ഓണക്കാലത്തെ തിരക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി പൊലീസും കോർപറേഷനും സംയുക്തമായി നടപ്പാക്കാൻ നിശ്ചയിച്ച പുതിയ ഗതാഗത പരിഷ്കരണം ആദ്യദിനം തന്നെ പൂർണ പരാജയമായി. ഇന്നലെ വൈകിട്ടോടെ പ്രധാന റോഡുകളെല്ലാം കടുത്ത വാഹനക്കുരുക്കിൽപ്പെട്ടു.
ഓണം സീസൺ അവസാനിക്കുന്നത് വരെ നഗരത്തിൽ കർശന ഗതാഗത ക്രമീകരണം ഏർപ്പെടുത്തുമെന്നായിരുന്നു കോർപറേഷൻ ട്രാഫിക് റഗുലേറ്ററി കമ്മിറ്റിയുടെ പ്രഖ്യാപനം. എന്നാൽ ആദ്യദിനത്തിൽ തന്നെ ഇത് പാളുകയായിരുന്നു.
ഇന്നലെ വൈകിട്ട് 3.45 മുതൽ അരമണിക്കൂറിലേറെ നേരം ബാങ്ക് റോഡിൽ ഗതാഗതം പൂർണ്ണമായി സ്തംഭിച്ചു. ആംബുലൻസുകൾ ഉൾപ്പെടെയുള്ള അത്യാവശ്യ വാഹനങ്ങളും ഈ ഗതാഗതക്കുരുക്കിൽ അകപ്പെട്ടു.
സാധാരണയായി വലിയ തടസ്സങ്ങളില്ലാതെ വാഹനങ്ങൾ നീങ്ങിയിരുന്ന പുതിയ ബസ് സ്റ്റാൻഡ് – ബാങ്ക് റോഡ് ജംക്ഷനിൽ ഉൾപ്പെടെ സ്ഥിതി ഗുരുതരമായിട്ടും പൊലീസിന്റെ സാന്നിധ്യം ഉണ്ടായിരുന്നില്ല. ഏറെ വൈകി പൊലീസ് എത്തിയപ്പോഴേക്കും നാട്ടുകാർ ഇടപെട്ട് ഗതാഗതം ഭാഗികമായി ശരിയാക്കിയിരുന്നു.
എസ്ബിഐ ജംക്ഷൻ മുതൽ ബാങ്ക് റോഡിലേക്കും, എസ്ബിഐയിൽ നിന്ന് താവക്കര ബസ് സ്റ്റാൻഡിലേക്കും പാമ്പൻ മാധവൻ റോഡിലും, പ്ലാസ ജംക്ഷൻ മുതൽ റെയിൽവേ മുത്തപ്പൻ ക്ഷേത്രം വഴി താവക്കര ബസ് സ്റ്റാൻഡ് എൻട്രി വരെയും വൺവേ സംവിധാനം ഏർപ്പെടുത്തിയെന്നാണ് അധികൃതർ അവകാശപ്പെട്ടത്. എന്നാൽ ഇതിന് ആനുപാതികമായ മുന്നറിയിപ്പ് ബോർഡുകളോ കൃത്യമായ നിയന്ത്രണങ്ങളോ എവിടെയും ദൃശ്യമായിരുന്നില്ല.
പുതിയ ബസ് സ്റ്റാൻഡിൽ നിന്ന് റെയിൽവേ സ്റ്റേഷൻ വഴിയുള്ള വാഹന പ്രവേശനം തടയുമെന്ന തീരുമാനവും നടപ്പായില്ല. എസ്ബിഐയിൽ നിന്ന് പുതിയ ബസ് സ്റ്റാൻഡിലേക്കും പാമ്പൻ മാധവൻ റോഡിലും വൺ സൈഡ് പാർക്കിങ് നടപ്പിലാക്കുമെന്ന പ്രഖ്യാപനവും പാഴായി.
പാമ്പൻ മാധവൻ റോഡിൽ ജൂബിലി ഹാളിന് മുന്നിൽ തുടങ്ങി മുന്നോട്ടുള്ള വീതികൂടിയ ഭാഗങ്ങളിൽ ബസുകളും ലോറികളും പാർക്ക് ചെയ്യുന്നത് പൂർണ്ണമായി ഒഴിവാക്കുമെന്നായിരുന്നു തീരുമാനം. എന്നാൽ ഇന്നലെയും ഇവിടെ പഴയ സ്ഥിതി തന്നെയാണ് തുടർന്നത്.
ജെസിബികളും ബസുകളും നിരനിരയായി പാർക്ക് ചെയ്തിരുന്നതോടൊപ്പം, വാഹനഗതാഗതം ദുഷ്കരമാക്കും വിധം മെറ്റലും ജെല്ലിയും റോഡരികിൽ കൂട്ടിയിട്ടിരിക്കുകയായിരുന്നു. അതേസമയം, ജവാഹർ സ്റ്റേഡിയത്തിന് സമീപമുള്ള കണ്ണൂർ കോർപറേഷൻ മൾട്ടിലെവൽ കാർ പാർക്കിങ് കേന്ദ്രത്തിൽ ഈ മാസം 31 വരെ സൗജന്യ പാർക്കിങ് ഏർപ്പെടുത്തിയിട്ടും വെറും 6 കാറുകൾ മാത്രമാണ് അവിടെയുണ്ടായിരുന്നത്.
ഭൂരിഭാഗം സ്വകാര്യ കാറുകളും റോഡരികിൽ തന്നെ നിർത്തിയിട്ടിരിക്കുകയാണ്. ബാങ്ക് റോഡിലെ മൾട്ടി പാർക്കിങ് കേന്ദ്രത്തിന്റെ നിർമ്മാണം പണി നിലച്ച നിലയിൽ അനാഥമായി കിടക്കുകയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

