കണ്ണൂർ ∙ തദ്ദേശതിരഞ്ഞെടുപ്പിൽ പത്രിക നൽകാനുള്ള സമയം ഇന്ന് വൈകിട്ട് 3ന് അവസാനിക്കാനിരിക്കെ തർക്കംതീരാത്ത സ്ഥലങ്ങളിൽ ഒന്നിലേറെ സ്ഥാനാർഥികൾ പത്രിക നൽകിയത് യുഡിഎഫ്, എൽഡിഎഫ് മുന്നണികൾക്കു പ്രയാസമുണ്ടാക്കുന്നു. യുഡിഎഫിലാണ് വിമത സാന്നിധ്യം ഏറെയുള്ളത്.
ചിലയിടങ്ങളിൽ എൽഡിഎഫിനും പ്രതിസന്ധിയുണ്ട്. പത്രികാ സമർപ്പണത്തിനുള്ള സമയം അവസാനിച്ചാൽ വിമതരെ അനുനയിപ്പിച്ചു പിൻവലിപ്പിക്കാമെന്ന ചിന്തയിലാണു നേതൃത്വങ്ങൾ.
യുഡിഎഫ്
∙ ചെറുപുഴ പഞ്ചായത്തിലെ രണ്ടു വാർഡുകളിൽ കോൺഗ്രസിന്റെ ഔദ്യോഗിക സ്ഥാനാർഥികൾക്കെതിരെ വിമതസ്ഥാനാർഥികൾ പത്രിക നൽകി.
∙ മയ്യിൽ പഞ്ചായത്ത് വാർഡ് ഒന്ന് ഒറപ്പടിയിൽ കോൺഗ്രസ് തീരുമാനിച്ച സ്ഥാനാർഥിക്കെതിരെ കോൺഗ്രസിലെ മറ്റൊരു പ്രവർത്തകൻ മത്സരിക്കാനൊരുങ്ങിയത് പ്രതിസന്ധിയായി. അനുനയനീക്കം നടന്നുവരികയാണ്.
∙ ന്യൂമാഹി പഞ്ചായത്തിൽ യുഡിഎഫിൽ വാർഡ് 12 അഴീക്കലിൽ വിമതൻ പത്രിക നൽകി.
സ്ഥാനാർഥിത്വത്തിനു പരിഗണിക്കാത്തതിൽ പ്രതിഷേധിച്ചാണിത്. ഒന്നാം വാർഡ് കുറിച്ചിയിൽ മുസ്ലിംലീഗ് ഔദ്യോഗിക സ്ഥാനാർഥിക്കെതിരെ അതേ പാർട്ടിയിൽപെട്ടയാൾ പത്രിക നൽകി.
∙ കുറുമാത്തൂർ പഞ്ചായത്തിലെ പൊക്കുണ്ട് വാർഡിൽ കോൺഗ്രസ് സ്ഥാനാർഥിക്കെതിരെ അതേ പാർട്ടിയിലെ പ്രവർത്തക പത്രിക നൽകി.
ഇവർക്കൊപ്പം ലീഗ് നേതാക്കളുമുണ്ടായിരുന്നു. ∙ പേരാവൂർ പഞ്ചായത്തിലെ തെറ്റുവഴി വാർഡിൽ കോൺഗ്രസ് വാർഡ് കമ്മിറ്റി ശുപാർശ ചെയ്ത സ്ഥാനാർഥിയും ബ്ലോക്ക്, ഡിസിസി നേതാക്കൾ നിശ്ചയിച്ച സ്ഥാനാർഥിയും പത്രിക നൽകിയിട്ടുണ്ട്. ∙ കൂത്തുപറമ്പ് ബ്ലോക്ക് പഞ്ചായത്ത് കടവത്തൂർ ഡിവിഷനിൽ (വനിത) ഒന്നിലേറെ പേർ കോൺഗ്രസ് സ്ഥാനാർഥികളായി രംഗത്തെത്തി. ഡിസിസി കഴിഞ്ഞദിവസം പട്ടിക പ്രഖ്യാപിച്ചപ്പോൾ കടവത്തൂർ ഡിവിഷൻ ഒഴിച്ചിടുകയായിരുന്നു.
തീരുമാനം ഡിസിസിക്കു വിട്ടു. ∙ അയ്യൻകുന്ന് പഞ്ചായത്ത് നാലാം വാർഡിലും കോൺഗ്രസ് വിമതശല്യം നേരിടുന്നുണ്ട്.
എൽഡിഎഫ്
∙ പയ്യന്നൂർ നഗരസഭയിലെ 36ാം വാർഡിൽ എൽഡിഎഫ് സ്ഥാനാർഥിക്കെതിരെ സിപിഎം കാര നോർത്ത് ബ്രാഞ്ച് സെക്രട്ടറി സി.വൈശാഖ് പത്രിക നൽകി.
സ്ഥാനം രാജിവച്ചാണ് പത്രിക നൽകിയതെന്നാണു വിശദീകരണം. ഒരു ബ്രാഞ്ച് സെക്രട്ടറി ഉൾപ്പെടെ ഇരുപത്തഞ്ചോളം പ്രവർത്തകരുടെ അകമ്പടിയോടെയാണ് പത്രിക നൽകാൻ പോയത്.
∙ കണ്ണൂർ കോർപറേഷൻ താളിക്കാവ് വാർഡിലും സിപിഎമ്മിന് വിമത ഭീഷണിയുണ്ട്.
∙ ചപ്പാരപ്പടവ് പഞ്ചായത്തിലെ പതിനഞ്ചാം വാർഡ് രാമപുരത്ത് എൽഡിഎഫ് സ്ഥാനാർഥിക്കെതിരെ മുൻ സിപിഎം ലോക്കൽ കമ്മിറ്റി അംഗം പത്രിക നൽകുമെന്നു പ്രഖ്യാപിച്ചു.
∙ കുഞ്ഞിമംഗലം പഞ്ചായത്ത് 11-ാം വാർഡിൽ എൽഡിഎഫിലെ സിപിഐ സ്ഥാനാർഥിക്കെതിരെ വിമതസ്ഥാനാർഥി പത്രിക നൽകി.
ഈ സ്ഥാനാർഥിക്ക് സമ്മതമാണെങ്കിൽ പിന്തുണയ്ക്കാനുള്ള തീരുമാനത്തിലാണ് യുഡിഎഫ്. ഇയാളെ പുറത്താക്കിയതായി സിപിഐ മണ്ഡലം കമ്മിറ്റി അറിയിച്ചു.
∙ തങ്ങളുടെ സ്വാധീനമേഖലയിൽ ആവശ്യപ്പെട്ട സീറ്റുകൾ കിട്ടിയില്ലെന്ന് ആവലാതി കേരള കോൺഗ്രസ് എമ്മിനുണ്ട്.
കഴിഞ്ഞതവണ വിജയിച്ച ചില പഞ്ചായത്തുകളിലും സീറ്റ് കിട്ടിയിട്ടില്ലെന്ന ആക്ഷേപം നേതാക്കൾക്കുണ്ട്.
പിന്തുണയ്ക്കാൻ ഒരാളെങ്കിലും…
∙ ആന്തൂർ നഗരസഭയിലെ മൂന്ന് വാർഡുകളിൽ യുഡിഎഫിന് പത്രിക നൽകാൻ സാധിച്ചിട്ടില്ല.
ഇവിടെ മത്സരിക്കാൻ സ്ഥാനാർഥികളുണ്ടെങ്കിലും വാർഡിൽ നിന്ന് പിന്തുണയ്ക്കാൻ ആളെ കിട്ടാത്തതാണു പ്രശ്നം. ഇതിൽ ഒരു വാർഡിൽ ബിജെപി മത്സരിക്കുന്നുണ്ട്.
സി.വൈശാഖിനെ പുറത്താക്കി
കണ്ണൂർ ∙ പയ്യന്നൂർ നഗരസഭയിലെ കാര വാർഡിൽ എൽഡിഎഫ് സ്ഥാനാർഥിക്കെതിരെ മത്സരിക്കുന്ന സിപിഎം കാര നോർത്ത് ബ്രാഞ്ച് സെക്രട്ടറി സി.വൈശാഖിനെ സംഘടനാവിരുദ്ധ പ്രവർത്തനത്തിന്റെ പേരിൽ പാർട്ടിയിൽനിന്നു പുറത്താക്കിയതായി സിപിഎം ജില്ലാ കമ്മിറ്റി അറിയിച്ചു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

