഇതോടെ സന്തോഷിന്റെ ഭീഷണി കൂടിയെന്ന് രാധാകൃഷ്ണൻ പറഞ്ഞതായി നാട്ടുകാർ പറഞ്ഞു.
കൊലപാതകം നടന്ന വ്യാഴാഴ്ച വൈകിട്ട് ‘നിനക്കു മാപ്പില്ല’ എന്ന് സന്തോഷ് സമൂഹമാധ്യമത്തിൽ കുറിച്ചു. വ്യാഴാഴ്ച രാത്രി 7.10ന് ആണ് കൈതപ്രം പൊതുജന വായനശാലയ്ക്കു സമീപം നിർമാണത്തിലുള്ള വീട്ടിൽ രാധാകൃഷ്ണൻ വെടിയേറ്റു മരിച്ചത്. ഹൃദയത്തിൽ വെടിയേറ്റതാണ് മരണ കാരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു. സന്തോഷ് വീട്ടിൽ ഒളിച്ചിരുന്ന് വെടിവച്ചുവെന്നാണ് പൊലീസ് പറയുന്നത്. രാധാകൃഷ്ണന്റെ മകനും നാട്ടുകാരും ചേർന്ന് പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിച്ചു. സംസ്കാരം നടത്തി.
സന്തോഷ് നിറതോക്കുമായി കാത്തിരുന്നത് 2 മണിക്കൂർ
മാതമംഗലം ∙ കൈതപ്രത്തുനിന്നു 15 കിലോമീറ്റർ അകലെ പെരുമ്പടവ് അടുക്കം സ്വദേശിയായ സന്തോഷ് വ്യാഴാഴ്ച വൈകിട്ട് ബസിൽ വെള്ളോറയെത്തി അവിടെനിന്ന് ഓട്ടോറിക്ഷയിലാണ് കൈതപ്രത്തെത്തിയത്. കൈവശം സഞ്ചി ഉണ്ടായിരുന്നതായി ഇദ്ദേഹം വന്ന ഓട്ടോ ഡ്രൈവർ പൊലീസിൽ മൊഴി നൽകി. വായനശാലയ്ക്ക് തൊട്ടടുത്താണ് രാധാകൃഷ്ണൻ നിർമിക്കുന്ന വീട്. ഭാര്യയുടെ അമ്മയുടെ സ്വത്ത് വിറ്റുകിട്ടിയ പണം കൊണ്ടാണ് നിർമാണമെന്നു നാട്ടുകാർ പറഞ്ഞു.
അഞ്ചു മണിയോടെ നിർമാണം നടക്കുന്ന വീട്ടിലെത്തിയെന്ന് സന്തോഷ് പരിയാരം പൊലീസിനു മൊഴിനൽകിയിട്ടുണ്ട്. നിറതോക്കും പുതിയൊരു കത്തിയും കൈവശമുണ്ടായിരുന്നു. രാധാകൃഷ്ണൻ മിക്ക ദിവസവും വൈകിട്ട് ഈ വീട്ടിൽ വരാറുള്ള കാര്യം സന്തോഷിന് അറിയാമായിരുന്നു. നിർമാണം നടക്കുന്ന വീട്ടിൽ അന്നു തൊഴിലാളികൾ ഉണ്ടായിരുന്നില്ല. രാധാകൃഷ്ണനെ കാത്ത് നിറതോക്കുമായി സന്തോഷ് അകത്ത് ഒളിച്ചിരുന്നു. കൈവശമുണ്ടായിരുന്ന മദ്യം ഇതിനിടെ വെള്ളംചേർക്കാതെ പകുതിയോളം കുടിക്കുകയുംചെയ്തു.
ഫോൺ മറന്നു; എടുക്കാൻ തിരിച്ചെത്തി പിടിയിലായി
പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ രാധാകൃഷ്ണന്റെ ശരീരം പരിശോധിച്ച ഡോക്ടറാണ് വെടിയേറ്റതാണു മരണകാരണമെന്നു പൊലീസിനെയും ബന്ധുക്കളെയും അറിയിച്ചത്. ഉടൻതന്നെ പരിയാരം പൊലീസ് സംഭവസ്ഥലത്തെത്തി. രാധാകൃഷ്ണനു വെടിയേറ്റെന്ന് അപ്പോഴാണ് നാട്ടുകാരും അറിയുന്നത്. പടക്കംപൊട്ടി പരുക്കേറ്റുവെന്നാണ് അതുവരെ നാട്ടുകാർ കരുതിയത്.
പൊലീസ് എത്തുമ്പോൾ സന്തോഷ് വീടിനകത്തുണ്ടായിരുന്നു. മദ്യലഹരിയിലായിരുന്ന ഇദ്ദേഹം ആദ്യം പൊലീസിനോടു തട്ടിക്കയറി. കൈവശമുള്ള സഞ്ചി പരിശോധിച്ചപ്പോൾ കത്തി കണ്ടെത്തി. പിന്നീട് താനാണു വെടിവച്ചതെന്നു സമ്മതിച്ചു.രാധാകൃഷ്ണനെ വെടിവച്ച ശേഷം വണ്ണാത്തിപ്പുഴയുടെ തീരത്തേക്കാണ് സന്തോഷ് പോയത്. അപ്പോഴാണ് ഫോൺ മറന്നുവച്ച കാര്യം ഓർമ വന്നത്. ഫോൺ എടുക്കാൻ വന്നപ്പോഴാണ് പൊലീസും നാട്ടുകാരും അവിടെയെത്തുന്നതും സന്തോഷിനെ പിടികൂടുന്നതും.
ഇന്നലെ സംഭവസ്ഥലത്തു കൊണ്ടുവന്ന പൊലീസ് നായ മണംപിടിച്ച് വണ്ണാത്തിപ്പുഴയുടെ തീരം വരെ പോയിരുന്നു. വെടിവച്ച തോക്ക് എവിടെയാണ് ഉപേക്ഷിച്ചതെന്ന് ഓർമയില്ലെന്നാണു സന്തോഷ് ആദ്യം പൊലീസിനോടു പറഞ്ഞത്. രാധാകൃഷ്ണനെ വെടിവച്ച ശേഷം വീണ്ടും തോക്കിൽ ഉണ്ട നിറച്ചെന്നും വെടിയേറ്റു മരിച്ചില്ലെങ്കിൽ കൊല്ലാനാണു കത്തി കൈവശം വച്ചതെന്നും പറഞ്ഞു. വൈകിട്ട് തെളിവെടുപ്പിനായി എത്തിച്ചപ്പോൾ തോക്ക് കാണിച്ചുകൊടുക്കുകയും ചെയ്തു.രാധാകൃഷ്ണന്റെ മകന്റെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. വ്യാഴാഴ്ച വൈകിട്ട് കസ്റ്റഡിയിലെടുത്ത സന്തോഷിനെ ഇന്നലെ അറസ്റ്റ് ചെയ്തു.
രാധാകൃഷ്ണന് വിടചൊല്ലി നാട്
മാതമംഗലം∙ വെടിയേറ്റു മരിച്ച കെ.കെ.രാധാകൃഷ്ണന് നാട് വിടചൊല്ലി. കൈതപ്രം പൊതുജന വായനശാലയിൽ മൃതദേഹം പൊതുദർശനത്തിനു വച്ചപ്പോൾ ആദരാഞ്ജലിയർപ്പിക്കാൻ നൂറുകണക്കിനു പേരെത്തി. ഉച്ചകഴിഞ്ഞ് 2.45ന് ആണ് മൃതദേഹം വായനശാലയിലെത്തിച്ചത്. ബിജെപി പ്രാദേശിക നേതാവായിരുന്നു രാധാകൃഷ്ണൻ.
ബിജെപി സംസ്ഥാന സെക്രട്ടറി കെ.രഞ്ജിത്, വത്സൻ തില്ലങ്കേരി, ബിജെപി മുൻ ജില്ലാ പ്രസിഡന്റ് എൻ.ഹരിദാസ്, കടന്നപ്പള്ളി–പാണപ്പുഴ പഞ്ചായത്ത് പ്രസിഡന്റ് ടി.സുലജ, വൈസ് പ്രസിഡന്റ് കെ.മോഹനൻ, പി.പി.ദാമോദരൻ, ടി.വി.ചന്ദ്രൻ, എം.പി.ഉണ്ണിക്കൃഷ്ണൻ, കെ.ബ്രിജേഷ് കുമാർ, കെ.രാജൻ, സന്ദീപ് പാണപ്പുഴ, എൻ.കെ.സുജിത്ത് തുടങ്ങി വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളും നാട്ടുകാരും അന്തിമോപചാരമർപ്പിച്ചു.
രാധാകൃഷ്ണനെക്കുറിച്ച് പറയാൻ നല്ലതുമാത്രം
നാട്ടിൽ എല്ലാവർക്കും ഉപകാരിയായ ആൾ എന്നാണ് കൊല്ലപ്പെട്ട രാധാകൃഷ്ണനെക്കുറിച്ചു കൈതപ്രത്തുകാർക്കു പറയാനുള്ളത്. ഇരിക്കൂർ കല്യാട് സ്വദേശിയായ രാധാകൃഷ്ണൻ വിവാഹശേഷമാണ് മാതമംഗലത്തു താമസമാക്കിയത്. ഗുഡ്സ് ഓട്ടോ ഡ്രൈവറായ രാധാകൃഷ്ണൻ നാട്ടിലെ എല്ലാ കാര്യങ്ങളിലും സജീവമായി ഉണ്ടാകാറുണ്ടെന്നാണ് എല്ലാവരും പറയുന്നത്.
കൊലപാതകം നടന്ന വീട്ടിൽനിന്ന് രണ്ടു കിലോമീറ്റർ അകലെയാണ് രാധാകൃഷ്ണനും കുടുംബവും താമസിക്കുന്ന വീട്.കൊലപാതകം നടന്ന വീടിന്റെ 100 മീറ്റർ അകലെയാണ് രാധാകൃഷ്ണന്റെ ഭാര്യയുടെ അമ്മ വാടകയ്ക്കു താമസിക്കുന്നത്.
അകത്തുനിന്ന് ഒറ്റ വെടി; നെഞ്ചുപിടഞ്ഞ് മരണം
വൈകിട്ട് ഏഴിനാണ് രാധാകൃഷ്ണനും മകനും ഇവിടേക്കു വരുന്നത്. നിർമാണം നടക്കുന്ന വീട്ടിലേക്ക് ആദ്യം കയറിയത് രാധാകൃഷ്ണനാണ്. രാധാകൃഷ്ണൻ സിറ്റൗട്ടിൽ കയറിയ ഉടൻ സന്തോഷ് അകത്തുനിന്നു വെടിയുതിർത്തു. നെഞ്ചിൽ ഇടതുഭാഗത്തു വെടിയേറ്റ് രാധാകൃഷ്ണൻ വീണു. ശബ്ദം കേട്ട് മകൻ ഓടിയെത്തുമ്പോഴേക്കും രാധാകൃഷ്ണൻ ചോരയിൽ കുളിച്ചുകിടക്കുകയായിരുന്നു.
ഒരാൾ വീട്ടിൽനിന്ന് ഇറങ്ങിപ്പോകുന്നത് കണ്ടെങ്കിലും അച്ഛന് എന്താണു സംഭവിച്ചതെന്നു മകനു മനസ്സിലായില്ല.വീടിനു മുന്നിലെ മൈതാനത്തു കളിച്ചുകൊണ്ടിരുന്നവർ മകന്റെ കരച്ചിൽ കേട്ട് ഓടിയെത്തി. അപ്പോഴേക്കും മകൻ 108 ആംബുലൻസ് വിളിച്ചിരുന്നു.
തോക്ക് കണ്ടെത്തിയത് 22 മണിക്കൂറിന് ശേഷം
കെ.കെ.രാധാകൃഷ്ണനെ കൊലപ്പെടുത്താൻ ഉപയോഗിച്ചെന്നു കരുതുന്ന നാടൻ തോക്ക് കണ്ടെത്തിയത് 22 മണിക്കൂറിനു ശേഷം. തോക്ക് ഉപയോഗിക്കാൻ സന്തോഷിന് ലൈസൻസില്ലെന്ന് പരിയാരം പൊലീസ് വ്യക്തമാക്കി. കാട്ടുപന്നിയെ വെടിവയ്ക്കാൻ പഞ്ചായത്തിന്റെ അനുമതി ലഭിച്ച സംഘത്തിലുള്ള ആളാണ് സന്തോഷ്. കൈവശമുണ്ടായിരുന്ന തോക്കിൽ ഒരു ഉണ്ടകൂടിയുണ്ടെന്നും എവിടെയാണ് ഉപേക്ഷിച്ചതെന്ന് ഓർമയില്ലെന്നുമാണ് പ്രതി പൊലീസിനോടു പറഞ്ഞിരുന്നത്.
തോക്ക് കണ്ടെടുത്തപ്പോൾ സമീപത്തുനിന്ന് ഒരു തിരയും കണ്ടെത്തി. രാധാകൃഷ്ണൻ വെടിയേറ്റു മരിച്ച വീട്ടിലും പ്രതിയെ എത്തിച്ച് തെളിവെടുത്തു. റൂറൽ എസ്പി സ്ഥലം സന്ദർശിച്ചു. ഫൊറൻസിക് വിഭാഗവും ഡോഗ് സ്ക്വാഡും കൊല നടന്ന വീട്ടിലും പരിസരപ്രദേശത്തും പരിശോധന നടത്തി.
കൊലപാതകം ഇങ്ങനെ (പൊലീസ് പറയുന്നത്)