ആലക്കോട് ∙ മലയോര ഹൈവേയിലെ താവുകുന്നിൽ നിയന്ത്രണംവിട്ട കുഴക്കിണർ നിർമാണ വാഹനം റോഡരികിലെ താഴ്ചയിലേക്ക് മറിഞ്ഞ് ഒരാൾ മരിക്കുകയും അഞ്ചുപേർക്ക് പരുക്കേൽക്കുകയും ചെയ്ത സംഭവം നാട്ടുകാർക്ക് നൊമ്പരക്കാഴ്ചയായി.
വാഹനം വലിയ മരത്തിൽ തട്ടി നിന്നത് വൻ ശബ്ദത്തോടെയായിരുന്നു. ശബ്ദം കേട്ട് അവിടെ ആദ്യം ഓടിയെത്തിയവർക്ക് ഒന്നും ചെയ്യാൻ കഴിഞ്ഞിരുന്നില്ല.
മരത്തിലിടിച്ച് ഞെരിഞ്ഞമർന്ന അവസ്ഥയിലായിരുന്നു വാഹനം. വാഹനത്തിൽ ഉണ്ടായിരുന്ന കുറച്ചുപേർ തെറിച്ചുവീണു.
ബാക്കി എത്രപേർ ഉണ്ടെന്നു പോലും നാട്ടുകാർക്ക് അറിയാൻ കഴിഞ്ഞിരുന്നില്ല.
അവർ കുടിയാൻമല പൊലീസിൽ വിവരമറിയിച്ചു. പൊലീസ് എത്തിയതോടെ നാട്ടുകാരും പൊലീസും ചേർന്ന് രക്ഷാപ്രവർത്തനം തുടങ്ങി.
എന്നാൽ ഞെരിഞ്ഞമർന്ന വാഹനത്തിൽ കുരുങ്ങിക്കിടന്ന ഒരാളെ പുറത്തെടുക്കാൻ സാധിച്ചില്ല. വിവരമറിഞ്ഞ് തളിപ്പറമ്പ് ഫയർഫോഴ്സും സ്ഥലത്തെത്തി.
തുടർന്ന് ക്രെയിൻ കൊണ്ടുവന്നാണ് കുടുങ്ങിക്കിടന്നയാളെ പുറത്തെടുത്തത്. ഡ്രൈവർ അടക്കം ഏഴു പേരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്.
അതിൽ ഒരാൾ മാത്രമാണ് പരുക്കേൽക്കാതെ രക്ഷപ്പെട്ടത്.
പരുക്കേറ്റവരെ കഴിയുന്നത്ര വേഗത്തിൽ ആശുപത്രിയിലെത്തിച്ചു.അപകടത്തിൽ മരിച്ച ഛത്തീസ്ഗഡ് സ്വദേശി നന്ദ്ലാലിന്റെ മൃതദേഹം കണ്ണൂർ ഗവ.മെഡിക്കൽ കോളജിലേക്ക് മാറ്റി. അതേസമയം താവുകുന്നിൽ അപകടങ്ങൾ പെരുകുകയാണ്.
മലയോര ഹൈവേ നിർമിച്ചതിനുശേഷം ഉണ്ടായ ഒട്ടേറെ അപകടങ്ങളിൽ മൂന്നുപേർ മരിക്കുകയും നൂറിലേറെ പേർക്ക് പരുക്കേൽക്കുകയും ചെയ്തു. താവുകുന്ന് തോടിനും കാര്യാട്ടിനും ഇടയിൽ തുടർച്ചയായി എട്ടു കൊടുംവളവുകളുണ്ട്.
അപകടങ്ങളിൽപെട്ടതിലേറെയും വലിയ ലോറികളാണ്. റോഡ് നിർമാണത്തിലെ അശാസ്ത്രീയതയാണ് അപകടങ്ങൾക്ക് കാരണമെന്ന് നാട്ടുകാർ പറഞ്ഞു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

